കേരളം വീണ്ടുമൊരു ബസ്സ് സമരത്തിലേക്ക്. മുട്ടിന് മുട്ടിന് പ്രഖ്യാപിതമായും മിന്നലായും പണിമുടക്കിക്കൊണ്ടിരിക്കുന്ന പ്രൈവറ്റ് ബസ്സ് മുതലാളികള്‍ വീണ്ടും ഒരു പണിമുടക്കിലേക്ക്. ആവശ്യാനുസരണം ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു നല്‍കിയ ജനങ്ങള്‍ക്കെതിരെ അടുത്ത ഇരുട്ടടി. ഇപ്പോള്‍ അവരുടെ ആവശ്യം ദേശസാല്‍കൃത ബസ്സ് റൂട്ടുകളില്‍ ബസ്സോടിക്കണം എന്നത്. കെ.എസ്.ആര്‍.ടി.സി യെ എങ്ങിനെയും തകര്‍ക്കുക എന്നതാണ് എല്ലാ സ്വകാര്യബസ്സ് മുതലാളികളുടേയും ചിന്ത. അതിനായി കിട്ടുന്ന ഒരവസരവും അവര്‍ നഷ്ടപ്പെടുത്തുകയില്ല. അതാണ് ഈ ബസ്സ് സമരത്തിന്‍റെ ലക്ഷ്യവും. കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ ഒരു തിരിച്ചുവരവിന്‍റെ പാതയിലാണ്. ബസ്സുകളുടെ എണ്ണം കൂടുന്നു, ജീവനക്കാര്‍ യാത്രക്കാരോട് കൂടുതല്‍ അടുക്കുന്നു, കൂടുതല്‍ റൂട്ടുകളില്‍ ബസ്സുകള്‍ ഓടുന്നു. ഇതൊക്കെ സഹിക്കാന്‍ ഏത് കച്ചവടക്കാര്‍ക്ക് കഴിയും. സ്വകാര്യബസ്സുകള്‍ ജനങ്ങള്‍ക്ക് നല്കുന്ന സൌകര്യങ്ങള്‍ ആരും മറക്കുന്നില്ല. പക്ഷേ എത്രയൊക്കെ പറഞ്ഞാലും അവര്‍ കച്ചവടക്കാരാണ്. ജനങ്ങളോടുള്ള അവരുടെ പ്രതിബദ്ധതക്ക് തീര്‍ച്ചയായും അതിരുണ്ട്. അതിന്‍റെ പ്രതിഫലനമാണ് രാത്രി ട്രിപ്പുകളും, ആളുകള്‍ കുറഞ്ഞ ട്രിപ്പുകളും പല പേരുകളില്‍ മുടങ്ങുന്നത്. യാത്രക്കാരോടുള്ള പെരുമാറ്റ രീതികളോ? അതിനെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം.

കെ.എസ്.ആര്‍.ടി.സി യാണ് പല ഗ്രാമപ്രദേശങ്ങളിലേക്കുമുള്ള അവസാനട്രിപ്പുകള്‍ നടത്തുന്നത്. സ്വകാര്യബസ്സുകള്‍ ട്രിപ്പുകള്‍ മുടക്കുന്ന ദിവസമാണ് പലപ്പോഴും ചിലവുകാശെങ്കിലും തിരിച്ചു കിട്ടുന്നത്. ഇത്രയും നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ നടത്തുന്നത് അത് ജനങ്ങളുടെ വാഹനമായതിനാലാണ്. ജനങ്ങളുടെ നിയന്ത്രണത്തിന്‍ കീഴില്‍ നടക്കുന്ന സ്ഥാപനമായതിനാല്‍ ജനങ്ങളുടെ ക്ഷേമം പരിഗണിച്ചു കൊണ്ടു മാത്രമേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളൂ. ഈ തലം മനസ്സിലാക്കാത്ത ജനങ്ങളും ജീവനക്കാരുമാണ് നമ്മുടെ കെ.എസ്.ആര്‍.ടി.സിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.
ദേശസാല്‍കൃത റൂട്ടുകളില്‍ യാതൊരു കാരണവശാലും സ്വകാര്യബസ്സുകളെ അനുവദിക്കരുത്. നിലവിലിരിക്കുന്ന ഏറ്റവും മികച്ച പൊതു ഗതാഗത സംവിധാനത്തിന്‍റെ തകര്‍ച്ചയായിരിക്കും സ്വകാര്യബസ്സുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചാല്‍ നടക്കുക. പൊതു ഗതാഗതസംവിധാനത്തിന്‍റെ തണലിലാണ് ഇവിടത്തെ സ്വകാര്യബസ്സുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഈ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു എങ്കില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് തടസ്സങ്ങള്‍ കൂടാതെ നടത്താനുള്ള കടമയും അവര്‍ക്കുണ്ട്. പലപ്പോഴും ബസ്സ് കാത്ത് നിന്ന് മടുക്കുമ്പോഴാണ് മിന്നല്‍ പണിമുടക്കിന്‍റെ കാര്യം ജനങ്ങളറിയുക. അവിടെ അവസാനം ആശ്രയം കെ.എസ്.ആര്‍.ടി.സി യും.
ഇതിനെതിരേ ജനങ്ങള്‍ ഇനിയും പ്രതികരിക്കാതിരിക്കുന്നത് സ്വന്തം യാത്രാസൌകര്യത്തെ ഇല്ലാതാക്കലായിരിക്കും.

ജനങ്ങള്‍ മാത്രമാണ് സമരം ചെയ്യാത്ത ഒരേയൊരു വര്‍ഗ്ഗം. ജനാധിപത്യം ശരിയായ രീതിയില്‍ നടപ്പാകണമെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ക്കെതിരേ ജനങ്ങള്‍ തന്നെ പ്രതികരിച്ചേ തീരൂ. അടിസ്ഥാനമില്ലാത്ത ആവശ്യങ്ങള്‍ക്കായ സമരം നടത്തുന്ന സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കാനുള്ള തന്‍റേടം ജനങ്ങള്‍ കാണിക്കണം. എല്ലാ റൂട്ടുകളിലും കെ.എസ്.ആര്‍.ടി.സി ട്രിപ്പുനടത്തണം എന്നാവശ്യപ്പെട്ട് നമുക്ക് വേണമെങ്കില്‍ സമരം ചെയ്യാം. കാരണം കെ.എസ്.ആര്‍.ടി.സി നമ്മുടേതാണ്. കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസ്സുകളും സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി കാത്തു നിന്ന് കയറുക. സ്വകാര്യബസ്സുകളെ ബഹിഷ്കരിക്കുക. കാരണം പൊതു മേഖലയെ സംരക്ഷിക്കേണ്ടത് ഇനി ജനങ്ങളുടെ ആവശ്യമാണ്. ഒന്നുകില്‍ സ്വകാര്യബസ്സുകള്‍ ബഹിഷ്കരിച്ച് ശക്തമായ മറുപടി അവര്‍ക്ക് നല്‍കുക. അല്ലെങ്കില്‍ വര്‍ഷത്തില്‍ അന്‍പതോ അറുപതോ ദിവസം പണിമുടക്കിയ ബസ്സ് കാത്തുനിന്ന് സമയം കളയുക.