Monday, October 13, 2008

പെട്രോള്‍ വില കുറയ്കണം എന്നാരും പറയാത്തതെന്താ?

പെട്രോള്‍ വില കുറയ്കണം എന്നാരും പറയാത്തതെന്താ?

പെട്രോളിയം വില ബാരലിന് 140$ ല്‍ കൂടുതലായ ഒരു സമയമുണ്ടായിരുന്നു നമുക്ക്. അന്ന് എന്തെല്ലാം പുകിലുകളായിരുന്നു പെട്രോളിയം കമ്പനികള്‍ കാണിച്ചു കൂട്ടിയിരുന്നത്. അങ്ങിനെ പെട്രോളിയം ഉല്പന്നങ്ങളുടെ വില കുതിച്ചുയര്‍ന്നു. പെട്രോളിയം വില കുറക്കണം എന്നു പറഞ്ഞ് ഒരു സമരം പോലും ഉണ്ടായുമില്ല. പണ്ടൊക്കെ പെട്രോളിന് അന്‍പതു പൈസ കൂട്ടുമ്പോഴേക്കും സമരങ്ങളിലൂടെ നാം പ്രതികരിക്കുമായിരുന്നു. ഇപ്പോള്‍ അഞ്ചു രൂപ കൂട്ടിയാല്‍ പോലും ഒരു പ്രശ്നവുമില്ലാതെ അംഗീകരിക്കാന്‍ നാം ശീലമാക്കിയിരിക്കുന്നു. പെട്രോളിയം വില കൂടുന്നതിനനുസരിച്ച് മറ്റെല്ലാ മേഖലയിലും വില വര്‍ദ്ധിക്കുകയും ചെയ്യും. ബസ്സ് ചാര്‍ജ്ജ് കൂട്ടണമെന്നു പറഞ്ഞായിരിക്കും അതില്‍ പ്രധാന സമരം. തുടര്‍ന്ന് മറ്റ് വാഹനങ്ങളും. ഇപ്പോള്‍ പെട്രോളിയം വില ബാരലിന് 80$ താഴെയായി മാറിയിരിക്കുന്നു.
പെട്രോളിയത്തിന് ഈ വിലയായിരുന്നപ്പോള്‍ പെട്രോളിനും ഡീസലിനുമെല്ലാം എത്രയായിരുന്നു വില എന്നൊന്ന് ആലോചിച്ചു നോക്കൂ.

ഇപ്പോള്‍ കുറഞ്ഞ നിരക്കു വച്ച് പെട്രോള്‍, ഡീസല്‍ വിലകളില്‍ ൫0% എങ്ങിലും കുറവു വരേണ്ടതാണ്. സാമ്പത്തിക മാന്ദ്യം എല്ലാ മേഖലയിലും എന്ന പോലെ രുപയുടെ മൂല്യത്തിലും കുറവു വരുത്തി. ഡോളറിന്‍റെ വില ഏതാണ്ട് 50 രൂപ തന്നെയായി മാറി. അതു വച്ച് നോക്കിയാല്‍ പോലും 30% വിലക്കുറവെങ്കിലും ഉണ്ടാകേണ്ടതാണ്. അങ്ങിനെ വില കുറക്കാന്‍ ഒരു കമ്പനിയും തയ്യാറാവില്ല. എന്നാല്‍ എന്തിനും ഏതിനും സമരം ചെയ്യുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും അന്താരാഷ്ട്ര വിലക്കനുസരിച്ച് ഇന്ധനവില കുറക്കണം എന്നു പറഞ്ഞ് ഒരു സമരമോ എന്തിന് ഒരു പ്രസ്ഥാവന പോലും ഉണ്ടായില്ല. മുട്ടിന് മുട്ടിന് സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് , മറ്റ് വാഹനക്കാരില്‍ നിന്നും ഇന്ധനവിലകുറക്കണം എന്ന ആവശ്യം ജനങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ രാഷ്ട്രീയ സംഘടനകളില്‍ നിന്നും പ്രതീക്ഷിക്കുന്നത് അതല്ല. എന്തിനാണ് രാഷ്ട്രീയം? രാഷ്ട്രത്തെ സംബന്ധിച്ച ഏതു കാര്യങ്ങളിലും ആശയങ്ങള്‍ രൂപീകരിക്കുന്നതിനും തീരുമാനങ്ങള്‍ പ്രാവര്‍ത്തികമാക്കേണ്ടതിലും രാഷ്ട്രീയ സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ അതിനൊന്നും മുതിരാതെ നടക്കുന്ന രാഷ്ട്രീയ സംഘടനകള്‍ മുഴുവന്‍ രാഷ്ട്രത്തിന്‍റെയും ജനങ്ങളുടെയും അധീനതയിലല്ല മറിച്ച് പണത്തിന്‍റെ അധീനതയിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ആവശ്യപ്പെടാതെ തന്നെ ചെയ്തു തരേണ്ട ഔന്നത്യമാണ് രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

14 comments:

ആചാര്യന്‍... said...

പെട്രോളിന്‍റെ വെലക്കയറ്റം പറഞ്ഞ് വണ്ടിക്കൂലി, ചരക്ക് - നോക്ക് കൂലി, അരി - ഉള്ളി വെല, കാന്താരി മൊളകു വെല, പത്ര വെല, ചാനല്‍ 'നോക്കു' കൂലി, ചുരിദാര്‍ വെല, കള്ള് വെല എല്ലാം കൂട്ടി വെച്ചേക്കുവല്യോ...

റബറും തേങ്ങേം വെല കൊറക്കുകേം ചെയ്തു തന്നു(ഏത്,ക്രൂഡോയില്‍ വെല കൊറഞ്ഞ കൊണ്ടാരിക്കും)

ഇനി കൊറക്കാനോ നല്ല കത...

അങ്കിള്‍ said...

അതെ, അചാര്യന്‍ പറഞ്ഞതു തന്നെയാണ് കാര്യം. പെട്രോളിനു വില കുറച്ചാല്‍ വിവരം അറിയും.

ടോട്ടോചാന്‍ (edukeralam) said...

ആചാര്യന്‍, അങ്കിള്‍,

ശരി തന്നെ, പക്ഷേ നമ്മുടെയീ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അത്രക്കങ്ങ് താഴ്ന്നു പോകേണ്ടതുണ്ടോ?

വി. കെ ആദര്‍ശ് said...

പെട്രോളിയം വില അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കുറഞ്ഞു എന്നതിനൊപ്പം തന്നെ ഡോളറുമായി സാമ്യപ്പെടുത്തി നോക്കുമ്പോള്‍ രൂപയ്ക്ക് ഉണ്ടായ ഇടിവ് പെട്രോളിയം കമ്പനികളെ കുഴക്കിയിരിക്കുക യാണ്. എണ്ണ വില കുറഞ്ഞപ്പോള്‍ അതിന് ആനുപാതികമായല്ല രൂപയുടെ വിനിമയ അനുപാതം മാറിയത്. രൂപയുടെ മൂല്യം പഴയ പോലെ ഉടനെ ഒന്നും ആകുമെന്നു തോന്നുന്നില്ല. കാത്തിരുന്നു കാണാം.

Radheyan said...

അങ്ങനെ നോക്കിയാല്‍ പോലും ലാഭം പെട്രോളിയം കമ്പിനികള്‍ക്കല്ലേ, ആദര്‍ശ്.

ഒരു പക്ഷെ വിലയില്‍ ഒരു സ്ഥിരത ഉണ്ടായാല്‍ കുറയ്ക്കുമായിരിക്കും.
അല്ലെങ്കില്‍ നമ്മുക്ക് കുറച്ച് വീപ്പ വാങ്ങി പൂഴ്ത്തിവെച്ചാലോ?

വി. കെ ആദര്‍ശ് said...

എങ്ങനെ ലാഭം ആകും പെട്രോളിയം കമ്പനികള്‍ക്ക്, മുന്‍പ് ഒരു ഡോളര്‍ വിദേശത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കാനായി ആഭ്യന്തര വിപണിയില്‍ നിന്ന് 41 രൂപ സ്വരൂപിച്ചാല്‍ മതിയായിരുന്നു, ഇപ്പോഴോ 47 രൂപ വേണ്ടേ 1 $ ഒപ്പിക്കാന്‍ !!

ടോട്ടോചാന്‍ (edukeralam) said...

ആദര്‍ശ്,
ഡോളറിന്‍റെ താരതമ്യം ഉള്‍പ്പടെ നോക്കിയാല്‍ പോലും ഏകദേശം 30% വില കുറയ്കുന്നതിന് തടസ്സമുണ്ടാകാനിടയില്ല. കാരണം ബാരലിന് പകുതിയോളമായാണ് വില കുറഞ്ഞത്..

രാധേയന്‍, സര്‍ക്കാരിന് വേണമെങ്കില്‍ കുറെ പൂഴ്ത്തി വയ്കാമായിരുന്നു (കരുതല്‍ ശേഖരം). അങ്ങിനെയെങ്കില്‍ വില വലിയ വ്യതിയാനം സംഭവിക്കുമായിരുന്നില്ല. ഇപ്പോളും സര്‍ക്കാരിന് ഇത് ചെയ്യാവുന്നതാണ്. കരുതല്‍ ശേഖരം ഉണ്ടാക്കുക.

അനില്‍@ബ്ലോഗ് said...

ടോട്ടോചാന്‍,
അങ്ങിനെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ഇന്ത്യ ഇന്നു കാണുന്ന വിലക്കയറ്റം അനുഭവിക്കില്ലായിരുന്നു.

പൊതുമേഖലയിലെ ഭക്ഷ്യധാന്യ സംഭരണം എപ്രകാരമാണ് തകര്‍ക്കപ്പെട്ടതെന്നു നമ്മള്‍ കണ്ടതല്ലെ?

പെട്രോളിയം വില നിര്‍ണ്ണയിക്കാനുള്ള അധികാരം സര്‍ക്കാര്‍ കൈവിട്ടപ്പോഴും പലരും മുന്നറിയിപ്പ് നല്‍കി.

പൊതു മേഖലാ ബാങ്കുകള്‍ വിദേശ പണച്ചാക്കുകള്‍ക്ക് തുറന്നു കൊടുക്കാനാണ് ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് . എന്നിട്ട് പറയുന്നതോ, ദേശീയ ബാങ്കുകള്‍ ഉണ്ടായതു കൊണ്ട് ഇന്ത്യ പിടിച്ചു നില്‍ക്കുന്നു എന്നും !!!

വി. കെ ആദര്‍ശ് said...

കരുതല്‍ ശേഖരം ഉണ്ടാക്കുക എന്നാല്‍ ട്രില്യണ്‍ കണക്കിന് എണ്ണ കരുതുക എന്നാണ് അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല. സംഭരണികള്‍, അതിനായുള്ള പണം ഒക്കെ നൊക്കണം.

പിന്നെ എണ്ണ ക്ഷമതയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് നിരോധിക്കാമല്ലോ.ഒരു കാറില്‍ ഒരാള്‍ മാത്രം സഞ്ചരിക്കുന്നതും തടയണം. ചില വിദേശ രാജ്യങ്ങളില്‍ ഈ നിയന്ത്രണം നിലവില്‍ ഉണ്ട്.

എല്ലാര്‍ക്കും വാഹനം എതു സമയത്തും എത്ര എണ്ണം വേണമെങ്കിലും സ്വന്തമാക്കാം എന്ന രീതി മാറണം. ആര്‍ക്കൊക്കെ സ്വകാര്യ വാഹനം ആകാം (തോക്ക് ലൈസന്‍സ് പോലെ) എന്ന് തീരുമാനിക്കാം. ഉള്ള വാഹങ്ങള്‍ക്ക് എണ്ണയ്ക്ക് റേഷനിംഗും ഏര്‍പ്പെടുത്തണം. അനുവദനീയമായ പരിധി കഴിഞ്ഞാല്‍ കൊടുക്കട്ടെ മൂന്നോ നാലോ ഇരട്ടി തുക. കഴിഞ്ഞ ബഡ്ജറ്റ് പ്രസംഗത്തില്‍ പാചകവാതകത്തിന് ഇങ്ങനെ ഒരു നിയന്ത്രണം കൊണ്ട് വന്നത് അഭിനന്ദനാര്‍ഹവും ഈ വഴിക്കുള്ള ആദ്യ നീക്കവുമായി കരുതാം.

