വരുന്നു ഒരു ലിനക്സ് പൂക്കാലം.....

പ്രതീക്ഷിച്ച പോലെ തന്നെ അത് സംഭവിച്ചു തുടങ്ങി. ലോക സാമ്പത്തിക പ്രതിസന്ധി ഇതിന് ആക്കം കൂട്ടി എന്നും പറയാം. സോഫ്റ്റ്വെയര്‍ രംഗത്തെ അതികായരായിരുന്ന മൈക്രോസോഫ്റ്റ് അവസാനം റെയ്ഡ് തുടങ്ങി. ഇതിന്‍റെ ആദ്യപടി എന്ന നിലയില്‍ കൊച്ചിയില്‍ അവര്‍ ഓഫീസ് തുടങ്ങി. ഓഫീസ് തുടങ്ങിയതിനൊപ്പം തന്നെ കൊച്ചിയില്‍ നടത്തിയ റെയ്ഡിലൂടെ ഏഴു കോടി രൂപ അവര്‍ നേടുകയും ചെയ്തു. കേരളത്തില്‍ നിന്ന് മൂവായിരം കോടിയിലധികം രൂപ നേടാനാണ് മൈക്രോസോഫ്റ്റിന്‍റെ ശ്രമം. കേരളത്തില്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ 95% ല്‍ അധികവും വ്യാജമാണ് എന്നത് ഏതു കുട്ടിക്കും അറിയാവുന്ന കാര്യമാണ്. മൈക്രോസോഫ്റ്റ് അറിയാതെയൊന്നുമല്ല ഈ ഉപയോഗം. അവര്‍ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ തങ്ങളുടെ സോഫ്റ്റ്വെയറുകള്‍ കൂടാതെ ജീവിക്കാന്‍ വയ്യ എന്ന അവസ്ഥ ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്ന അവസ്ഥ സൃഷ്ടിക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം.

തീര്‍ച്ചയായും അത് ലക്ഷ്യം കാണുമായിരുന്നു. എന്നാല്‍ കേരളത്തില്‍ സമയോചിതമായ ഇടപെടലിലൂടെ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും സര്‍ക്കാരുകളും ഇതിന് തടയിടുകയായിരുന്നു. കേരളത്തില്‍ കംപ്യൂട്ടര്‍ ഉപഭോക്താക്കളില്‍ ഒട്ടും ചെറുതല്ലാത്ത ഒരു വിഭാഗം സ്വതന്ത്രസോഫ്റ്റ്വെയറുകളിലേക്ക് മാറിക്കഴിഞ്ഞു. ഐ.ടി@സ്കൂള്‍ പദ്ധതിയിലൂടെ കേരളത്തില്‍ എല്ലാ വര്‍ഷവും ലിനക്സ് മാത്രം അറിയാവുന്ന അഞ്ച് ലക്ഷം കുട്ടികളാണ് പത്താം ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങുന്നത്. നിരവധി സംഘടനകളും യൂസേഴ്സ് ഗ്രൂപ്പുകളും സൊസേറ്റികളും ലിനക്സ് പ്രചരണത്തിനായി ഇറങ്ങിയതോടെ വിന്‍ഡോസ് ഒരു അവിഭാജ്യ ഘടകമായി കരുതുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ബി.എസ്.എന്‍.എല്‍ , കെ.എസ്.ഇ.ബി , സഹകരണ ബാങ്കുകള്‍ തുടങ്ങി പലരും മൈക്രോസോഫ്റ്റിനെ കൈവിട്ടു തുടങ്ങിയതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതായി.

