Monday, October 20, 2008

ചന്ദ്രയാന്‍ സാമൂഹ്യപരമോ?

ചന്ദ്രയാന്‍ സാമൂഹ്യപരമോ?

ചന്ദ്രയാന്‍, നാം കാത്തിരുന്ന പര്യവേഷണത്തിന് 22 ന് തുടക്കമാകും. ചന്ദ്രയാന്‍ എന്ന പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിനെതിരേ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ഭാരതത്തെ പോലെയുള്ള ഒരു രാജ്യത്തിന്, നിരവധിയാളുകള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നയിടത്ത് ഇത്തരം ഒരു ദൌത്യത്തിന്‍റെ ഔചിത്യത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഇടമാണ് ചന്ദ്രനെന്നും ഇനിയും മറ്റൊരു പരീക്ഷണത്തിന് അര്‍ത്ഥമുണ്ടോ എന്നും മറ്റുമുള്ള വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തുന്നു. വെറും രാഷ്ട്രീയപരമായ ആവശ്യം മാത്രമാണ് ചന്ദ്രയാന്‍ എന്ന വാദങ്ങള്‍ പോലും ഇവരില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഈ വാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?

1959 ജനുവരി 2 ന് ലൂണ-1 വിക്ഷേപിച്ചു കൊണ്ട് റഷ്യ തുടക്കമിട്ട ചാന്ദ്രദൌത്യങ്ങള്‍ അമേരിക്കയും മറ്റു രാജ്യങ്ങളും ഏറ്റെടുത്തതോടെ ചന്ദ്രനെക്കുറിച്ചുള്ള പല ധാരണകളും നാം തിരുത്തിക്കുറിച്ചു. പന്ത്രണ്ടു പേരെ ചന്ദ്രനിലിറക്കാന്‍ സാധിച്ചതോടെ ചാന്ദ്ര ദൌത്യങ്ങള്‍ക്ക് അര്‍ദ്ധവിരാമമിടുകയായിരുന്നു. എഴുപതുകള്‍ക്ക് ശേഷം ചന്ദ്രനെക്കുറിച്ച് ചിന്തിക്കാന്‍ ആരും മിനക്കെട്ടില്ല. 1990 ല്‍ ഗലീലിയോ പര്യവേഷണ വാഹനം ചന്ദ്രന്‍റെ ഇതു വരെ കാണാത്ത ചില ഭാഗങ്ങളുടെ ചിത്രമെടുത്തതോടെയാണ് പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. 1990 ല്‍ ജപ്പാന്‍ ഹൈറ്റണ്‍ ദൌത്യത്തിലൂടെ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് പല ദൌത്യങ്ങളും പഠനങ്ങള്‍ നടത്തി. ഇന്നും ആ പഠനങ്ങള്‍ തുടരുന്നു. അതിന്‍റെ ഭാഗമാണ് ഇന്ത്യയുടെ ചന്ദ്രയാനും.

