ഇന്നലെയായിരുന്നു കേരളത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. വഴിയരികിലൂടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഒന്‍പത് പിഞ്ചോമനകളാണ് മറ്റൊരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ സമൂഹത്തിനായി ബാക്കിവച്ച് നമ്മെ വിട്ടു പോയത്. മൂന്ന് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു.

ട്രാഫിക്ക് നിയമങ്ങള്‍ മുതിര്‍ന്നവര്‍ അനുസരിക്കാറില്ലെങ്കിലും കുട്ടികള്‍ അത് തെറ്റിക്കാറില്ല. അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിച്ച് നടന്നുപോയിട്ടും ദുരന്തങ്ങള്‍ നമ്മെ വേട്ടയാടുന്നു. എല്ലാവരും ഒരേ പോലെ അനുസരിക്കുന്ന പരിതസ്ഥിതിയിലേ നിയമങ്ങള്‍ക്ക് സാധുതയുള്ളൂ. പ്രത്യേകിച്ചും ഗതാഗത നിയമങ്ങള്‍. ഈ ദുരന്തത്തിന് നാമോരുരുത്തരും ഉത്തരവാദികളാണ്. നിയമങ്ങള്‍ക്കു നേരെ നാം കാണിക്കുന്ന വിമുഖത ഇനിയും ഇത്തരം വാര്‍ത്തകള്‍ നമ്മെ തേടി വരാന്‍ ഇടയാക്കും.

ഇന്ന വെകിട്ട് ആ പിഞ്ചോമനകള്‍ക്ക് കേരളം യാത്രാമൊഴി നല്‍കുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മനുഷ്യരേയും നാം കാണുന്നു. മൂന്ന് കുട്ടികളുടെ വീട്ടില്‍ ശവസംസ്കാരത്തിനുള്ള സ്ഥലം പോലും ഇല്ലാതെ വന്നപ്പോള്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയ മനസ്സ് മാനുഷികത വറ്റിയിട്ടില്ലാത്തവരുടെ പ്രതീകമാണ്. എട്ടു കുട്ടികളുടേയും സംസ്കാരം ഇവിടെ തന്നെയാണ് നടക്കുന്നത്. എല്ലാവര്‍ക്കും ഒരുമിച്ച് യാത്ര നല്‍കാനുള്ള ഈ തീരുമാനവും മാനുഷികതയുടെ മുഖമാണ് വെളിപ്പെടുത്തുന്നത് . സ്കൂളിലെ ആ കരുന്നുകളുടെ സൌഹൃദങ്ങള്‍ മരണത്തിലും അവസാനിക്കുന്നില്ല. സഹപാഠികള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം ഇരിക്കൂര്‍ നിവാസികളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം.