ഇന്നലെ ഇന്‍സൈറ്റിലേറി കാല്‍ കോടി ആളുകളുടെ പേരുകള്‍ ചൊവ്വയിലെത്തുന്ന കാര്യം പറഞ്ഞല്ലോ. ഇന്ന് ആ ദൗത്യത്തെക്കുറിച്ചാവാം ചര്‍ച്ച.


ചൊവ്വയെക്കുറിച്ചു പഠിക്കാന്‍ നമ്മള്‍ ഇഷ്ടംപോലെ ദൗത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ചൊവ്വയ്ക്കു ചുറ്റമുള്ള പരിക്രമണപഥത്തില്‍ കറങ്ങുന്ന ഉപഗ്രഹങ്ങള്‍ മാത്രമല്ല, ചൊവ്വയില്‍ ഓടിനടന്ന് പരീക്ഷണം നടത്തുന്ന പേടകങ്ങള്‍ മുതല്‍ അനങ്ങാതെ ഒരിടത്തുനിന്ന് കുഴികുഴിച്ച് പഠിക്കുന്ന പേടകം വരെ. അവയില്‍ ഏറ്റവും പുതിയതാണ് ഇന്‍സൈറ്റ് എന്ന പേടകം. ( Interior Exploration using Seismic Investigations, Geodesy and Heat Transport എന്നാണത്രേ ഇന്‍സൈറ്റിന്റെ ശരിക്കും പേര്. ) ഇത് ഒരു ലാന്‍ഡര്‍ ആണ്. ചൊവ്വയിറങ്ങുന്നതെവിടെയാണോ അവിടെത്തന്നെ നില്‍ക്കുകയേ ഉള്ളൂ ഇ കക്ഷി. ഓടി നടക്കാന്‍ ചങ്ങാതി ഉദ്ദേശിക്കുന്നില്ലെന്നര്‍ത്ഥം. ലാന്‍ഡ് ചെയ്യുന്നിടത്ത് കുഴി കുഴിച്ച് അതിനുള്ളിലെ പാറയും മണ്ണും ഒക്കെ പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കലാവും കക്ഷിയുടെ പണി. ചുരുക്കത്തില്‍ ചൊവ്വ തുരന്ന് പഠനം നടത്താന്‍ കഴിയുന്ന പരീക്ഷണശാലയാണ് ഇന്‍സൈറ്റ്.
അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ അപഗ്രഥിച്ചാല്‍ ഭൂമി, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ പരിണാമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വരെ ലഭിച്ചേക്കും എന്നതാണ് രസകരമായ വസ്തുത. അതെങ്ങനെയാണെന്നല്ലേ.
ചൊവ്വയും ഭൂമിയും ചന്ദ്രനും എല്ലാം രൂപപ്പെട്ടത് ഏകദേശം ഒരേ കാലയളവിൽ ആണ് അതായത് 450 കോടി വർഷങ്ങൾക്കുമുമ്പ്. ഏകദേശം ഒരേ ഘടനയാണ് ഗ്രഹങ്ങൾക്ക് ഉള്ളത് എന്നിരുന്നാലും കാലാന്തരത്തിൽ അവ പരിണമിച്ചത് വ്യത്യസ്തമായ രീതിയിലാണ്. എന്തുകൊണ്ടാണ് ഒരേ സമയത്ത് ഉണ്ടായിട്ടും ഇവ വ്യത്യസ്തമായ രീതിയിൽ പരിണമിച്ചത് എന്നതിനുള്ള ഉത്തമാണ് പഠനത്തിലൂടെ നേടാന്‍ കഴിയുക. ചൊവ്വയുടെ ഉള്‍ക്കാമ്പ്, മാന്റില്‍, പുറംപാളി എന്നിവയുടെ വലിപ്പവും ഘടനയും അളക്കുകയാണ് ഇന്‍സൈറ്റ് ചെയ്യുക.
മനുഷ്യൻ ഏറ്റവും കൂടുതൽ പഠിച്ചിട്ടുള്ളത് നമ്മുടെ ഭൂമിയെ കുറിച്ച് തന്നെയാണ്. ഭൂമിയെപ്പോലെ അത്രയധികം മാറ്റങ്ങള്‍ ചൊവ്വയുടെ പ്രതലത്തില്‍ വന്നിട്ടില്ല എന്നാണ് അനുമാനം. അതിനാല്‍ ചൊവ്വയുടെ പഠനം ചൊവ്വയുടെ ആരംഭകാലത്തെക്കുറിച്ചുള്ള പഠനം കൂടി ആവും.
ചൊവ്വയുടെ കൂടുതല്‍ വിവരം ഇന്‍സൈറ്റ് തരുന്നതോടെ ഭൂമിയുടെയും ചൊവ്വയുടെയും ഘടനയെയും മറ്റും താരതമ്യപ്പെടുത്തി ഭൂസമാനഗ്രഹങ്ങളുടെ പരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാൻ കഴിയും. ഇതുകൂടാതെ ചൊവ്വാകമ്പനങ്ങളെക്കുറിച്ചും ഉള്‍ക്കാപതനം മൂലമുണ്ടായ മാറ്റങ്ങളും ഇന്‍ൈസറ്റ് പഠനവിധേയമാക്കും.സൗരയൂഥത്തിനു പുറത്ത് ഭൂമിയെ പോലുള്ള അന്യഗ്രഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തെക്കൂടി ഈ പഠനം ഏറെ സഹായിക്കും എന്നും കരുതുന്നു.
ചൊവ്വയിലേക്ക് ഇറങ്ങിയ ദൌത്യങ്ങളില്‍ നാല്‍പ്പതുശതമാനം വിജയം മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ത്തന്നെ ഇന്‍സൈറ്റിന്റെ ലാന്‍ഡിങ് ഏറെ കരുതലോടെ സൂക്ഷ്മതയോടെ നടത്തേണ്ടിവരും. 2008ല്‍ നാസ ഫീനിക്സ് എന്ന പേടകത്തെ ചൊവ്വയുടെ വടക്കേധ്രുവത്തില്‍ ഇറക്കിയിരുന്നു. ഏറെക്കാലം ഫീനിക്സ് അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഫീനിക്സിന്റെ മറ്റൊരു പതിപ്പാണ് കാഴ്ചയിലും ഉള്ളടക്കത്തിലും ഇന്‍സൈറ്റ്. ഹീറ്റ്ഷീല്‍ഡിന്റെയും പാരച്യൂട്ടിന്റെയും ഡിസൈനിലെ വ്യത്യാസം ഒഴിച്ചുനിര്‍ത്തിയാല്‍ രണ്ടും തമ്മില്‍ വലിയ വ്യത്യാസം ഇല്ല. പാരച്യൂട്ട്, റോക്കറ്റ്, കാലുകള്‍ - ഇവയാണ് ഇന്‍സൈറ്റിനെ ചൊവ്വയിലിറങ്ങാന്‍ സഹായിക്കുക. ഇറങ്ങിയ സ്ഥലത്തുതന്നെ നിന്നാവും ഇന്‍സൈറ്റ് വിവരങ്ങള്‍ ശേഖരിക്കുക എന്നു നേരത്തേ പറഞ്ഞല്ലോ. ഓടി നടക്കാനുള്ള ചക്രങ്ങള്‍ ഇല്ലാത്ത പേടകം ആണിത്. റോവര്‍ അല്ല, മറിച്ച് ലാന്‍ഡര്‍ മാത്രമാണ് എന്നു ചുരുക്കം.


