ലിംഗസമത്വം
അവൻ തീ കണ്ടുപിടിക്കുമ്പോൾ അവൾ എന്തെടുക്കുകയായിരുന്നു?
സ്കൂളിൽ പ്രവേശനം ഒക്കെ കഴിഞ്ഞ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നു. ആദ്യ ദിവസം തന്നെ പാഠഭാഗങ്ങളിലേക്ക് കടക്കുന്നില്ല. അതിനാൽ ഒരു ചെറിയ പരീക്ഷണം നടത്താം എന്നു തീരുമാനിച്ചു. എല്ലാവരോടും ഒരു കഷണം കടലാസ് എടുക്കാൻ പറഞ്ഞു. ഞാൻ വർണ്ണിക്കുന്ന ആൾക്ക് നിങ്ങൾ ഒരു പേരു നൽകണം. അത് കടലാസിൽ എഴുതി വച്ചാൽ മതി.
“അറുപതു വയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ” പറഞ്ഞത് ഇത്ര മാത്രം.
എല്ലാ കുട്ടികളും വളരെ ആവേശത്തോടെ തന്നെ പേരെഴുതി. എഴുതിയ പേര് ഓരോരുത്തരായി വായിക്കാൻ പറഞ്ഞു. എല്ലാവരും പേരുകൾ വായിക്കാൻ തുടങ്ങി. പത്രോസ്, ദിവാകരൻ, ഏലിയാസ്… അതങ്ങനെ നീണ്ടു പോയി. ക്ലാസിൽ സന്നിഹിതരായ 47 പേരിൽ 46 പേരും എഴുതിയത് ഒരു പുരുഷന്റെ പേര്. ഒരു കുട്ടി മാത്രം ഏലിയാമ്മ എന്നൊരു പേരെഴുതി. മനുഷ്യൻ എന്നാൽ പുരുഷനാണ് എന്ന ധാരണ എവിടെ നിന്നാണ് കുട്ടികൾക്ക് ലഭിച്ചത്?
ഇത് ഒറ്റപ്പെട്ട സംഭവം അല്ല. കുടുംബശ്രീ പ്രവർത്തകർക്ക് ക്ലാസെടുക്കാൻ പോകുന്ന ഒരു വ്യക്തിയും ഇതേ പോലെ ഒരു പരീക്ഷണം നടത്തി. ക്ലാസുകൾക്കിടയിൽ കിട്ടിയ ഇടവേളയിൽ ഒരു മനുഷ്യന്റെ ചിത്രം വരയ്ക്കാൻ പറഞ്ഞു. എല്ലാവരും വരച്ചത് പുരുഷന്റെ ചിത്രം. മനുഷ്യൻ എന്ന വാക്കിന് ഉപയോഗത്തിൽ അർത്ഥം പുരുഷൻ എന്നു മാത്രമായി മാറിയിരിക്കുന്നു.
ഒരു കൗതുകം മൂലം അറുപതു വയസ്സു കഴിഞ്ഞ മനുഷ്യന് പേരിടാൻ വളരെ ചെറിയ കുട്ടികളോട് പറഞ്ഞു നോക്കി. മേല്പറഞ്ഞ ഈ വിവേചനം ചെറിയ കുട്ടികൾക്കിടയിൽ താരതമ്യേന കുറവായാണ് കണ്ടത്. പ്രായം കൂടും തോറും വിവേചനം വർധിക്കുന്നു എന്നു വേണം കരുതാന്‍.
ഇനിയുമുണ്ട് ഉദാഹരണങ്ങൾ. അതിലേക്ക് പിന്നീട് കടക്കാം. എവിടെയാണ് ഈ പ്രശ്നങ്ങൾ ആരംഭിക്കുന്നത്? നമുക്ക് ഭാഷയിലേക്ക് പോകാം. ഭാഷയില്ലാതെ ഒരു മനുഷ്യന് ഒരിക്കലും ജീവിക്കാനാവില്ല. ഭാഷ ഒരു മനുഷ്യന്റെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം ഒട്ടും ചെറുതുമല്ല. അമ്മയും അച്ഛനും ചുറ്റുവട്ടത്തുള്ള മറ്റുള്ളവരും പറയുന്ന വാക്കുകളും ആംഗ്യങ്ങളുമാണ് ഭാഷ സ്വായത്തമാക്കാൻ ഒരു കുട്ടിക്ക് പ്രേരണയാവുന്നത്. ചോംസ്കിയെപ്പോലുള്ളവരുടെ ഭാഷാപഠനങ്ങളും ഇതു തന്നെയാണ് പറയുന്നത്. ചരിത്രത്തിന് രേഖപ്പെടുത്താൻ പറ്റുന്ന കാലം മുതൽ എല്ലാ ശാസ്ത്രങ്ങളും കൈകാര്യം ചെയ്തിരുന്നതിൽ ആധിപത്യം പുരുഷന്മാർക്കായിരുന്നു എന്നത് വലിയ തർക്കമില്ലാത്ത ഒന്നാണ്. ഭാഷയുടെ വികാസത്തിലും വലിയ പങ്കുവഹിക്കാൻ ഇതേ കാലയളവിൽ പുരുഷന്മാർക്ക് കഴിഞ്ഞിട്ടുണ്ട്. ആ പങ്ക് പക്ഷേ അറിഞ്ഞോ അറിയാതെയോ പുരുഷാധിപത്യത്തിനുള്ള അടിത്തറയായിത്തീർന്നു എന്നു വേണം കരുതാൻ. എല്ലാ ഭാഷകളിലും ഈ വിവേചനം പ്രകടമാണെങ്കിലും അത് ഏറ്റവും കൂടുതൽ കാണുന്നത് ലിംഗവിവേചനം നിലനിൽക്കുന്ന രാജ്യങ്ങളിലെ ഭാഷകളിലായിരിക്കണം. എല്ലാ വാക്കുകൾക്കും സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാൻ ഉള്ള ശ്രമം ഒരു പക്ഷേ ഭാഷാ പരിണാമത്തിലെ ലിംഗ വിവേചനത്തിന്റെ ഏടായി എഴുതിച്ചേർക്കേണ്ടിവരും. സ്ത്രീലിംഗവും പുല്ലിംഗവും രൂപീകരിക്കാൻ ഉള്ള ശ്രമം കൊണ്ട് ഭാഷയ്ക്ക് നഷ്ടപ്പെട്ടത് ലിംഗപരമല്ലാതെ ഒരു കാര്യത്തെ നോക്കിക്കാണാനുള്ള കഴിവാണ്. ലിംഗ വിവേചനമില്ലാത്ത പൊതു വാക്കുകൾ അപ്രത്യക്ഷമായതും ഇതേ കാരണങ്ങൾ കൊണ്ടു തന്നെയാണ്.
