സമൂഹത്തിലെ വിവധ തുറകളില്‍ നടക്കുന്ന സംഭവങ്ങളെയും പരിപാടികളേയും ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമങ്ങളുടെ കടമ. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെടുത്താലും അതങ്ങിനെ തന്നെയാണ് എന്നു തോന്നാം. എന്നാല്‍ നടക്കുന്നത് പലപ്പോഴും ഉപരിപ്ളവ റിപ്പോര്‍ട്ടിംഗ് മാത്രമാണ് എന്നതാണ് സത്യം. ജനങ്ങള്‍ ശ്രദ്ധിക്കുന്നത് മാത്രം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ ശ്രദ്ധിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍, അല്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ ഇങ്ങിനെയൊക്കെയായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിപ്പോവുന്നു.
ഇക്കഴിഞ്ഞ നവംമ്പര്‍ 15,16 തീയ്യതികളില്‍ കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ വച്ച് സ്വതന്ത്രസോഫ്റ്റവെയര്‍ ദേശീയ സമ്മേളനം നടന്നു. മാധ്യമങ്ങളിലൂടെ സമ്മേളനം നടക്കുന്നതിനു മുന്‍പു തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ആരെല്ലാമാണ് അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു ആ വാര്‍ത്തകള്‍. രണ്ടു ദിവസമായി നടന്ന ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടനം സമ്മേളനവും അന്നു തന്നെ വൈകിട്ടുള്ള സമ്മേളനവും പിറ്റേ ദിവസം വൈകിട്ട് നടന്ന സമാപന സമ്മേളനവും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ കാര്യമായ മടി കാണിച്ചില്ല. രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ആരെല്ലാം എന്തെല്ലാം പറഞ്ഞു എന്നത് ആവശ്യാനുസരണം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുകയുണ്ടായി. എന്നാല്‍ സമ്മേളനത്തില്‍ നടന്ന നിരവധി പരിപാടികള്‍, സമൂഹത്തിന് നല്കുവാനാകുമായിരുന്ന നിരവധി അറിവുകള്‍, സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍ ഇവയൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ ആരെയും കണ്ടില്ല. അറിവിനേക്കാള്‍ മാധ്യമങ്ങള്‍ക്ക് പ്രിയം ജനപ്രിയ നേതാക്കളെ മാത്രം. രാഷ്ട്രീയക്കാരുടെ പ്രസംഗം വളച്ചും വളക്കാതെയും മാത്രം അവര്‍ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നു.
ഇത് വെറും ഒറ്റപ്പെട്ട സംഭവമല്ല. എത്രയോ സെമിനാറുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇതേ രീതിയിലാണ്. പല ശാസ്ത്ര സെമിനാറുകളും നടക്കുന്നു എന്ന വിവരം മാത്രം കൊട്ടിഘോഷിച്ച് മാധ്യമങ്ങളിലൂടെ നാം അറിയും.ഉദ്ഘാടന സമയത്തോ സമാപന സമ്മേളനത്തിലോ മന്ത്രിമാര്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യ വാര്‍ത്തയായി വരികയും ചെയ്യും. അവിടെ നടന്ന സെമിനാറുകളിലും മറ്റും നടന്ന പ്രസക്തമായ കാര്യങ്ങള്‍ അവിടെ പങ്കെടുത്തവരില്‍ മാത്രമായി ഒതുങ്ങിപ്പോവുകയും ചെയ്തു. സത്യത്തില്‍ ഒരു ശാസ്ത്ര സാങ്കേതിക പരിപാടിയില്‍ ആരു പറയുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്? ഉദ്ഘാടനത്തിന് വരുന്ന മന്ത്രിമാര്‍ക്കോ അതോ അവിടെ പരിപാടികള്‍ അവതരിപ്പിക്കുന്നവര്ക്കൊ? ശാസ്ത്രം അറിയുന്നതിന് ജനങ്ങള്‍ക്ക് താല്പര്യമില്ല എന്ന രീതിയിലാണ് എല്ലാ റിപ്പോര്‍ട്ടിംഗും. ശാസ്ത്രത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ വര്‍ദ്ധിപ്പിക്കുന്നതിനേ ഇത്തരം റിപ്പോര്‍ട്ടിംഗുകള്‍ ഉതകൂ. വര്‍ദ്ധിച്ചു വരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് ഇതും ഒരു കാരണമാകുന്നുണ്ട്. നമ്മുടെ മാധ്യമ രീതികള്‍ മാറിയേ തീരൂ. റിപ്പോര്‍ട്ടിംഗ് എന്തിന് വേണ്ടിയാണ് എന്നത് തീരുമാനിക്കേണ്ടിയിരിക്കുന്നു പക്ഷേ അത് ജനങ്ങളുടെ അറിവിന് പുഷ്ടിപ്പെടുത്തേണ്ടതായിരിക്കണം എന്നു മാത്രം.
