ഇന്‍സൈറ്റിന്റെ ചൊവ്വയിലേക്കുള്ള ലാന്‍ഡിങ് ആണ് ഏറ്റവും കരുതലോടെ നടക്കേണ്ട ഘട്ടം.
നിരവധി മാസങ്ങളുടെ യാത്രയ്ക്കുശേഷമാണ് ഇന്‍സൈറ്റ് ചൊവ്വയിലെത്തുന്നത്. 2018 മേയ് 5നാണ് അറ്റ്ലസ് 5 റോക്കറ്റിലേറി ഇന്‍സൈറ്റും മാര്‍ക്കോയും ഒക്കെ ബഹിരാകാശത്തെത്തിയത്. അവിടെനിന്നും വലിയൊരു മാതൃപേടകത്തിന് ഉള്ളിലിരുന്നാണ് ഇന്‍സൈറ്റ് ചൊവ്വയിലേക്കു യാത്ര നടത്തുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തിനടുത്തെത്തുമ്പോള്‍ മണിക്കൂറില്‍ ഏതാണ്ട് 20000കിലോമീറ്റര്‍ ആകും പേടകത്തിന്റെ വേഗത. ഈ വേഗതയില്‍ ചൊവ്വയ്ക്കു മുകളിലൂടെ സഞ്ചരിക്കുന്ന മാതൃവാഹനത്തില്‍നിന്നാണ് ഇന്‍സൈറ്റിനെ ഉള്‍ക്കൊള്ളുന്ന പേടകം ചൊവ്വയിലേക്കുള്ള ഇറക്കം ആരംഭിക്കുന്നത്. ഉയര്‍ന്ന താപത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ള താപകവചങ്ങള്‍ക്കുള്ളിലാണ് ഇന്‍സൈറ്റ്. ഭൂമിയെപ്പോലെ അത്ര സാന്ദ്രതയേറിയ അന്തരീക്ഷം ഇല്ലെങ്കില്‍പ്പോലും ചൊവ്വയ്ക്കുമുണ്ട് നല്ലൊരു അന്തരീക്ഷം. ഈ അന്തരീക്ഷത്തിലൂടെ മണിക്കൂറില്‍ ഇരുപതിനായിരം കിലോമീറ്റര്‍ വേഗതയില്‍ പേടകം ചൊവ്വയിലേക്കു കുതിക്കുമ്പോള്‍ ഘര്‍ഷണം മൂലം താപനില ഏതാണ്ട് 1600ഡിഗ്രി സെല്‍ഷ്യസ് വരെയൊക്കെ ഉയരാം. അതിതീവ്രമായ ചൂടാണിത്. ആ ചൂടിനെയും മര്‍ദ്ദത്തെയും ഒക്കെ പ്രതിരോധിക്കാന്‍ കഴിവുള്ള താപകവചമാണ് അപ്പോള്‍ ഇന്‍സൈറ്റിനെ ചൂടില്‍നിന്നും സംരക്ഷിക്കുക. ചൊവ്വയിലെ അന്തരീക്ഷവുമായുള്ള ഘര്‍ഷണം മൂലം അല്പസമയം കഴിയുമ്പോഴേക്കും വേഗത മണിക്കൂറില്‍ 1400കിലോമീറ്റര്‍ ആയി കുറയും. ഇതോടെ പേടകത്തിലെ പാരച്യൂട്ട് നിവരും. അതോടെ വേഗം വളരെ പെട്ടെന്ന് കുറയും. ബഹിരാകാശ ആവശ്യങ്ങള്‍ക്കായി നാസ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും മികച്ച പാരച്യൂട്ട് ആണ് ഇന്‍സൈറ്റിലുള്ളത്. വളരെയധികം ഉയര്‍ന്ന ബലത്തെയും മര്‍ദ്ദത്തെയും അതിജീവിക്കാന്‍ ശേഷിയുള്ള മെറ്റീരിയല്‍ ഉപയോഗിച്ചാണ് പാരച്യൂട്ടിന്റെ നിര്‍മ്മാണം.