മുറ്റത്തെ മുല്ലക്ക് മണമില്ല എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ചന്ദ്രനും. ചന്ദ്രനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ വളരെ കുറവാണ് എന്നതു തന്നെയാണ് സത്യം. ഒരു വേള ചൊവ്വയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പോലും നമ്മുടെ സ്വന്തം അമ്പിളി മാമനെക്കുറിച്ച് നമുക്കറിയില്ല. ചന്ദ്രയാന്‍ തരുന്നത് നാം ഇതു വരെ അറിഞ്ഞ കാര്യങ്ങളല്ല, മറിച്ച് പുതിയ പുതിയ വിവരങ്ങളാണ്. രണ്ടു വര്‍ഷത്തോളം ചന്ദ്രന്‍റെ ഉപഗ്രഹമായി പ്രവര്‍ത്തം പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍ നിരവധി പഠനങ്ങള്‍ നടത്തുന്നു ണ്ട്. ഉപരിതലഘടന, മണ്ണിന്‍റെ രാസ ഘടന, ജലത്തിന്‍റെ സാന്നിദ്ധ്യം, ഉയര്‍ന്ന റെസലൂഷ്യനിലുള്ള ഉപരിതല മാപ്പിംഗ് തുടങ്ങിയവയൊന്നും നമുക്കിന്നും അറിയില്ല. ഇതെല്ലാമാണ് ചന്ദ്രയാന്‍ നമുക്ക് തരാന്‍ പോകുന്ന വിവരങ്ങള്‍. രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തനായുസ്സ് പറയുന്ന ചന്ദ്രയാന്‍ പക്ഷേ അതിനേക്കാളേറെക്കാലം പ്രവര്‍ത്തന നിരതമായിരിക്കും എന്നത് നമുക്ക് കൂടുതല്‍ പ്രതീക്ഷ തരുന്നു.
ചന്ദ്രയാന് രാഷ്ട്രീയ പരമായ താത്പര്യം ഇല്ല എന്നു പറയാനാകില്ല. കാരണം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി ഒരു അടിസ്ഥാന നിലയം ചന്ദ്രനില്‍ പണിയാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗഭാക്കാകാനുള്ള ശ്രമങ്ങളുടെ ആദ്യ പടി കൂടിയാണിത്. ചന്ദ്രനിലെ ഹീലിയം വലിയ ഒരു ഊര്‍ജ്ജ സ്രോതസ്സായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദ്രനില്‍ രാഷ്ട്രീയ അധിനിവേശവും എല്ലാ രാജ്യങ്ങളുടേയും ചിന്തയിലുണ്ട്.
എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയാണ് ശാസ്ത്രഗവേഷണങ്ങളില്‍ സംഭവിക്കുന്ന കുതിച്ചു ചാട്ടം. വളര്‍ന്നു വരുന്ന ഒരു തലമുറക്ക് ആവേശം പകരാന്‍, ശാസ്ത്രത്തോട് താത്പര്യമുണ്ടാകാന്‍ ചന്ദ്രയാന്‍ തരുന്ന ഊര്‍ജ്ജം കുറച്ചൊന്നുമായിരിക്കില്ല. ശാസ്ത്രഗവേഷണ മേഖലകളില്‍ നിന്നും ദിനം പ്രതി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന തലമുറയെ തിരിച്ചു കൊണ്ടു വരാന്‍ ഇത്തരം പര്യവേഷണങ്ങള്‍ സഹായിക്കും എന്നതില്‍ സംശയമില്ല. 400ഓളം കോടി രൂപയാണ് ചന്ദ്രയാന്‍ -1 ന്‍റെ ചിലവ്. എന്നാല്‍ ഇത്തരം ഒരു ദൌത്യത്തെ സംബന്ധിച്ചിടത്തോളം ഇത് താരതമ്യേന ചെറിയ തുക തന്നെയാണ്. കേരളത്തില്‍ എയിഡഡ് സ്കൂള്‍ നിയമനത്തിന് വാങ്ങുന്ന കൈക്കൂലി പോലും ഇതിന്‍റെ എത്രയോ ഇരട്ടി വരും. പട്ടിണി മാറ്റാന്‍ കഴിയാത്തത് പണമില്ലാത്തതു കൊണ്ടാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഉള്ള പണത്തെ ശരിയായ രീതിയില്‍ വിന്യസിക്കാന്‍ സാധിച്ചാല്‍ പട്ടിണിയൊക്കെ എന്നേ മാറിയേനേ!! ഇതിന്‍റെ പേരില്‍ ചന്ദ്രയാനെ എതിര്‍ക്കുന്നവര്‍ സത്യം മറച്ചു പിടിക്കുന്നവരാണ് എന്ന് പറയാതെ വയ്യ.

14 comments:

അനില്‍ശ്രീ... said...

ശാസ്ത്രരംഗത്തെ കുതിപ്പുകളെ ഒരിക്കലും പിന്നോട്ടടിക്കരുത് എന്നാണ് എന്റെ അഭിപ്രായം. ഇന്ത്യ പ്രതിരോധ രംഗത്ത് ചിലവാക്കുന്ന തുകയേക്കാള്‍ എത്രയോ കുറവാണ് ശാസ്ത്രരംഗത്ത് ചിലവഴിക്കുന്നത്. എന്നിട്ടും നമ്മുടെ ശാസ്ത്രജ്ഞന്മാര്‍ ഇത്ര നേട്ടം കൈവരിക്കുന്നത് എന്തുകൊണ്ടും അഭിമാനകരം തന്നെയാണ്. ചന്ദ്രയാനെ പറ്റിയുള്ള അടിസ്ഥാന വിവരങ്ങള്‍ ഞാന്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് ഇവിടെ കാണാം .

remya mohan said...