മാധ്യമം
Comments
24 മണിക്കൂറും ഒരൊറ്റ ഫ്ലാഷ്ന്യൂസ് ബ്രേക്ക് ചെയ്തുകൊണ്ടിരിയ്ക്കാനും അവർക്കാകും.
ഇതാ,ഇന്നിതെഴുതിക്കൊണ്ടിരിയ്ക്കുമ്പോൾ ‘അഭയ’ക്കേസ്സിന്റെ അറസ്റ്റ്വിവരങ്ങളാൺ അരങ്ങ് തകർക്കുന്നത്.ഇന്നത്തെ ദിവസം മറ്റൊന്നും,മലയാളംചാനലുകളിൽനിന്ന് പ്രതീക്ഷിയ്ക്കേണ്ട.
പുതുയുഗ മാധ്യമമെന്ന നിലയില്‍ ബ്ലോഗ് ഇത്തരുണത്തില്‍ എത്രത്തോളം തങ്ങളുടെ കടമ നിര്‍വ്വഹിക്കും എന്നത് മാത്രമാണ് എന്റെ ചോദ്യം
ഓഫ്:
രാധേയരേ ജനതയുടെ ആത്മാവിഷ്കാരക്കാര് മണികെട്ടാനാ വന്നത് ?
ബെസ്റ്റ്.. ഇങ്ങള് ഏത് യുട്ടോപ്യയിലാണപ്പാ ജീവിക്കണത് ;)
അങ്ങനെ ചില പ്രതീക്ഷകള്‍ ഉണ്ടായിരുന്നു.അതിനു കാരണം അവരുടെ പൂര്‍വ്വികരില്‍ നിന്നാണ് നാം “പുതിയ ആകാശം പുതിയ ഭൂമി” ,“അശ്വമേധം”,“ശരശയ്യ”,വിഷസര്‍പ്പത്തിന് വിളക്ക് വെയ്ക്കരുത്”, തുടങ്ങിയ ശാസ്ത്രപാഠങ്ങള്‍ നാം പഠിച്ചത്.അത് കൊണ്ട് അവരില്‍ നിന്നും കൂടുതല്‍ സാമൂഹിക പ്രതിബദ്ധത പ്രതീക്ഷിച്ചു.പക്ഷെ കണ്ടത് സന്തോഷ് പാലിയെ പോലുള്ള നപുംസക വേഷങ്ങളെയാണ്.
കുറച്ച് മുമ്പ് ഒരു ലാബ് റിസല്‍ട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായി(അഭയകേസ് തന്നെയെന്നുതോനുന്നു) ബന്ധപ്പെട്ട് തീരെ അപര്യാപ്തമായ വിവരങ്ങളാണ് ചാനല്‍ നല്‍കിയതെന്ന് ചാനല്‍ മേധാവിയോട് ഒരു പ്രേക്ഷകന് ലൈവ് ടെലിഫോണ്‍ പരിപാടിയിലൂടെ പറഞ്ഞപ്പോള്‍ റിപ്പോര്‍ട്ടര്‍മാര്‍ അധികവും ആര്‍ട്സ് വിഷയങ്ങള്‍ പഠിച്ചവരാണെന്നും അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അത്തരം പരിമിതികള്‍ ഉണ്ടാവാമെന്നുമായിരുന്നു മേധാവിയുടെ ഉത്തരം.