അധ്യാപിക എന്നും അധ്യാപകൻ എന്നും നാം പറയും. ആ സമൂഹത്തെക്കുറിച്ച് പറയാൻ അധ്യാപകർ എന്ന വാക്കും ഉപയോഗിക്കാം. പക്ഷേ അധ്യാപകർ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്നത് ഒരു കൂട്ടം ആളുകളെയാണ്. ബഹുവചനമാണ് എന്നർത്ഥം. ഈ വിഭാഗത്തെ പ്രതിനിധീകരിക്കാൻ ഒരു ഏകവചനമില്ല എന്നതാണ് പ്രശ്നം. എന്നാൽ ഒരു സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കാൻ ഏകവചനം ഉപയോഗിക്കാൻ നാം വ്യാപൃതരുമാണ്. അധ്യാപകരെക്കുറിച്ചുള്ള ഒരാളുടെ പ്രസംഗമെടുത്താൽ അധ്യാപകൻ എന്ന ഏകവചനത്തിലൂടെയായിരിക്കും ആ സമൂഹത്തെ മിക്കവാറും സംബോധന ചെയ്യുക. അധ്യാപകരുടെ പ്രശ്നങ്ങൾ അധ്യാപകന്റെ പ്രശ്നമായി അവിടെ മാറ്റപ്പെടുന്നു. അധ്യാപകർ ചെയ്യേണ്ട കടമകൾ അധ്യാപകൻ ചെയ്യേണ്ട കടമകളായി പരിണമിക്കുന്നു. അധ്യാപകർ സമൂഹത്തിന് ചെയ്യുന്ന സേവനം അധ്യാപകൻ ചെയ്യുന്ന സേവനമായി മാറ്റപ്പെടുന്നു. ഇവിടെ തമസ്കരിക്കപ്പെടുന്നത് അധ്യാപികയാണെന്നത് ആരും ഗൗരവമായി പരിഗണിക്കുന്നില്ല. അധ്യാപകൻ എന്നത് അധ്യാപകർ എന്ന അർത്ഥത്തിലാണ് പ്രയോഗിക്കപ്പെട്ടത് എന്നായിരിക്കും തർക്കത്തിന് പോയാൽ ലഭിക്കുന്ന മറുഭാഷ്യം.
ഒരു ശബ്ദം മനസ്സിൽ ചില പ്രതീകങ്ങൾ വരച്ചു ചേർക്കുന്നുണ്ട്. ആ പ്രതീകങ്ങളിലൂടെയാണ് ഒരു കുട്ടി ഭാഷ സ്വായത്തമാക്കുന്നത്, ഓരോ വാക്കുകളുടേയും അർത്ഥം സ്വായത്തമാക്കുന്നത്. ശക്തമായ ബിംബങ്ങളായി പരിണമിക്കുന്ന ഈ വാക്കുകളുടെ അർത്ഥങ്ങൾക്ക് കാലാന്തരത്തിൽ മാറ്റങ്ങൾ വരുന്നുണ്ട്. ഉദാഹരണത്തിന് അമ്മ എന്ന പദത്തിന്റെ ശബ്ദം നൽകുന്ന അർത്ഥം കുട്ടി ആദ്യകാലങ്ങളിൽ മനസ്സിലാക്കുന്നത് സ്ത്രീകൾ എന്ന അർത്ഥത്തിലായിരിക്കും. എന്നാൽ വളരുന്നതോടെ മറ്റു സ്ത്രീകളിൽ നിന്നും അമ്മ എന്ന പദത്തിന്റെ അർത്ഥം തിരിച്ചറിയാൻ കുട്ടി പഠിക്കുന്നു. ഇതേ പഠനം പിന്നീടും കുട്ടി മറ്റു വാക്കുകളിലും നടത്തുന്നുണ്ട്. ഓരോ വാക്കുകളും മനസ്സിൽ സൃഷ്ടിക്കുന്ന ബിംബങ്ങൾ സമൂഹത്തെ നോക്കിക്കാണാൻ ഒരു വ്യക്തിയെ പ്രാപ്തമാക്കുന്ന വളരെ പ്രധാന ഘടകങ്ങളാണ്. സമൂഹത്തിന്റെ ആശയങ്ങളും സംസ്കാരവും വികസിപ്പിക്കുന്നതിൽ ഒരു വ്യക്തിയുടെ സ്ഥാനം പുറകോട്ടു നീട്ടിയാൽ ഈ ബിംബങ്ങളിൽ വന്നു ചേരുകയും ചെയ്യും. അവിടെയാണ് ഭാഷയുടെ ശൈലി സംസ്കാരത്തെ സ്വാധീനിക്കുന്നത്. ഭാഷയിൽ അറിയാതെയോ മനഃപൂർവമായോ സൃഷ്ടിക്കപ്പെടുകയും സ്ഥിരമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഏതൊരു വിവേചനവും സമൂഹത്തിന്റെ സംസ്കാരത്തേയും വിവേചനപരമാക്കും എന്നതിൽ സംശയമൊന്നും വേണ്ട. സമൂഹത്തിലെ പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഭാഷ സൃഷ്ടിച്ച ഈ വിവേചനം വ്യക്തമായി കാണുകയും ചെയ്യാം.
