നീല്‍ ആംസ്ടോങ്ങ് ചന്ദ്രനില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് അവിടെ ചായക്കട നടത്തിയ മലയാളിയാണെന്ന് തമാശക്ക് നാം പറയാറുണ്ട്. ചന്ദ്രനില്‍ ചായക്കട നടത്താന്‍ വെള്ളം വേണ്ടേ എന്നൊക്കെ മറുചോദ്യം ചോദിക്കാനും നാം മിടുക്കരാണ്. ചായക്കട തുടങ്ങാന്‍ പറ്റിയ തരത്തില്‍ അല്ലെങ്കിലും ചന്ദ്രനിലും ജലമുണ്ടെന്നാണ് ചന്ദ്രയാന്‍ -1 ലെ നാസയുടെ ഉപകരണം നടത്തിയ പരീക്ഷണങ്ങള്‍ പറയുന്നത്.

ചന്ദ്രനില്‍ ജലമുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു. ഭാരതത്തിനും അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണിത്. ജലം തന്മാത്രാരൂപത്തില്‍ ചന്ദ്രനിലെ മണ്ണുമായി ഇഴുകിച്ചേര്‍ന്നാണ് കിടക്കുന്നത്. ധ്രുവ്വപ്രദേശങ്ങളിലാണ് ജലതന്മാത്രകളെ കണ്ടെത്തിയത്. ചന്ദ്രയാനുള്‍പ്പടെ മൂന്ന് വ്യത്യസ്ഥ ബഹിരാകാശപേടകങ്ങളിലെ നാസയുടെ ഉപകരണങ്ങള്‍ നല്‍കിയ വിവരങ്ങള്‍ വച്ചാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. ജലതന്മാത്രകള്‍ക്ക് പുറമേ ഹൈഡ്രോക്സില്‍ തന്മാത്രയേയും ചന്ദ്രോപരിതലത്തില്‍ കണ്ടെത്താന്‍ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. പ്രതീക്ഷിച്ചിരുന്നതിലും അധികമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന ജലത്തിന്റെ അളവ്. ചന്ദ്രയാന്‍-1 ലെ മൂണ്‍ മിനറോളജി മാപ്പര്‍ അഥവാ M-3 , നാസയുടെ കാസ്സിനി എന്ന പര്യവേഷണവാഹനത്തിലെ വിഷ്വല്‍ ആന്റ് ഇന്‍ഫ്രാറെഡ് സ്പെക്ട്രോമീറ്റര്‍ അഥവാ VIMS, നാസയുടെ തന്നെ എപ്പോക്സി പര്യവേഷണപേടകത്തിലെ ഹൈറെസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റര്‍ എന്നിവയില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ വിശകലനം ചെയ്താണ് നാസയിലെ ശാസ്ത്രജ്ഞര്‍ ഈ നേട്ടം കൈവരിച്ചത്. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ജലസാന്നിദ്ധ്യം സ്ഥിരീകരിക്കാന്‍ പോന്ന വിവരങ്ങള്‍ ലഭ്യമാക്കിയത്.



(ഇടത് വശത്ത് ചന്ദ്രോപരിതലത്തിന്റെ ഇന്‍ഫ്രാറെഡ് ചിത്രം. വലതുവശത്ത് നീലനിറം സൂചിപ്പിക്കുന്നത് ജലത്തിന്റെ സാന്നിദ്ധ്യമാണ്. ഒരു ഗര്‍ത്തത്തിന് സമീപമാണ് ജലസാന്നിദ്ധ്യം കാണപ്പെടുന്നത്. ഇന്‍ഫ്രാറെഡ് പ്രതിഫലനശേഷിയാണ് തിളക്കമുള്ളഭാഗം സൂചിപ്പിക്കുന്നത്. തിളക്കം കുറഞ്ഞ ഭാഗങ്ങള്‍ ഇന്‍ഫ്രാറെഡ് പ്രകാശത്തിന്റെ ആഗിരണത്തെ സൂചിപ്പിക്കുന്നു. )


ചന്ദ്രനിലെ ഉപരിതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശത്തെയാണ് m-3 പഠനത്തിന് വിധേയമാക്കിയത്. ഇന്‍ഫ്രാറെഡ് തരംഗങ്ങളെയാണ് പഠനവിധേയമാക്കിയത്. ഈ ഇന്‍ഫ്രാറെഡ് വികിരണരാജിയെ പരമാവധി റെസല്യൂഷനോടെ സ്പെക്ട്രോസ്കോപ്പിക്ക് പഠനങ്ങള്‍ക്ക് വിധേയമാക്കി. ചന്ദ്രോപരിതലത്തിലെ ഘടകപദാര്‍ത്ഥങ്ങളെക്കുറിച്ച് വിശദമായ വിവരം ലഭിക്കാന്‍ ഇത് സഹായകരമായി. സ്പെക്ട്രോസ്പോപ്പിക്ക് വിശകലനങ്ങളില്‍ വികിരണരാജിയുടെ ചില ഭാഗങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തന്നെ ആഗിരണം ചെയ്യപ്പെട്ടതായിക്കണ്ടു. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഉണ്ടെങ്കില്‍ മാത്രമേ ഈ ആഗിരണം നടക്കൂ.