ഓഫ്
രാധേയന്, കൂട്ടത്തില്‍ മെച്ചം ജനതയുടെ ആത്മാവിഷ്കാരം തന്നെയല്ലേ?
ഭൂമിപുത്രി പറഞ്ഞ പോലെ അഭയക്കേസ് തുടങ്ങിയ വാര്‍ത്തകള്‍ കിട്ടിയാല്‍ പിന്നെ ചാനലുകള്‍ വിടുമോ? ആ കേസിന്റെ പോസ്റ്റ്മോര്‍ട്ടം വരെ മാധ്യമങ്ങള്‍ ചെയ്തു കഴിഞ്ഞു...
രാധേയന്, പൂച്ചക്ക് ആര് മണി കെട്ടും എന്നതിന് അര്ത്ഥമില്ലാതാകുന്നു. മണി കെട്ടിയേ തീരൂ... നിരന്തര പ്രതികരണമാണ് ആവശ്യം
സൂരജ് ഉപജാപരാഷ്ട്രീയവും സിനിമയും ആണ് ജനങ്ങള്‍ക്കിഷ്ടം എന്ന് അവര്‍ കരുതുന്നു. അഥു തന്നെയാണ് ഇന്നത്തെ പ്രശ്നവും..
സാങ്കേതികമായ ഒന്നും റിപ്പോര്‍ട്ടിംഗില്‍ കാണാന്‍ കഴിയുന്നില്ല. അത് മാറാത്ത കാലത്തോളം ജനങ്ങള്‍ സാങ്കേതിക വിദ്യയെ ഭയന്നു കൊണ്ടിരിക്കും...
മലയാളി മാറേണ്ടതു തന്നെയാണ്... മലയാളിക്ക് ഇഷ്ടം രാഷ്ട്രീയവും സിനിമയം അണെന്ന് ആക്കിത്തീര്‍ക്കുന്നതാണ്. അല്ലാതെ ഇഷ്ടമില്ലാഞ്ഞിട്ടല്ല.
ജിവി, താങ്കള്‍ ചൂണ്ടിക്കാണിക്കപ്പെട്ട പോലുള്ള പ്രശന്ങ്ങള്‍ ഉണ്ടാവാം. പക്ഷേ അതെല്ലാം കഴിവുള്ള ഒരു റിപ്പോര്‍ട്ടര്‍ക്ക് മറി കടക്കാവുന്നതേ ഉള്ളൂ...
രാഷ്ട്രീയം ചര്‍ച്ചയാവുകയും ശാസ്ത്രം ഒതുങ്ങിപ്പോവുകയും ചെയ്യുന്നതിന്റെ രഹസ്യം വളരെ ലളിതമാണ്.
രാഷ്ട്രീയത്തെ എങ്ങിനെയും വളച്ചൊടിച്ച് പതിനായിരക്കണക്കിന് അഭിപ്രായങ്ങളിലൂടെ കടത്തിവിടാന്‍ കഴിയും. പക്ഷേ ശാസ്ത്രമോ മറ്റ് സാങ്കേതിക വിവരങ്ങളോ അങ്ങിനെ വളച്ചൊടിക്കാന്‍ പരിമിതികള്‍ ഉണ്ട്... അത്ര മാത്രം..
മന്ത്രിമാരുടെ ഗീര്വണങ്ങള് , അതും അവനവന്റെ രാഷ്ട്രീയം അനുസരിച്ചു വെള്ളം ചേര്‍ത്തും തിളപ്പിച്ചും വിളമ്പുകമാത്രമാണ് ഇന്നത്തെ പത്രപ്രവര്‍ത്തനം. പൊതുജനം എന്ന് വിളിക്കപ്പെടുന്ന നാം ഉള്‍പ്പടെയുള്ള സമൂഹത്തിന് അതില്‍ കൂടുതല്‍ താല്പ്പര്യവുമില്ലെന്നു വാസ്തവമല്ലെ. വാര്‍ത്തകളെ വസ്തുനിഷ്ഠമായി സമീപിക്കുന്ന ഒരു ചെറു വിഭാഗമെന്കിലും ഇല്ല എന്നല്ല, അതൊരു ഗണനീയ ശതമാനമല്ല.
“ഞാന്‍“ ഇട്ട മേല്‍ക്കമന്റ് ലിനക്സിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ ലിങ്കിടണമെന്നു കരുതിയതായിരുന്നു.
എന്നാല്‍ എം.ജി.യൂണിവേശ്സിറ്റിയില് 3 സെമിനാറൂകള് നടത്തിയപ്പോള്‍ എന്നും വൈകുന്നേരം സെമിനാര്‍ സമ്മറി എഴുതി കോട്ടയം പത്രമോഫീസുകളില്‍ കൊണ്ടു ചെന്ന് കൊടുത്തിട്ടും ഈ പറഞ്ഞപോലെ ആദ്യ ദിവസത്തെ ഉല്‍ഘാടന വാര്‍ത്തയല്ലാതെ ഒരു വരി പോലും കൂടുതലായി അവര്‍ ഇട്ടില്ല. പിന്നീടുള്ള ദിവസങ്ങളില്‍ ഒരു വാര്‍ത്തയും കണ്ടില്ല. 4 ആമത്തെ സെമിനാറിന് “പ്രത്യേക” പത്ര സമ്മേളനം വിളിച്ച് കൂട്ടി പറഞ്ഞപ്പോള്‍ ആ സെമിനാറില്‍ പങ്കെടുക്കുവാന്‍ വരുന്ന സായിപ്പിന്മാരെ പ്രൊജക്ട് ചെയ്ത് ഒരു പാരഗ്രാഫ് ഇടുവാന്‍ അവര്‍ തയ്യാറായി. എന്നാല്‍ ആ സെമിനാറിന്റെയും പിന്നീടുള്ള ദിവസങ്ങള്‍ തഥൈവ...
എന്തിന് വര്‍ഷാ വര്‍ഷം കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് നടക്കുന്നുണ്ട്. കേരളത്തിലെ യുവ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ആ സംഭവത്തില്‍ അവിടെ ചര്‍ച്ച ചെയ്യുന്ന ഒരു വാര്‍ത്തയെങ്കിലും നാം കാണാറുണ്ടോ? ആ സമ്മേളനത്തില്‍ ഏറ്റവുമൊടുവില്‍ അവാര്‍ഡ് കിട്ടുന്ന യുവ ശാസ്ത്രജ്ഞരുടെ പേരും അവരുടെ ചെറിയ ഇന്റര്‍വ്യൂവും നല്കി പത്രങ്ങള്‍ കടമ കഴിക്കും.
എന്നാള്‍ ഒരു ഷോയോ ഒരു ക്രിക്കറ്റ് കളിയോ നടന്നാല്‍ പത്രങ്ങളുടെ വെകിളി ഒന്ന് കാണേണ്ടത് തന്നെയാണ്....
ചന്ദ്രായാന്‍ സംഭവത്തില്‍ തന്നെ ശാസ്ത്രപരമായ കാര്യങ്ങളേക്കാള്‍ അതില്‍ പങ്കെടുക്കുന്നവരുടെ സംസ്ഥാനങ്ങള്‍ തിരിച്ചും, ജില്ല തിരിച്ചുമുള്ള പട്ടിക കൊടുക്കുവാനാണ് പത്രങ്ങള്‍ താല്പര്യം കാട്ടുന്നത്...
മാറും എന്നു നമുക്ക് പ്രതീക്ഷിക്കാം..