കുട്ടികളെക്കുറിച്ച് പറയാൻ അവൻ എന്നുപയോഗിക്കുന്നത് സർവ്വസാധാരണമാണ്. ഒരു വിദ്യാഭ്യാസ സംവാദത്തിൽ പോയി നോക്കൂ, “ നമ്മുടെ കുട്ടികൾ പഠനം എന്നത് ഇഷ്ടപ്പെടണം... അവന്റെ ചുറ്റുപാടുകൾക്കനുസരിച്ച് വേണം പാഠഭാഗങ്ങൾ തീരുമാനിക്കാൻ… അവന്റെ കൂട്ടുകാരനായിരിക്കാനാണ് അധ്യാപകൻ ശ്രമിക്കേണ്ടത്...” എന്നു തുടങ്ങി അധ്യാപികയായാലും അധ്യാപകനായാലും അങ്ങനെ മാത്രമേ സംസാരിക്കൂ. ഒരു വിദ്യാലയത്തിലെ കുട്ടികളെക്കുറിച്ച് പറയാൻ ‘അവൻ’ എന്ന വാക്ക് ഉപയോഗിക്കപ്പെടുമ്പോൾ വിസ്മരിക്കപ്പെടുന്നത് അവിടത്തെ പെൺകുട്ടികളാണ്. അവൻ എന്ന വാക്ക് കേൾക്കുമ്പോൾ മലയാളമറിയാവുന്ന ഒരു വ്യക്തിയുടെ മനസ്സിലും ഒരു പെൺകുട്ടിയുടെ ചിത്രം തെളിഞ്ഞു വരില്ല എന്നത് നിസ്തർക്കമാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപികക്കു പോലും കുട്ടികളെ പ്രതിനിധീകരിക്കാൻ ‘അവൻ’ എന്ന വാക്ക് ഉപയോഗിക്കേണ്ടി വരുന്നത് ഭാഷ, ഉപയോഗം മൂലം നമ്മിലടിച്ചേൽപ്പിച്ച ലിംഗവിവേചനത്തിന്റെ ശക്തിമൂലമാണ്. ഏതൊരു വിഭാഗത്തിന്റേയും പൊതു ധാരകളിൽ നിന്നും സ്ത്രീ എന്ന വിഭാഗത്തെ പൂർണ്ണമായും ഒഴിവാക്കിക്കളയാൻ ഈ ലിംഗവിവേചനപരമായ ഭാഷാ പ്രയോഗങ്ങൾ പര്യാപ്തമാണ്. മനുഷ്യൻ എന്ന വാക്കും ഇതേ പോലെ തന്നെ പ്രയോഗങ്ങളാൽ പുരുഷവത്കരിക്കപ്പെട്ട വാക്കാണ്. മനുഷ്യന്റെ ചരിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു പുസ്തകത്തിലെ വരികൾ ഇപ്രകാരമാകുന്നതിൽ ആരും തെറ്റായി ഒന്നും കാണുകയില്ല. ‘പല പല ജീവി വർഗ്ഗങ്ങൾ പരിണമിച്ചുണ്ടായതിലെ വളരെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് മനുഷ്യൻ. തന്റെ വിശിഷ്ടമായ കഴിവുപയോഗിച്ച് അവൻ മറ്റു ജീവിവർഗ്ഗങ്ങളിൽ നിന്നും വ്യത്യസ്തനായി. തീ കണ്ടു പിടിച്ചതാണ് അവന്റെ ജീവിതത്തെ മാറ്റി മറിച്ച ആദ്യ സംഭവം. ചില വിത്തുകൾ പലയിടത്തായി മുളച്ചുവരുന്നത് ശ്രദ്ധിച്ച അവൻ അതിനെ പരിഷ്കരിച്ച് കൃഷിക്ക് രൂപം നൽകി…’ ഇതിങ്ങനെ പോകും. ഒറ്റനോട്ടത്തിൽ ഇതിൽ അപാകതയൊന്നും കാണുകയില്ല. എന്നാൽ മനുഷ്യ ചരിത്രം മുഴുവൻ പ്രതിപാദിക്കുന്ന ഇങ്ങനെയൊരു പുസ്തകം മുഴുവൻ വായിച്ചു തീർന്നാലും ആരും ഒരു പെൺകുട്ടിയെക്കുറിച്ചു പോലും ചിന്തിക്കില്ല എന്നതിലാണ് അപകടം പതിയിരിക്കുന്നത്. മനുഷ്യന്റെ ഒരു കണ്ടെത്തലിൽപോലും ഇവിടെ സ്ത്രീ സാന്നിധ്യത്തിന് പ്രസക്തിയില്ലാതാവുന്നു. അവൻ തീ കണ്ടു പിടിക്കുമ്പോൾ അവളെക്കുറിച്ച് ആരു ചിന്തിക്കുന്നില്ല. അവൻ കൃഷി കണ്ടെത്തുമ്പോൾ അവൾ അദൃശ്യമാകുന്നു. അവൻ ആഹാരം പാകം ചെയ്ത് കഴിക്കുമ്പോൾ അവൾ എന്തെടുക്കുകയായിരിക്കും എന്നതും ആരും കാണുന്നില്ല. അവൻ ചക്രം കണ്ടെത്തുമ്പോഴും, ആകാശ നിരീക്ഷണം നടത്തുമ്പോഴും, യാത്രകൾ നടത്തി പുതിയ ദേശങ്ങളിലേക്ക് കുടിയേറി പാർക്കുമ്പോഴും ഒന്നും നാം അവളെക്കുറിച്ച് ചിന്തിക്കില്ല. കാരണം അവൻ എന്ന വാക്കിന് ഒരിക്കലും ഒരു സ്ത്രീയുടെ ചിത്രം മനസ്സിൽ വരയ്ക്കാൻ സാധ്യമല്ല എന്നതു തന്നെ. മനുഷ്യൻ പുരുഷനായി മാറുന്നതിന് വാക്കുകൾ കൊണ്ടുള്ള ഈ നിരാസം ധാരാളം മതി.
ഈ നിരാസത്തെ ആരും ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്നില്ല. കാരണം ലിംഗവിവേചനപരമായ ഈ പ്രയോഗങ്ങൾ ചിരപരിചത്വം മൂലം നമ്മുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അദൃശ്യമായ എന്നാൽ സജീവമായ ഒരു സാന്നിധ്യമായി ഈ വിവേചന പ്രയോഗങ്ങൾ തലമുറകളിലൂടെ കൈമാറി പോരുകയും ചെയ്യുന്നു. ഏതു പ്രാസംഗികരുടെ പ്രസംഗങ്ങളും നിങ്ങൾ പരിശോധിച്ചു നോക്കൂ. അതിൽ ഇതേ പ്രശ്നം കാണുവാൻ സാധിക്കും. അവരുടെ ഭാഷാപ്രയോഗങ്ങൾ അനുകരിച്ചാണ് പലപ്പോഴും പുതിയ പ്രാസംഗികരുടെ ജനനം. ഭാഷാശൈലി അതേ പടി അനുകരിക്കപ്പെടുന്നത് കുറവാണെങ്കിൽ പോലും പക്ഷേ ഈ അദൃശ്യവിവേചനം അറിയാതെ പുതിയവർക്കിടയിലും സ്ഥാനം പിടിക്കുന്നു. ഇതേ ഭാഷാപ്രയോഗങ്ങൾ എഴുത്തുകാരും അറിയാതെ അനുകരിക്കുന്നു. സാറാ ജോസഫ് പറഞ്ഞ പോലെ അവളവളുടെ ഗർഭപാത്രം എന്നു പറയാൻ പോലും ഭാഷ അനുവദിക്കുന്നില്ല. അവൾക്ക് സ്വയം അവൻ എന്നു വിളിക്കപ്പെടേണ്ടി വരുന്ന അവസ്ഥയാണിത്. ഏതു വാക്കിനും ഒരു സ്ത്രീലിംഗ പദവും കൂടി കണ്ടെത്താൻ നെട്ടോട്ടമോടുന്ന നാടാണ് നമ്മുടേത്. പലയിടത്തും പ്രചാരമുള്ള ‘മനുഷ്യത്തി’, ‘വില്ലത്തി’ തുടങ്ങിയ പദങ്ങളും ഇത്തരത്തിൽ രൂപീകരിക്കപ്പെട്ടതാണ്. ഉപയോഗം മൂലം മലയാളീകരിക്കപ്പെട്ട പോസ്റ്റുമാൻ എന്ന പദത്തിനു പോലും പോസ്റ്റുമാത്തി എന്ന സ്ത്രീലിംഗപദം കണ്ടെത്തിയ നാടാണ് നമ്മുടേത്. വിവേചിതമായി തിരിച്ചറിയപ്പെടണം എന്ന അനാവശ്യമായ ആവശ്യത്തിന്റെ ഫലമാണ് ഇത്തരം വാക്കുകളുടെ ജനനം.