കേരളത്തില്‍ ഇങ്ങിനെയൊക്കെയാണെങ്കിലും വിന്‍ഡോസ് ഉപഭോക്താക്കളാണ് ഇന്നും കൂടുതല്‍. ഊഹക്കണക്കുകള്‍ പ്രകാരം ഏതാണ്ട് 87% ഗാര്‍ഹിക ഉപയോക്താക്കളും 72% മറ്റു ഉപയോക്താക്കളും വിന്‍ഡോസ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ വിന്‍ഡോസിനൊപ്പം ലിനക്സും ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകള്‍ ഏതാണ്ട് പകുതിയോളം വരും കേരളത്തില്‍. സ്കൂളുകളില്‍ ലിനക്സ് ഉപയോഗിക്കാന്‍ തുടങ്ങിയതായിരുന്നു ഈ മാറ്റത്തിന് കാരണം. പക്ഷേ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ലിനക്സ് ഉപയോഗത്തിന്‍റെ കാര്യത്തില്‍ വളരെയധികം മുന്നിലാണ്. ദിനം പ്രതി എന്നോണം കൂടുതല്‍ പേര്‍ ലിനക്സിലേക്ക് മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇപ്പോള്‍ സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രചരണ പരിപാടികള്‍ നടക്കുകയാണ്. നവംമ്പറില്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ വച്ച് നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനം, ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ പദയാത്ര, തിരുവന്തപുരത്ത് ഡിസംമ്പറില്‍ നടക്കാന്‍ പോകുന്ന അന്തര്‍ദേശീയ സമ്മേളനം, സ്വതന്ത്രസോഫ്റ്റ്വെയറിന് മാത്രമായി കൊച്ചിയില്‍ തുടങ്ങുന്ന പരിശീലനകേന്ദ്രം , ലിനക്സ് മലയാളീകരണത്തിനായി നിരന്തരം പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മലയാളം ക്മപ്യൂട്ടിംഗ്... അങ്ങിനെ നിരവധി പരിപാടികള്‍. സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം ആശയപ്രചാരകരും രംഗത്തെത്തിയതോടെ ഈ മേഖല ഒരു തരംഗമായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഈ അവസ്ഥ തന്നെയാണ് മൈക്രോസോഫ്റ്റ് നടപടിക്കു പിന്നിലും. മൈക്രോസോഫ്റ്റിന്‍റെ കുത്തക നിലനിര്‍ത്താന്‍ ഏറ്റവും ചുരുങ്ങിയത് കേരളത്തിലെങ്കിലും ഇനി സാധ്യമല്ല എന്നവര്‍ക്ക് മനസ്സിലായിത്തുടങ്ങി. ഇനിയും വൈകിയാല്‍ ഇനിയുള്ളവരും കൂടി ബദല്‍ സോഫ്റ്റ്വെയരുകളില്‍ പ്രവീണ്യം നേടും എന്ന് ബോധ്യമായതോടെ പരമാവധി നേട്ടമുണ്ടാക്കി മടങ്ങുക എന്ന തന്ത്രമാണ് മൈക്രോസോഫ്റ്റ് പുറത്തെടുത്തിരിക്കുന്നത്. ഇപ്പോള്‍ അംഗീകൃതമായ വലിയ സ്ഥാപനങ്ങളില്‍ മാത്രം റെയ്ഡുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അവര്‍ താമസിയാതെ ചെറുകിടക്കാരേയും വ്യക്തിഗത ഉപയോക്താക്കളേയും ലക്ഷ്യമിടും എന്നതിന് സംശയമില്ല. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രോത്സാഹനത്തോടൊപ്പം പൈറസിക്കെതിരേ ശക്തമായ നിലപാടുള്ള കേരളത്തിന്‍റെ ഐ.ടി നയം ഈ റെയ്ഡുകള്‍ക്ക് കരുത്തേകുകയും ചെയ്യുന്നുണ്ട്.

ലിനക്സ് പ്രചരണ പരിപാടികള്‍ക്ക് കരുത്തേകുകയാണ് സത്യത്തില്‍ ഈ റെയ്ഡുകള്‍. എങ്ങോട്ടു നീങ്ങണം എന്ന് സംശയിച്ചു നില്‍ക്കുന്ന ഒരു വലിയ വിഭാഗം ഇനി ലിനക്സിലേക്ക് മാറിത്തുടങ്ങും. പണം കൊടുത്ത് മൈക്രോസോഫ്റ്റ് ഉപയോഗിക്കാന്‍ കഴിയുന്ന ഉപയോക്താക്കള്‍ വളരെ കുറവു തന്നെയാണ്. പല അന്താരാഷ്ട്ര ബാങ്കുകളും വിന്‍ഡോസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഓഫീസ് പാക്കേജുകള്‍ ഉള്‍പ്പടെ പലതും സ്വതന്ത്ര സോഫ്റ്റ്വെയറുകളാണ് ഉപയോഗിക്കുന്നത്. നിരവധി സംവിധാനങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുറത്തിറങ്ങിയ ഓപ്പണ്‍ഓഫീസ് 3 ഈ മാറ്റത്തെ കൂടുതല്‍ സുഗമമാക്കുകയും െചയ്യും. മാറ്റങ്ങള്‍ അനിവാര്യമാണ്. ഇപ്പോള്‍ അത് ലിനക്സിന് അനുകൂലവും. അതെ ഒരു ലിനക്സ് പൂക്കാലം വരികയാണ്. ആ വസന്തത്തെ വരവേല്‍ക്കാന്‍ നമുക്കും തയ്യാറാവാം...