ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റുപയോഗിച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹത്തെ വിക്ഷേപിച്ച് ഇന്ത്യ ബഹിരാകാശരംഗത്ത് പുതിയ ചരിത്രംകുറിച്ചു

ഇന്ത്യയുടെ ഏറ്റവും വലിയ (ഭാരംകൊണ്ട്. ഉയരം കൊണ്ടല്ല) റോക്കറ്റുപയോഗിച്ചാണ് ജിസാറ്റ് 29നെ വിക്ഷേപിച്ചത്. GSLV MkIII-D2 (2nd Developmental flight of Geosynchronous Satellite Launch Vehicle MarkIII) എന്ന പടുകൂറ്റന്‍ റോക്കറ്റ്. മൂന്നു സ്റ്റേജുകളാണ് ഈ റോക്കറ്റിനുള്ളത്. ഏറ്റവും താഴെ ഇരുവശങ്ങളിലായി അത്ര ചെറുതല്ലാത്ത രണ്ടു റോക്കറ്റുകള്‍. ഇതില്‍ ഖരഇന്ധനമാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് 205ടണ്‍ വീതം വരും ഓരോ സ്ട്രാപ്ഓണ്‍ റോക്കറ്റിലെയും ഇന്ധനത്തിന്റെ ഭാരം. അടുത്തത് ലിക്വിഡ് സ്റ്റേജാണ്. 116ടണ്‍ ഭാരമുള്ള ദ്രവഇന്ധനം നിറച്ച ഭാഗമാണിത്. ഏറ്റവും അവസാനം മുകളിലായി ക്രയോജനിക് സ്റ്റേജും ഉണ്ട്. ദ്രവീകരിച്ച ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന ഇന്ധനമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഏതാണ്ട് 28600കിലോഗ്രാം ഭാരം വരും ഇതിന്. അവസാന സ്റ്റേജായ ക്രയോജനക് സ്റ്റേജ് വേര്‍പെട്ട് ഏതാനും സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഉപഗ്രഹത്തെ താത്ക്കാലികപരിക്രമണപഥത്തിലേക്ക് റോക്കറ്റില്‍നിന്നും തള്ളിവിട്ടു.








3423കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹമാണ് GSAT-29. ഇന്ത്യയില്‍നിന്നും വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹം എന്ന റെക്കോഡാണ് ഇപ്പോള്‍ ജിസാറ്റ് 29ന് ഉള്ളത്. ഒരു ഭൂസ്ഥിര ഉപഗ്രഹമാണ് ഇത്. എന്നുവച്ചാല്‍ ഇന്ത്യയില്‍നിന്നും നോക്കിയാല്‍ എപ്പോഴും നമ്മുടെ തലയ്ക്കു മുകളില്‍ ഈ ഉപഗ്രഹം ഉണ്ടാവും. ഭൂമി കറങ്ങുന്ന അതേ വേഗതയില്‍ ഭൂമിയെ ചുറ്റുന്നതിനാലാണ് ഇങ്ങനെ കാണാന്‍ കഴിയുന്നത്. 36000കിലോമീറ്റര്‍ ഉയരെ ആയതിനാല്‍ കാണാനൊന്നും പറ്റില്ലെന്നു മാത്രം. പക്ഷേ നേരിട്ട് ഇത്രയും ഉയരത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുകയൊന്നുമല്ല ചെയ്യുന്നത്. ഭൂമിക്കു ചുറ്റുമുള്ള ഒരു ദീര്‍ഘവൃത്താകൃതിയിലുള്ള പാതയിലേക്കാണ് റോക്കറ്റുപയോഗിച്ച് ഉപഗ്രഹത്തെ കൊണ്ടിടുന്നത്. ഭൂമിയ്ക്ക് 190കിലോമീറ്റര്‍ വരെ അരികിലും 35975കിലോമീറ്റര്‍വരെ അകലത്തിലും ആയ ഒരു അതിദീര്‍ഘവൃത്താകാര പാതയാണിത്. ഇവിടെ നിന്നും ഘട്ടം ഘട്ടമായി ഉപഗ്രഹത്തിന്റെ കൂടെയുള്ള കുഞ്ഞുറോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഭൂസ്ഥിരപരിക്രമണപഥത്തിലേക്ക് പതിയെ എത്തിക്കും.
ഇന്ത്യയിലെ ശാസ്ത്രസാങ്കേതികമികവിന് ഏറെ പ്രോത്സാഹനം നല്‍കിയ ശാസ്ത്രവാദി കൂടിയായ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് രാജ്യം നല്‍കിയ ആദരവ് കൂടിയാണ് ഈ വിക്ഷേപണം. നവംബര്‍ 14ന് വൈകിട്ട് 5.08ന് കുതിച്ചുയര്‍ന്ന റോക്കറ്റ് 17 മിനിറ്റിനുശേഷം GSAT29നെ അതിന്റെ താത്ക്കാലിക പരിക്രമണപഥത്തില്‍ എത്തിച്ചു.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ഉപഗ്രഹം ചന്ദ്രയാന്‍ 2 ഈ റോക്കറ്റ് ഉപയോഗിച്ചായിരിക്കും വിക്ഷേപിക്കുക എന്ന് വിക്ഷേപണവിജയത്തിനു പുറകേ ഇസ്രോ ചെയര്‍മാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ സ്വന്തം റോക്കറ്റും സാങ്കേതികവിദ്യകളും ഉപയോഗിച്ചുള്ള ചാന്ദ്രപര്യവേക്ഷണം. അത് ശാസ്ത്രസാങ്കേതികരംഗത്ത് കൂടുതല്‍ ഊര്‍ജ്ജം പകരും എന്നു വ്യക്തം.
ചിത്രങ്ങള്‍ക്കും വിവരത്തിനും കടപ്പാട്: ISRO