മാധ്യമങ്ങളിലും ലിംഗവിവേചനത്തിന്റെ സജീവമായ ദൃശ്യത കാണാം. വാർത്താശൈലിപോലും ഇതിൽ നിന്നും മുക്തമല്ല. പത്രങ്ങളിൽ ഒരാൾ ഡോക്ടറേറ്റ് നേടിയ വാർത്തകൾ വരാറുണ്ട്. ബാബുവിന് ഡോക്ടറേറ്റ് ലഭിച്ച വാർത്ത ഇങ്ങിനെയായിരിക്കും. “ശ്രീ. ബാബുവിന് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു… ശ്രീമതി നിഷയാണ് ഭാര്യ.” എന്നാൽ നിഷക്ക് ഡോക്ടറേറ്റ് ലഭിച്ചാൽ വാർത്ത ഇങ്ങിനെയായിരിക്കും. “ശ്രീമതി നിഷക്ക് ജൈവകോശങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു… ശ്രീ. ബാബുവിന്റെ ഭാര്യയാണ് നിഷ.” മനുസ്മൃതിയുടെ പ്രേതം പത്രങ്ങളേയും വിട്ടൊഴിഞ്ഞിട്ടില്ല എന്നു സാരം. ഒരു മരണവാർത്തയെടുത്താലും ഇതേ രീതി തന്നെ അനുവർത്തിക്കുന്നത് കാണാം. സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷൻ സംരക്ഷിക്കേണ്ടവനുമാണ് എന്ന് പറയാതെ പറയാൻ ഇതിലും നല്ല എന്ത് മാർഗ്ഗമാണുള്ളത്? വെള്ളപ്പൊക്കവും പ്രകൃതിദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട മുൻകരുതലുകളെക്കുറിച്ച് ആകാശവാണിയിൽ വന്ന പരസ്യത്തോടെ മനുസ്മൃതി ആകാശവാണിയേയും കീഴടക്കി. മുൻകരുതലുകളിലൊന്ന് ഇങ്ങിനെയാണ്. “സ്ത്രീകളേയും കുട്ടികളേയും കന്നുകാലികളേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുക. ” കന്നുകാലികളേയും സ്ത്രീകളേയും ഒരേ ഗണത്തിൽപ്പെടുത്തിയതിനെക്കാൾ വിവേചനപരമായ സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവളും പുരുഷൻ സംരക്ഷിക്കേണ്ടവനുമാണ് എന്ന ആശയം തന്നെയാണ് ഈ വാക്കുകളും പങ്കുവയ്ക്കുന്നത്.
ശ്രീ എന്ന് പുരുഷന്മാരെ ബഹുമാന സൂചകമായി അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന പദമാണ്. സ്ത്രീയെ അഭിസംബോധന ചെയ്യാൻ രണ്ടുവാക്കുകളാണ്. കുമാരിയും ശ്രീമതിയും. വിവാഹമാണ് ഏതു പദം വേണം എന്നത് നിശ്ചയിക്കുന്നത്. പുരുഷനാകട്ടെ വിവാഹം എന്നത് ബഹുമാനസൂചകപദത്തിന് മാറ്റം വരുത്തുന്ന ഒരു ഘടകമേയല്ല. സ്ത്രീകൾക്കായി രണ്ടുവാക്കുകൾ കണ്ടെത്തിയത് യാദൃശ്ചികമല്ല, മറിച്ച് ലിംഗവിവേചനം ഭാഷയിൽ സൃഷ്ടിച്ച കൂട്ടിച്ചേർക്കൽ മാത്രമാണ്. വിവാഹം സ്ത്രീകളെ സംബന്ധിച്ചിടത്തോളം മാത്രമാണ് പുതിയ ഒരു ജീവിതം. വിവാഹം കഴിഞ്ഞ സ്ത്രീയെ സമൂഹത്തിന് തിരിച്ചറിയാൻ കഴിയണം എന്ന ശാഠ്യം ഒരു വാക്കായി അരങ്ങേറിയതാണ് എന്നു തന്നെ വേണം കരുതാൻ. ‘അദ്ദേഹം’ എന്ന വാക്ക് ഒരു സ്ത്രീയെക്കുറിച്ച് പറയാൻ നാം ഉപയോഗിക്കാറില്ല. സ്ത്രീ ‘അവർ’ മാത്രമാണ്. ആ ദേഹം എന്ന അർത്ഥത്തിന് പുരുഷമുഖം നൽകിയതുപോലും വേർതിരിച്ചറിയണം എന്ന കാഴ്ചപ്പാടോടു കൂടി തന്നെയാണ് എന്നു പറയാതെ വയ്യ.
ചില വൈരുദ്ധ്യങ്ങൾ കാണപ്പെടാമെങ്കിലും മറ്റൊരു ഉദാഹരണം കൂടി നോക്കാം. മനുഷ്യനല്ലാത്ത മറ്റൊരു ജീവി, സസ്യം, മനുഷ്യരിൽ തന്നെ സ്ത്രീ, കുട്ടി എന്നിങ്ങനെയുള്ളവരുടെ കൂട്ടത്തെ പ്രതിനിധീകരിക്കാൻ ആ വാക്കുകളുടെ കൂടെ 'ൾ' ചേർത്താൽ മതി. പൂച്ചകൾ, പട്ടികൾ, സിംഹങ്ങൾ, മൃഗങ്ങൾ എന്നിങ്ങനെ ജീവികളേയും, തെങ്ങുകൾ, സസ്യങ്ങൾ എന്നിങ്ങനെ സസ്യങ്ങളേയും ബഹുവചനമാക്കാം. ഇതേ ഗണത്തിലാണ് സ്ത്രീകൾ, പെണ്ണുങ്ങൾ തുടങ്ങിയവയും വരുന്നത്. പുരുഷൻ, തൊഴിൽ, ജാതി എന്നിവ സൂചിപ്പിക്കുന്ന വാക്കുകൾ തുടങ്ങിയവയെ ബഹുവചനമാക്കാൻ 'ന്മാർ' ചേർത്താൽ മതി. പുരുഷന്മാർ, ശാസ്ത്രജ്ഞന്മാർ, ചിത്രകാരന്മാർ, ചരിത്രകാരന്മാർ, ആശാരിമാർ, നമ്പൂതിരിമാർ… അതങ്ങനെ പോകും. ശാസ്ത്രജ്ഞർ, ചിത്രകാരർ എന്നിങ്ങനെ ചില പദങ്ങളെ വിവേചനമില്ലാത്ത ബഹുവചനമാക്കി മാറ്റാൻ കഴിയുമെങ്കിൽ കൂടിയും പ്രയോഗങ്ങളിൽ അധികവും അങ്ങനെയല്ല. ഇവിടെ അധികാരമാണ് വേർതിരിവ് പ്രകടമാക്കുന്നതിൽ പ്രാമുഖ്യം. അധികാരത്തെ സൂചിപ്പിക്കാത്ത വാക്കുകൾ കൂടുതലും 'ൾ' ചേർത്ത് ബഹുവചനമാക്കാം എന്നു സാരം. സ്ത്രീകൾ പുരുഷന്മാരുടെ ‘അടിമകൾ’ ആണ് എന്ന ആശയത്തിൽ നിന്നു തന്നെയായിരിക്കാം ഈ പ്രയോഗങ്ങൾ ഉണ്ടായി വന്നത്. അടിമ, അടിമകൾ ആയതും ജന്മി, ജന്മിമാർ ആയതും മറ്റൊരർത്ഥത്തിലല്ല. ഈ ഉദാഹരണത്തിന് ആണുങ്ങൾ എന്ന പദം പോലെ പക്ഷാന്തരങ്ങൾ കാണപ്പെടാമെങ്കിലും അത് ന്യൂനപക്ഷം മാത്രമാണ്.