താപകവചം ഊരിക്കളയലാണ് അടുത്ത പടി. അതോടെ ഇന്‍സൈറ്റ് എന്ന ലാന്‍ഡറിനെ കാണാനാകും. ലാന്‍ഡറിന്റെ കാലുകളും മറ്റും നിവരും. പിന്നീട് പാരച്യൂട്ടില്‍നിന്നും വേര്‍പെട്ട് ലാന്‍ഡര്‍ മാത്രം താഴേക്കു പതിക്കും. ഉപരിതലത്തിന് ഏതാനും മീറ്ററുകള്‍ അകലെവച്ച് ലാന്‍ഡറിന്റെ റിട്രോ റോക്കറ്റുകള്‍ (ഇറങ്ങുന്നതിന് എതിര്‍ദിശയിലേക്ക് ബലം കൊടുക്കാന്‍ വേണ്ടിയുള്ള റോക്കറ്റ് ) പ്രവര്‍ത്തിച്ചുതുടങ്ങും. അതോടെ വേഗം മണിക്കൂറില്‍ എട്ടു കിലോമീറ്ററില്‍ താഴെയായി ചുരുങ്ങും.
ഇതിനിടയില്‍ ലാന്‍ഡരിന്റെ അടിയിലുള്ള ക്യാമറ താഴെയുള്ള ചൊവ്വോപരിതലത്തിന്റെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ടാവും. ഇത് ലാന്‍ഡറിലെ കമ്പ്യൂട്ടര്‍ പരിശോധിക്കുകയും ഇറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം കണ്ടെത്തി അവിടെ റിട്രോ റോക്കറ്റുകളുടെ സഹായത്തോടെ ലാന്‍ഡ് ചെയ്യും. എല്യൂസിയം പ്ലാനീഷ്യ എന്ന ഈ പ്രദേശത്തെ ഏറ്റവും സമതലം നോക്കിവേണം ലാന്‍ഡ് ചെയ്യാന്‍. മാത്രമല്ല, നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടവും ആയിരിക്കണം. ഏതെങ്കിലും മലയുടെയോ പാറയുടെയോ മറ്റും തടസ്സം മൂലം സൂര്യപ്രകാശം കിട്ടാതാകരുത്.
ഈ തീരുമാനമെല്ലാം എടുക്കുന്നത് മേല്‍പ്പറഞ്ഞ ഫോട്ടോകള്‍ പരിശോധിച്ചാണ്.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതു മുതല്‍ ലാന്‍ഡ് ചെയ്യുന്ന വരെയുള്ള കാര്യങ്ങള്‍ നടക്കുന്നത് വെറും ആറ് - ഏഴ് മിനിറ്റുകള്‍ക്കുള്ളിലാണ്. അതും ആരുടെയും സഹായമില്ലാതെ പൂര്‍ണ്ണമായും സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയും വേണം. വളരെ വളരെ അകലെ ആയതിനാല്‍ ഭൂമിയില്‍നിന്ന് ഒരാള്‍ക്കും ഈ ലാന്‍ഡിങിനെ നിയന്ത്രിക്കാന്‍ കഴിയില്ല.
ലാന്‍ഡ് ചെയ്തശേഷം കുറെ നേരം ലാന്‍ഡര്‍ അതേപോലെ തന്നെ തുടരും. ലാന്‍ഡ് ചെയ്യുമ്പോള്‍ റിട്രോ റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതു മൂലം നിലത്തുള്ള പൊടിയെല്ലാം ചുറ്റിനും പൊങ്ങിപ്പറക്കുകയായിരിക്കും. പൊടിയെല്ലാം അടങ്ങിയശേഷം ആദ്യമായി ചെയ്യുന്നത് സോളാര്‍പാനലുകള്‍ നിവര്‍ത്തുക എന്നതാണ്. കാരണം, വൈദ്യുതി ലഭിക്കുക എന്നതാണ് പരമപ്രധാനം.
റോബോട്ടിക് ആം എന്ന യന്ത്രക്കൈയാണ് ഇനി പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ആദ്യത്തെ ഒരാഴ്ചക്കാലം മുഴുവന്‍ ഫോട്ടോഗ്രാഫി മാത്രമാണ് ഇന്‍സൈറ്റിന്റെ ജോലി. ഇറങ്ങിയ ഇടത്ത് നിന്നുകൊണ്ട് അതിനു ചുറ്റുമുള്ള പരമാവധി ഫോട്ടോകള്‍ എടുക്കും. യന്ത്രക്കൈയില്‍ പിടിപ്പിച്ചിരിക്കുന്ന ക്യാമറയ്ക്കാണ് ഈ ജോലി. എടുക്കുന്ന ഫോട്ടോകള്‍ മുഴുവന്‍ ചൊവ്വയ്ക്കു ചുറ്റും പരിക്രമണം ചെയ്യുന്ന MRO (Mars Reconnaissance Orbiter) ഉപഗ്രഹം വഴി ഭൂമിയിലേക്കയ്ക്കും.