ചൊവ്വയിലെ എലിസിയം പ്ലാനിറ്റിയ (Elysium Planitia) എന്നയിടത്താണ് ഇന്‍സൈറ്റ് ഇറങ്ങുക. വളരെ വലിയ ഒരു പ്രദേശമാണിത്. മൂന്നോളം അഗ്നിപര്‍വ്വതങ്ങള്‍ ഉള്ള ഒരു പ്രദേശം. ചൊവ്വയില്‍ എവിടെ ഇറങ്ങിയാലും ഏകദേശം ഒരേപോലത്തെ വിവരങ്ങള്‍ തരാന്‍ ഇന്‍സൈറ്റിനു കഴിയും. എങ്കിലും ലാന്‍ഡര്‍ നില്‍ക്കാന്‍ അനുയോജ്യമായ സ്ഥലം നോക്കിയിറങ്ങുന്നത് നന്നാവും എന്നതിനാലാണ് എലിസിയത്തില്‍ ഇറക്കുന്നത്. ക്യൂരിയോസിറ്റി എന്ന പേടകത്തെക്കുറിച്ചു കേട്ടിട്ടില്ലേ. ചൊവ്വയില്‍ ഇപ്പോഴും ഓടിനടന്ന് പര്യവേക്ഷണം നടത്തുന്ന പേടകം. ക്യൂരിയോസിറ്റി ഇറങ്ങിയ സ്ഥലത്തുനിന്നും ഏതാണ്ട് 600-700കിലോമീറ്റര്‍ അകലെയാവും ഇന്‍സൈറ്റ് നില്‍ക്കുക.
ഇന്‍സൈറ്റിന്റെ ലാന്‍ഡിങ് സമയത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളെയും നാസ മുന്‍കൂട്ടി കണ്ടിട്ടുണ്ട്. പൊടിക്കാറ്റാണ് ഒരു പ്രശ്നം. എന്നാല്‍ ശക്തമായ പൊടിക്കാറ്റ് ഉണ്ടായാലും ലാന്‍ഡിങ് വിഷമമില്ലാതെ നടക്കും എന്നാണ് നാസ അവകാശപ്പെടുന്നത്. അത്തരത്തിലാണത്രേ ലാന്‍ഡറിലെ റോക്കറ്റുകളും മറ്റും രൂപകല്പന ചെയ്തിരിക്കുന്നത്.
പാരച്യൂട്ടും ഹീറ്റ്ഷീല്‍ഡും പൊടിക്കാറ്റിനെ പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ചൊവ്വയ്ക്കു ചുറ്റും പരിക്രമണം നടത്തുന്ന പേടകമായ മാര്‍സ് റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ചൊവ്വയിലെ കാലാവസ്ഥയെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. ഈ നിരീക്ഷണവിവരങ്ങളുടെ അടിസ്ഥാനത്തിലാവും പാരച്യൂട്ട് അടക്കമുള്ളവ എപ്പോള്‍ പ്രവര്‍ത്തിപ്പിക്കണം എന്നു തീരുമാനിക്കുന്നത്. (തുടരും)
അടുത്ത ദിവസം ഇന്‍സൈറ്റ് ദൗത്യത്തിനൊപ്പം പുറപ്പെട്ട ഒരു അനുബന്ധ ദൗത്യത്തെക്കുറിച്ചാവാം ചര്‍ച്ച!

ചിത്രങ്ങള്‍ക്കു കടപ്പാട്: NASA\JPL-Caltech