കുറച്ചു മാസങ്ങൾക്ക് മുൻപ് അനാവശ്യമായി സൃഷ്ടിക്കപ്പെട്ട ഏഴാം ക്ലാസിലെ പാഠപുസ്തകവിവാദം നോക്കുക. കുറേയധികം ബൗദ്ധികവ്യായാമങ്ങൾ നടത്തി ഇല്ലാത്ത മതനിന്ദയെ കണ്ടെത്തിയവർക്ക് ആ പുസ്തകത്തിലെ മേല്പറഞ്ഞ തരത്തിലുള്ള വിവേചനങ്ങൾ കാണാൻ കഴിഞ്ഞില്ല. നിർമ്മലമായ സ്നേഹത്തെ ചുംബനവിവാദമാക്കി പുസ്തകത്തിൽ ലിംഗവിവേചനം കണ്ടെത്തിയവർക്ക് ‘കൃഷിക്കാരിയെ’ മറന്ന പാഠഭാഗങ്ങൾ ഒരു പ്രശ്നമേ ആയിരുന്നില്ല. കൃഷിക്കാരന്റെ പ്രശ്നങ്ങൾ, അവന്റെ പ്രാരാബ്ദങ്ങൾ, അവന്റെ കുടുംബം ഇതെല്ലാം കുട്ടികൾ ആവേശപൂർവ്വം കണ്ടെത്തിയപ്പോൾ അദൃശ്യമായത് കൃഷിക്കാരിയാണ്. വിവാദം സൃഷ്ടിക്കാൻ നടക്കുന്നവർക്ക് ഇതൊന്നും കാണേണ്ട കാര്യമില്ലല്ലോ. ഇന്നും കൃഷിക്കാരിയില്ലാത്ത, കൃഷിക്കാരന്റെ കുടുംബത്തിലെ പ്രാധാന്യമില്ലാത്ത ഒരംഗമായി മാത്രം ‘അവളെ’ കാണുന്ന പാഠഭാഗങ്ങൾ കുട്ടികൾ പഠിച്ചു കൊണ്ടേയിരിക്കുന്നു. അവന്റെ കുടുംബത്തിനേ അവിടെ പ്രസക്തിയുളളൂ. അവളുടെ കുടുംബം എന്നത് ഒരു ഉട്ടോപ്യൻ ആശയമായിപ്പോലും ആരും കാണുന്നില്ല. അവന്റെ കുടുംബത്തിന്റെ പ്രശ്നങ്ങൾ ആവേശപൂർവ്വം കണ്ടെത്തി പ്രതിവിധികൾ നിർദ്ദേശിക്കുന്ന ആൺകുട്ടികൾ അവളെ രണ്ടാം തരക്കാരിയായും പെൺകുട്ടികൾ സ്വയം രണ്ടാം തരക്കാരിയായും ഉൾക്കൊള്ളുമ്പോൾ വെറുമൊരു വാക്ക് അടുത്ത തലമുറയിലേക്ക് പുരുഷാധിപത്യം സംക്രമിപ്പിക്കാൻ ഏറ്റവും മികച്ച മാധ്യമമായി മാറുന്നു.