ഭൂമിയില്‍ കിട്ടുന്ന ഈ ഫോട്ടോകള്‍ വച്ച് പിടിപ്പതു പണിയുണ്ട് ശാത്രജ്ഞര്‍ക്ക്. ഇവിടെ ഭൂമിയിലെ ലാബില്‍ ഇന്‍സൈറ്റിന്റെ മറ്റൊരു പതിപ്പ് പൂര്‍ണ്ണസജ്ജമായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. യഥാര്‍ത്ഥ ഇന്‍സൈറ്റിലെ എല്ലാ ഉപകരണങ്ങളും ഈ പകര്‍പ്പിലും ഉണ്ടാവും. ചൊവ്വയുടെ ഉപരിതലം കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്ന ലാബിലാണ് ഈ ഡ്യൂപ്ലിക്കേറ്റ് ഇന്‍സൈറ്റിനെ വച്ചിരിക്കുന്നത്. ചൊവ്വയില്‍നിന്നും കിട്ടുന്ന ഫോട്ടോകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ഇന്‍സൈറ്റിനു ചുറ്റുമുള്ള ചൊവ്വോപരിതലം അതേപോലെ തന്നെ ഈ ലാബില്‍ ഉണ്ടാക്കിയെടുക്കലാവും കുറച്ചുദിവസത്തേക്ക് ശാസ്ത്രജ്ഞരുടെ പണി. കല്ലും മണ്ണും പാറയും ഒക്കെ അതേപോലെ തന്നെ പുനസൃഷ്ടിക്കും. ശരിക്കും ഒരു കലാസൃഷ്ടിതന്നെ! അതോടെ ചൊവ്വയിലിറങ്ങിയ ഇന്‍സൈറ്റിന്റെ ചുറ്റുമുള്ള അതേ അവസ്ഥ ഭൂമിയിലെ ഇന്‍സൈറ്റിനു ചുറ്റുിലും ഉണ്ടാവും.
ചൊവ്വയുടെ കമ്പനം, ചൊവ്വാകുലുക്കം അറിയാനുള്ള ഉപകരണം, ചൊവ്വോപരിതലം കുഴിച്ച് ചൂടൊഴുക്ക് അറിയാനുള്ള ഉപകരണം എന്നിവ എവിടെ സ്ഥാപിക്കണം എന്നത് ഭൂമിയിലെ ഈ ലാബിലിരുന്നാണ് ശാസ്ത്രജ്ഞര്‍ നിശ്ചയിക്കുക. ചൊവ്വോപരിതലം അതേപടി ഭൂമിയിലെ ലാബില്‍ പകര്‍ത്തിവച്ചിരിക്കുന്നതിനാല്‍ കാര്യങ്ങള്‍ കുറെ എളുപ്പമാവും എന്നു മാത്രം.
സീസ്മോഗ്രാഫ് അടക്കമുള്ള ഉപകരണങ്ങള്‍ ആദ്യം 'ഭൂമിയിലെ ചൊവ്വയില്‍' വച്ചുനോക്കി പരീക്ഷിക്കും. അതിനുശേഷം മാത്രമേ യഥാര്‍ത്ഥ ഇന്‍സൈറ്റിന് അതു ചെയ്യാനുള്ള കമാന്റ് നല്‍കുകയുള്ളൂ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുശേഷം മാത്രമാവും ഇന്‍സൈറ്റിലെ ആദ്യ ഉപകരണത്തെ ചൊവ്വയുടെ ഉപരിതലത്തിലേക്ക് ഇറക്കി വയ്ക്കുന്നത്. സീസ്‍മോഗ്രാഫ് പ്രവര്‍ത്തനം തുടങ്ങി കുറെ ആഴ്ചകള്‍ക്കുശേഷം മാത്രമേ ചൊവ്വ കുഴിക്കാനുള്ള ഉപകരണത്തെ ചൊവ്വയിലേക്ക് ഇറക്കിവയ്ക്കുകയുള്ളൂ. പിന്നീട് ഏതാണ്ട് രണ്ടു വര്‍ഷക്കാലത്തോളം ശാസ്ത്രപരീക്ഷണങ്ങള്‍ക്കും അപഗ്രഥനങ്ങള്‍ക്കുമാകും നാസ വേദിയാവുക.

Comments
Post a Comment