മതമില്ലാത്ത ജീവന്‍റെ ജീവനെടുത്ത ജീവനില്ലാത്ത മതങ്ങള്‍

മതമില്ലാത്ത ജീവന്‍ ഓര്‍മ്മയായി.
കേരളത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാവുകയും കേരളജനതയുടെ ചിന്തകള്‍ വിദ്യാഭ്യാസത്തിലേക്കും മതനിരപേക്ഷതയിലേക്കും എല്ലാം തിരിച്ചുവിട്ട ഏഴാം ക്ളാസിലെ സാമൂഹ്യപാഠം "മതമില്ലാത്ത ജീവന്‍" ഓര്‍മ്മയായി മാറി. കേരളജനതമുഴുവന്‍ ഒത്തു ചേര്‍ന്നു സ്വീകരിച്ച പാഠത്തെ ജീവനില്ലാത്ത മതങ്ങളുടെ പ്രേരണക്ക് വഴങ്ങി കേരളസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി തിരുത്തിയെഴുതി. ഓരോ കേരളീയരുടേയും സുഹൃത്തുക്കളായി മാറിയ ജീവനും അന്‍വര്‍ റഷീദും ലക്ഷ്മീദേവിയും ഇനി ചരിത്രത്തിന്‍റെ ഭാഗം.


കപടമായിപ്പോയി ഈ തിരുത്തിയെഴുത്ത്.
  • 'വിശ്വാസ സ്വാതന്ത്ര്യം' എന്നാക്കി തലക്കെട്ട് മാറ്റുന്നു.
  • അന്‍വര്‍ റഷീദ്, ലക്ഷ്മിദേവി, ജീവന്‍ എന്നീ പേരുകള്‍ ഇനി ഉണ്ടാവില്ല. അച്ഛനും അമ്മയും കുട്ടിയും മാത്രം.!!
  • കുട്ടി വലുതാകുമ്പോള്‍ മതമില്ലാതെയും ജീവിക്കാം എന്ന ഭാഗം ഒഴിവാക്കുമത്രേ.
  • ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണെന്ന് ഭരണഘടനയില്‍ അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന ജവഹര്‍ലാല്‍നെഹ്റുവിന്റെ വാക്യം പുതിയതായി ഉള്‍പ്പെടുത്തും പഴയ വാക്യങ്ങള്‍ അപ്പോള്‍ ഒഴിവാക്കും.
  • പുതിയതായി ചേര്‍ക്കുന്നത് ശ്രീനാരായണ ഗുരുവിന്‍റെ വാക്യമാണ്.
  • മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂടി പുസ്തകത്തില്‍ ഉള്‍പ്പെടുത്തും

ഒരു വ്യക്തിയും മതമില്ലാതെ വളരാന്‍ പാടില്ല എന്നതായിരിക്കും അപ്പോള്‍ പുതിയ പാഠത്തിന്‍റെ സന്ദേശം?
ഒന്നു നോക്കൂ, 'മതമില്ലെന്ന ചേര്‍ത്തോളൂ' എന്ന് പറയാന്‍ പാടില്ല. അതൊഴിവാക്കി.
ശ്രീനാരായണ ഗുരുവിന്‍റെ വാക്യങ്ങള്‍, അതും മതമില്ലാതെ ജീവിക്കാം എന്ന് പറയുന്നില്ല.
മനുഷ്യന് ഏതുമതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്യ്രമുണ്ടെന്ന് വ്യക്തമാക്കുന്ന ഭരണഘടനയുടെ ഭാഗം കൂട്ടിച്ചേര്‍ക്കുന്നു.
പത്രവാര്‍ത്തയില്‍ പറഞ്ഞ പോലെ ആണെങ്കില്‍ അവിടെയും മതമില്ലാതെ ജീവിക്കാം എന്ന ഭാഗം പറയുന്നില്ല.
ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനും ഏതു മതത്തില്‍ വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ടെന്നാണ് ശരിക്കും കൂട്ടിച്ചേര്‍ക്കേണ്ടത്. അതങ്ങിനെ ആവുമോ എന്നത് കണ്ടറിയണം.
ഒരു മതത്തിലും വിശ്വസിക്കാതെ ജീവിക്കുന്ന കോടിക്കണക്കിനാളുകള്‍ ഭാരതത്തിലുണ്ട്. ഇവരെയൊന്നും എന്തുകൊണ്ട് പരിചയപ്പെടുത്തുന്നില്ല?
സഹോദന്‍ അയ്യപ്പന്‍റെ വാക്കുകള്‍ എന്തു കൊണ്ട് ഉള്‍പ്പെടുത്തുന്നില്ല?
മതമില്ലാത്ത ജീവന്‍ എന്ന തലക്കെട്ടിന് എന്താണ് കുഴപ്പം? ജീവന് മതമുണ്ടോ?
ജനനശേഷം രക്ഷിതാക്കള്‍ ആരോപിക്കുന്നതല്ലേ മതം?
കൃസ്ത്യാനിക്കും ഹിന്ദുവിനും ഇസ്ലാമിനും പാഴ്സിക്കും സിക്കിനും മറ്റുമേ മതമുള്ളൂ. അല്ലാതെ ഒരിക്കലും മനുഷ്യനോ ജീവനോ മതമില്ല. അതു തിരിച്ചറിയാന്‍ കാപട്യക്കാര്‍ ഒരിക്കലും ശ്രമിക്കില്ല എന്നറിയാം.
ഒരു കാര്യം കൂടി ബോധ്യമായി മതമില്ലാതെ ജീവിക്കാം എന്ന് കുട്ടികള്‍ അറിഞ്ഞാല്‍ തകര്‍ന്നു തരിപ്പണമാകുന്നതാണ് എല്ലാ മതങ്ങളും.

സര്‍ക്കാരും സമിതിയും ചെയ്തത് തികച്ചും കാപട്യമാണ്.
ഇത് മതനിരപേക്ഷതയല്ല മതപ്രീണനമാണ്.
കിഴക്കുനോക്കിയന്ത്രം ഈ ദിനത്തെ മതകാപട്യദിനമായി പ്രഖ്യാപിക്കുന്നു.