ഇങ്ങനെ ഒരു തീരുമാനം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ ആദ്യമായി പൊതു ഗതാഗത സൌകര്യങ്ങള്‍ കാര്യക്ഷമവും ശക്തവും ആക്കണം. റെയില്‍, റോഡ് സൌകര്യങ്ങള്‍ നന്നാകട്ടെ.

നിയന്ത്രണങ്ങള്‍ വരുമ്പോള്‍ നിരത്തില്‍ വാഹനങ്ങള്‍ കുറയും, മലിനീകരണം കുറയും, ഇന്ത്യയുടെ മൊത്തം ആഭ്യന്തര എണ്ണ ഉപയോഗം കുറയും.

ഭൂമിപുത്രി said...

“ജനങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ആവശ്യപ്പെടാതെ തന്നെ ചെയ്തു തരേണ്ട ഔന്നത്യമാണ് രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.”

ജനങ്ങളെ,5 വർഷംകൂടുമ്പോഴല്ലാതെ ആർക്കുവേണം ടോട്ടൊചാൻ?
ഇപ്പോഴും ഇങ്ങിനെയൊക്കെ പ്രതീക്ഷിയ്ക്കാനുള്ള
നിഷക്കളങ്കത താങ്കൾക്കുണ്ടല്ലോ!

Anonymous said...

നിങ്ങളുടെ കാഴ്ചപ്പാടില്‍ രാഷ്ട്രീയ പാര്‍ടി എന്നാല്‍ എന്താണാവോ ?

ജനങ്ങളില്ലാതെ രാഷ്ട്രീയ പാര്‍ടിയുണ്ടാകുമോ ?

രാഷ്ട്രീയ പാര്‍ടി എങ്ങിനെ ജനങ്ങളുടെ ആവശ്യങ്ങള്‍ അവര്‍ ആവശ്യപ്പെടാതെ തന്നെ ചെയ്തു തരും ?

രാഷ്ട്രീയക്കാര്‍ ജനങ്ങള്‍ തന്നെയല്ലെ ?

രാഷ്ട്രീയത്തിന് ഇതില്‍ പങ്കുണ്ടെന്നാണ് കാണുന്നതെങ്കില്‍ രാഷ്ടീയക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയല്ല, ജനങ്ങള്‍ രാഷ്ടീയം കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് ശരി.അവരുടെ സൃഷ്ടിയാണത്. അധികാരം പകര്‍ന്ന് നല്‍കുകയാണ്. അത് ദുരുപയോഗം ചെയ്യാന്‍ പാടില്ലാത്തതാണ്. പ്രതീക്ഷക്കൊത്തുയരുന്നില്ലെങ്കില്‍ കൈകാര്യം ചെയ്യുക തന്നെ വേണം.

ടോട്ടോചാന്‍ (edukeralam) said...

അനില്‍, താങ്കള്‍ പറഞ്ഞത് ശരിയാണ്,
പൊതു മേഖലയെ തുരത്താനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ് ഇന്ന് കാണുന്ന പലതും. പൊതുമേഖലയില്‍ നിലനിര്‍ത്തേണ്ട എല്ലാത്തിനേയും പൊതു മേഖലയില്‍ തന്നെ നിലനിര്‍ത്തണം. സത്യത്തില്‍ പൊതുമേഖല ബാങ്കുകള്‍ ഉള്ളതു കൊണ്ടു തന്നെയാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിലും നാം പിടിച്ചു നില്‍ക്കുന്നത്.

ആദര്‍ശ്, ഇന്ത്യക്ക് ഒരു എണ്ണ കരുതല്‍ സംവിധാനം ഉണ്ടായിരുന്നു എന്നാണ് എന്‍റെ ഒരോര്‍മ്മ. ട്രില്യണ്‍ കണക്കിന് എണ്ണ സൂക്ഷിക്കുക എന്നത് പണച്ചിലവുള്ള കാര്യം തന്നെ. പക്ഷേ പെട്രോളിയത്തിന്‍റെ വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ നിത്യോപയോഗ സാധനങ്ങളുടെ വില നിര്‍ണ്ണയിക്കപ്പെടുന്നത്. അതു കൊണ്ടു തന്നെ അത്തരം ഒരു oil pool ഉണ്ടായാല്‍ സമ്പത്ത് വ്യവസ്ഥക്ക് അതൊരു താങ്ങായിരിക്കും.