ലിംഗനിരപേക്ഷമായ ഏകവചനം കൂടുതലുള്ള ഭാഷകൾ സംസാരിക്കുന്നവരുടെ സംസ്കാരത്തിൽ ലിംഗവിവേചനം കുറവായിരിക്കും. മലയാളവും ഇംഗ്ലീഷും തന്നെ ഒരു ഉദാഹരണം. അധ്യാപകൻ എന്നും അധ്യാപിക എന്നും വാക്കുണ്ട്. പക്ഷേ ആ പൊതു സമൂഹത്തിലെ ഒരാളെ വിളിക്കാൻ ലിംഗനിരപേക്ഷമായ ഒരു വാക്കില്ല. ലിംഗനിരപേക്ഷമായ ടീച്ചർ എന്ന ഇംഗ്ലീഷ് വാക്കിനെ പോലും മലയാളീകരിച്ചപ്പോൾ സ്ത്രീലിംഗമായി മാറി. മാഷും ടീച്ചറും അവിടെ പിറവിയെടുത്തു. പ്രത്യക്ഷ സമൂഹത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യക്കാർക്കിടയിൽ ലിംഗവിവേചനം കുറയാൻ ഒരു കാരണം ഭാഷാപരമായ ഈ വിവേചനക്കുറവ് തന്നെയായിരിക്കാം. മലയാളത്തോളമില്ലെങ്കിൽ പോലും ഇംഗ്ലീഷിലും ലിംഗവിവേചനപരമായ വാക്കുകൾ കുറവൊന്നുമല്ല. മനുഷ്യചരിത്രം അവന്റെ മാത്രം കഥയായി History അഥവാ His-Story എന്ന വാക്ക് മാറ്റിയതും യാദൃശ്ചികമാവാൻ വഴിയില്ല. ആണിനേയും പെണ്ണിനേയും സഖാവ് എന്നു വിളിക്കാം എന്നത് കമ്യൂണിസ്റ്റുകാർക്കിടയിൽ ലിംഗവിവേചനം കുറയ്ക്കാൻ അദൃശ്യമായ ഒരു കാരണമാണ്. സുഹൃത്ത്, ചങ്ങാതി തുടങ്ങിയ പദങ്ങളും ഇതേ സമത്വം നിലനിർത്തുന്നവയാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘാടകരായ യുവസംഗമം എന്ന പരിപാടിയിൽ ‘ചങ്ങാതി’ എന്ന ലിംഗനിരപേക്ഷ വാക്ക് സൃഷ്ടിച്ച സമത്വഭാവന അത്ര ചെറുതൊന്നുമല്ല. ദൈവത്തിന്റെ ലിംഗമേത് എന്ന് മതങ്ങൾ നേരിട്ട് പറയുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ ദൈവത്തെ അവൻ എന്നാണ് വേദപുസ്തകങ്ങളിൽ എല്ലാം വിളിക്കുന്നത്. ദൈവം പുരുഷനാണ് എന്ന് മതങ്ങൾ അങ്ങനെ പറയാതെ പറയുന്നു. ആ മതങ്ങൾക്ക് ലിംഗസമത്വത്തെ നിലനിർത്താനും കഴിയുകയില്ല.
ഭാഷയെ പുനർനിർമ്മിക്കുന്നതിലൂടെ, ശൈലിയും വാക്കുകളും മാറ്റം വരുത്തുന്നതിലൂടെ, പുതിയ ലിംഗനിരപേക്ഷമായ വാക്കുകളും ശൈലികളും ആവിഷ്കരിക്കുന്നതിലൂടെ അടുത്ത തലമുറയിലേക്കെങ്കിലും ലിംഗസമത്വത്തിന്റെ അക്ഷരജ്ഞാനം പകരാൻ നമുക്കാവും. ശാസ്ത്രലേഖനങ്ങളിൽ വരച്ച ചിത്രങ്ങൾക്ക് ചിത്രകാരന്റെ ഭാവനയിൽ എന്ന അടിക്കുറിപ്പ് നൽകാറുണ്ട്. വരച്ചത് ആണാണോ പെണ്ണാണോ എന്നതൊന്നും ആർക്കും പ്രശ്നമല്ല. അവിടെ ഒരു പൊതു വാക്ക് ഇല്ലാത്തതാണ് പ്രശ്നം. പൊതുവാക്കുകൾ കണ്ടെത്തിയേണ്ടിരിക്കുന്നു. അത് നിശബ്ദമായ ഒരു വിപ്ലവത്തിനായിരിക്കും വഴി തെളിക്കുക. പുസ്തകങ്ങൾ എഡിറ്റു ചെയ്യുന്നവരും ലേഖനങ്ങൾ തയ്യാറാക്കുന്നവരും ഒന്നു ശ്രദ്ധിച്ചാൽ ലിംഗനിരപേക്ഷമായ ഭാഷയിലൂടെ കഥകളും ലേഖനങ്ങളും കവിതകളും ആശയങ്ങളും ജനങ്ങളിലെത്തിക്കാൻ കഴിയും. ഏറ്റവും കുറഞ്ഞത് ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നവരെങ്കിലും ഇത്തരത്തിൽ ചിന്തിച്ചാൽ നന്നായിരിക്കും. പ്രാസംഗികർക്കും അവരുടെ ശൈലിയിൽ മാറ്റം വരുത്താവുന്നതാണ്. മന്ത്രിമാരും സാഹിത്യകാരരും ഉപയോഗിക്കുന്ന ഭാഷയിൽ വരുത്തുന്ന മാറ്റങ്ങൾ ജനങ്ങളെ സ്വാധീനിക്കും. ലിംഗവിവേചനമുണ്ടാക്കുന്ന വാക്കുകളും പ്രയോഗങ്ങളും ഇല്ലാതെ ലേഖനമെഴുതലും പ്രസംഗിക്കലും അത്ര എളുപ്പമാവില്ല. ഇതു വരെയുള്ള ശീലം ആ മാറ്റത്തെ അത്രവേഗം ഉൾക്കൊള്ളുകയില്ല എന്നതാണ് കാരണം. പക്ഷേ ഒന്നു ശ്രമിച്ചാൽ ഏതൊരു പുരോഗമന സംഘടനകക്കും തങ്ങളുടെ ഭാഷാ ഉപയോഗങ്ങളിൽ ഇത്തരമൊരു മാറ്റം വരുത്താൻ കഴിയും. ലഘുലേഖകളിലും പുസ്തകങ്ങളിലും ഭരണഘടനയിലും പ്രസംഗങ്ങളിലും ക്ലാസുകളിലും എല്ലാം മനഃപൂർവം ഒരു മാറ്റത്തിന് ശ്രമിച്ചാൽ സമത്വഭാവന യാഥാർത്ഥ്യമായ സംഘടനയായിത്തീരാനുള്ള പ്രയാണത്തിൽ അത് പ്രധാന പങ്കുവഹിക്കും.