(ചന്ദ്രന്റെ മറ്റൊരു ഇന്‍ഫ്രാറെഡ് ചിത്രം. മൂന്ന് വ്യത്യസ്ഥ തരംഗദൈര്‍ഘ്യത്തില്‍ എടുത്തിരിക്കുന്നത്. നീല നിറം ജലതന്മാത്രകളുടേയും ഹൈഡ്രോക്സില്‍ തന്മാത്രകളുടേയും സാന്നിദ്ധ്യം കാണിക്കുന്നു. മൂന്ന് മൈക്രോമീറ്ററിലുള്ള ഇന്‍ഫ്രാറെഡ് വികിരണമാണ് നീല നിറം സൂചിപ്പിക്കുന്നത്. പച്ച 2.4 മൈക്രോമീറ്റര്‍ തരംഗത്തേയും ചുവപ്പ് പൈറോക്സീന്‍ എന്ന ധാതുവിന്റെ സാന്നിദ്ധ്യം സൂചിപ്പിക്കുന്ന 2 മൈക്രോമീറ്റര്‍ തരംഗത്തേയും സൂചിപ്പിക്കുന്നു.)


ഈ തന്മാത്രകള്‍ ചന്ദ്രോപരിതലത്തിലെ പാറകളിലും സിലിക്കേറ്റ് അടങ്ങിയ പദാര്‍ത്ഥങ്ങളിലുമായി ഇഴുകിച്ചേര്‍ന്ന് കിടക്കുകയാണ്. ചന്ദ്രനില്‍ ജലം കണ്ടെത്തി എന്നത് ഒരിക്കലും ഒരു ജലാശയമാണ് എന്ന് അര്‍ത്ഥമില്ല. ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രനിലെ ഉപരിതലത്തില്‍ കാണപ്പെടുമ്പോള്‍ തന്നെ ചന്ദ്രനിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലതന്മാത്രകളെയാണ് കൂടുതല്‍ കാണുന്നത്. ശനിയെക്കുറിച്ച് പഠിക്കാന്‍ വിക്ഷപിച്ച കാസ്സിനി പേടകം 1999ല്‍ ചന്ദ്രനടുത്തു കൂടി കടന്നു പോവുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. അന്നു തന്നെ ജലത്തിന്റെ സാന്നിദ്ധ്യം അറിഞ്ഞിരുന്നെങ്കിലും അതിന് സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. കാസ്സിനിയിലെ VIMS തന്ന വിവരങ്ങളും ചന്ദ്രയാനിലെ m3 തന്ന വിവരങ്ങളും ഒരേ കാര്യം തന്നെയാണ് ചൂണ്ടിക്കാണിച്ചത്. 1000 കിലോഗ്രാം ചന്ദ്രോപരിതലത്തിലെ മണ്ണില്‍ ഏതാണ്ട് ഒരു കിലോഗ്രാം (~946ഗ്രാം) ജലമുണ്ടാകാം എന്നാണ് ഇതു വരെയുള്ള വിവരങ്ങള്‍ കാണിക്കുന്നത്. ചന്ദ്രയാനും കാസ്സിനിയും തന്ന വിവരങ്ങളെ സ്ഥിരീകരിക്കാനും വികസിപ്പിക്കാനും ഹാര്‍ട്ലി-2 എന്ന വാല്‍നക്ഷത്രത്തെക്കുറിച്ച് പഠിക്കാന്‍ അയച്ച എപ്പോക്സി തന്ന വിവരങ്ങള്‍ക്ക് സാധിച്ചു. ഹാര്‍ട്ലിയിലേക്കുള്ള യാത്രക്കിടയ്ക്ക് ഇക്കഴിഞ്ഞ ജൂണില്‍ ചന്ദ്രനടുത്തുകൂടി ഈ പര്യവേഷണവാഹനം കടന്നുപോവുകയുണ്ടായി.

പുതിയ ചോദ്യങ്ങളാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ചന്ദ്രനിലെ ഈ ജലം എവിടെ നിന്നും വന്നു? ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ചന്ദ്രന്റെ ധാതുഘടനയെ എങ്ങിനെ സ്വാധീനിക്കും? എല്ലാക്കാലത്തും ഈ ജലം നിലനിന്നിരുന്നോ? ഭാവിയിലും ഈ ജലതന്മാത്രകളും ഹൈഡ്രോക്സില്‍ തന്മാത്രകളും ഇതേപോലെ നിലനില്‍ക്കുമോ? ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ഇത് എത്രത്തോളം സഹായകരമാണ്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ വരും കാലത്തെ പഠനങ്ങള്‍ക്കായി ഉയര്‍ന്നു വരുന്നു. ഓരോ കണ്ടെത്തലുകളും പുതിയ സമസ്യകള്‍ സൃഷ്ടിക്കുകയാണ് എന്നു സാരം.