പിന്നെ ആദര്‍ശ് പറഞ്ഞ മറ്റു കാര്യങ്ങള്‍, നൂറു ശതമാനവും ഞാന്‍ യോജിക്കുന്നു. എത്രയോ കാലമായി ഞാനും പറയാറുള്ള കാര്യങ്ങള്‍.. ഇച്ഛാശക്തിയുള്ള സര്‍ക്കാരുകള്‍ക്കേ ഇത് ചെയ്യാനാകൂ..

ഭൂമിപുത്രി, അഞ്ചുവര്‍ഷം കൂടുമ്പോള്‍ മാത്രമേ രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ വേണ്ടൂ എന്നത് നമ്മുടെ പൊതുവായ ഒരു തലം. പക്ഷേ അതല്ല യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത്. നിഷ്കളങ്കതയോടെ തന്നെ രാഷ്ട്ടീയത്തെ നോക്കിക്കാണുന്ന ജനത മാത്രമേ ഒരു നല്ല രാഷ്ടത്തെ സൃഷ്ടിക്കൂ. നമുക്കതുണ്ടായേ തീരൂ..

ടോട്ടോചാന്‍ (edukeralam) said...

അനോണി, രാഷ്ട്രീയത്തെക്കുറിച്ചു പറയാനും ഒളിഞ്ഞിരിക്കണോ? അതു പോട്ടെ,

രാഷ്ട്രീയം എന്നാല്‍ അത് ജനങ്ങള്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ജനങ്ങളുടെ ഓരോ പ്രവൃത്തിയും രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പക്ഷേ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ എല്ലാ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാവണമെന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജനങ്ങളെ മനസ്സിലാക്കാന്‍ കഴിയണം.അവരുടെ ആവശ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയണം.
രാഷ്ട്രീയക്കാര്‍ തീര്‍ച്ചയായും ജനങ്ങള്‍ തന്നെയാണ്. അതില്‍ സംശയമൊന്നും വേണ്ട. പക്ഷേ അവര്‍ക്ക് മറ്റു ജനങ്ങള്‍ക്ക് കൂടി ഗുണം ലഭിക്കുന്ന ഒരു കാര്യം ചെയ്യാന്‍ അത് എല്ലാവരും പറഞ്ഞിട്ട് വേണമോ?

രാഷ്ട്രീയത്തിന് ഇതില്‍ പങ്കുണ്ടെന്നാണ് കാണുന്നതെങ്കില്‍ രാഷ്ടീയക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുകയല്ല, ജനങ്ങള്‍ രാഷ്ടീയം കൈകാര്യം ചെയ്യുകയാണ് വേണ്ടത്.

ഈ പറഞ്ഞത് ശരി... പക്ഷേ എല്ലാവരും ഉടന്‍ കക്ഷിരാഷ്ട്രീയം കൈകാര്യം ചെയ്യണം എന്നാണെങ്കില്‍ അത് നടക്കണമെന്നില്ല. പാര്‍ട്ടികളുടെ നിലപാട് സ്വന്തം നിലനില്‍പ്പിന് അപകടമാണ് എന്നു തിരിച്ചറിയുമ്പോള്‍ മാത്രമേ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങുകയുള്ളൂ...
ജനങ്ങള്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് പ്രതികരണങ്ങളിലൂടെയും വോട്ടെടുപ്പിലൂടെയും ജീവിതചര്യകളിലൂടെയും മറ്റുമാണ്.

ജനങ്ങള്‍ അങ്ങിനെ പ്രതികരിക്കുന്ന അവസ്ഥ എത്തിയാല്‍ മാത്രമേ എന്തെങ്കിലും ചെയ്യൂ എന്നാണെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സമൂഹത്തിലെ പ്രശ്നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ തുടങ്ങിയവ എന്താണെന്ന് തിരിച്ചറിയാന്‍ കഴിവില്ലാതായിക്കൊണ്ടിരിക്കുന്നു..
രാഷ്ട്രീയ ജീര്‍ണ്ണനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നു....

Anonymous said...

it was a superb post
it should be circulated toevery nooks n corners of kerala