മനുഷ്യരെ മാത്രമല്ല അവൻ എന്ന വാക്ക് കൊണ്ട് നാം വിളിക്കാറ്. മറ്റ് മൃഗങ്ങളേയും അചേതനവസ്തുക്കളേയും വരെ നാം അവൻ എന്നു വിളിക്കാറുണ്ട്. ബാലസാഹിത്യം പരിശോധിച്ചു നോക്കൂ. കുറുക്കന്റെയും സിംഹത്തിന്റെയും മുയലിന്റെയും ആമയുടെയും തെങ്ങിന്റെയും മഞ്ചാടിക്കുരുവിന്റെയും അതും പോരാഞ്ഞ് മണ്ണാങ്കട്ടയുടെയും കരിയിലയുടെയും കാറ്റിന്റെയും മലകളുടെയും ഒക്കെ കഥകൾ ധാരാളം. കഥ പൂർത്തിയായിക്കഴിയുമ്പോൾ എല്ലാ കഥാപാത്രങ്ങളേയും സൂചിപ്പിക്കാൻ നാം ‘അവൻ’, ‘ഇവൻ’ തുടങ്ങിയ വാക്കുകൾ അറിയാതെ ഉപയോഗിച്ചിരിക്കും. വളരെ സാവകാശം എന്നാൽ വളരെ ആഴത്തിൽ ലിംഗവിവേചനത്തിന്റെ വിഷം അറിയാതെ കുട്ടികളിൽ എത്തിക്കാൻ ഈ ബാലസാഹിത്യങ്ങൾ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. തേനെടുക്കാൻ പോകുന്ന തേനീച്ചയേയും ആഹാരം ശേഖരിക്കാൻ ഇറങ്ങുന്ന ഉറുമ്പുകളെയും വരെ ‘അവൻ’ എന്ന വാക്കിനാൽ കുട്ടികളിലെത്തിക്കുമ്പോൾ വിവേചനം മാത്രമല്ല തെറ്റായ ആശയത്തെക്കൂടിയാണ് നാം പകർന്നു നൽകുന്നത്. പെൺതേനീച്ചകൾ മാത്രമാണ് തേൻ ശേഖരിക്കാൻ പോവുന്നതെന്ന സത്യം ലിംഗവിവേചനത്തിന്റെ അകമ്പടിയോടെ കുട്ടികളിൽ നിന്നും നാം മറച്ചുവയ്ക്കുന്നു. മലയാളത്തിൽ പ്രസിദ്ധീകരിച്ച ഒരു വിധം എല്ലാ പുസ്തകങ്ങളും മാസികകളും ലേഖനങ്ങളും പരിശോധിച്ചു നോക്കിക്കോളൂ. വിവേചനത്തിന്റെ കാണാക്കാഴ്ചകൾ നിങ്ങളെ തേടിയെത്തുന്നത് കാണാം. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്നവരിലും, മനുഷ്യസമത്വത്തെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതുന്നവരിലുമെല്ലാം പോലും ഇതേ പ്രശ്നം നിരീക്ഷിക്കാം.
ഇംഗ്ലീഷടക്കം മിക്ക ഭാഷകളും ഇത്തരം ഒരു മാറ്റത്തിനായുള്ള പ്രയാണത്തിലാണ്. പല വാക്കുകളും അവർ ലിംഗവിവേചനമുണ്ടാക്കുന്നു എന്നതിനാൽ ഉപേക്ഷിച്ചു തുടങ്ങി. ഭാഷയിൽ വിവേചനം നിലനിൽക്കുമ്പോൾ ചിന്തയിലും വിവേചനം നിലനിൽക്കും. അതുകൊണ്ട് സമത്വം എന്നത് സമത്വഭാവനയല്ലാതെ സമത്വയാഥാർത്ഥ്യമായി നിലവിൽ വരണമെങ്കിൽ മാറ്റം വരേണ്ട ഘടകങ്ങളിലൊന്ന് ഭാഷയാണ്. വാക്കുകളും അവ മനസ്സിൽ സൃഷ്ടിക്കുന്ന ചിഹ്നങ്ങളും ചേർന്ന് ആശയവിനിമയം പൂർത്തിയാക്കുമ്പോൾ അറിയാതെ തന്നെ നാം ഒരു ഭാഷാ സംസ്കാരത്തിന് അടിമപ്പെടുകയാണ്. ആ അടിമത്വം ലിംഗവിവേചനം സൃഷ്ടിക്കുന്ന പരിതസ്ഥിതികൾ ഉണ്ടാക്കുന്നു എന്നതിലാണ് അപകടം പതിയിരിക്കുന്നത്. അവൻ തീ കണ്ടു പിടിക്കുമ്പോൾ അവൾ എന്തെടുക്കുകയായിരുന്നു? എന്ന ചോദ്യം അടുത്ത തലമുറ ചോദിക്കില്ല എന്ന് ഉറപ്പിക്കാൻ കഴിയാത്തിടത്തോളം ലിംഗവിവേചനത്തിന്റെ വിത്തുകൾ നാമറിയാതെ അടുത്ത തലമുറകളിലേക്ക് പകർത്തപ്പെട്ടുകൊണ്ടേയിരിക്കും...
Filed under ലിംഗസമത്വംസാമൂഹ്യം