National Conference on Software Freedom
November 15, 16 - 2008
Cochin University of Science and Technology, Kochi
Registration Started

Registration for Delegates, Speakers, Organisers of Open Forum, Organisers of Workshop, Exhibitors, Product Demonstrators, Souvenir Columnists have started
Please register using the following link
http://nfm2008.atps.in/?page_id=659

National Conference on FREE SOFTWARE is being held on the 15th & 16th of November, 2008 at the campus of Cochin University of Science and Technology, Kochi.
For details of the conference visit
http://nfm2008.atps.in/

ഭൂമിപുത്രി said...

ആദ്യം കേട്ടപ്പോളെനിയ്ക്കും തോന്നി നമ്മളു പോയിട്ടവിയടെയിനി കൂടുതലായെന്ത് പഠിയ്ക്കാനാൺ എന്നൊക്കെ.
പിന്നെ ചില വായനകൾക്ക് ശേഷം അഭിപ്രായം മാറ്റി.
പ്രത്യക്ഷഗുണങ്ങൾക്ക് പുറമേ പരോക്ഷമായും പല നേട്ടങ്ങൾക്ക്,വ്യവസായ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ,തുടക്കമിടുമെങ്കിൽ നല്ലതുതന്നെ.
ഭാരതത്തിന്റെ മുഴുവൻ വിജയാശംസകളും പ്രാർത്ഥനകളും ഉണ്ടാകട്ടെ.

അനില്‍@ബ്ലോഗ് said...

ടൊട്ടോചന്‍,
സത്യം പറഞ്ഞാല്‍ ഈ വിഷയത്തില്‍ ഇപ്പോഴും അല്പം മൂരാച്ചി ചിന്താഗതിയാണെനിക്ക്. കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കാഞ്ഞിട്ടാവാം. ഇതില്‍ നിന്നും ഇന്ത്യന്‍ സമ്പത് വ്യവസ്ഥക്ക് എപ്രകാരം ഗുണം നേടുന്നു തുടങ്ങിയ ആലോചനകളാണതിനു പിന്നില്‍.

അനില്‍ശ്രീ പറഞ്ഞ വിഷയത്തിനു ഒരു മറുപുറം കൂടി ഇല്ലെ?
അടിസ്ഥാന ശ്രാസ്ത്ര മേഖലയില്‍ ഗവേഷണത്തിനു എത്ര പേര്‍ പോകുന്നുണ്ടിന്ന്. തൊഴിലധിഷ്ടിതമായ വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കുകയും, പരമ്പരാഗത ശാസ്ത്ര ശാഖകളെ അവഗണിക്കയുമാണ് നാം ഇന്നു.
കുറേ അച്ചിലിട്ടു വാര്‍ത്ത ടെക്നീഷന്‍സ് ഒഴിച്ചു നിര്‍ത്തിയാല്‍ ശാസ്ത്രരംഗത്തെക്കുള്ള പുതു തലമുറയുടെ സമീപനം എന്താണ്?

Ambi said...

ടോട്ടോചാന്‍, അരി തന്നെയാണ്. ചന്ദ്രയാന്‍ ഇത്തിരി പണം കൂടുതലായാലും നടാത്തണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അറിവാണ് നാളേയുടേ പണം. സ്വര്‍ണ്ണം ബാങ്കില്‍ അറ്റിയിട്ട് വച്ചിട്ടൊന്നും കാര്യമില്ല.:)
അനില്‍,
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു മുന്തൂക്കം നല്‍കുന്നുവെന്ന വാദം ശരിതന്നെ. സാമൂഹ്യമായി ഇന്റഗ്രേറ്റഡ് ആയുള്ള ആസൂത്രണം ഇല്ലാത്തത് ആ രംഗത്ത് വളരെയേറെ കുറവുകളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഒരു കാര്യം പറയാതെ വയ്യ.

സര്‍വകലാശാലകലിലെ മൂരാച്ചികളായ ശാസ്ത്രാധ്യാപകരും ഇതിന് വലിയൊരു കാരണമാണ്. ഇന്നും സായിപ്പ് ഇട്ടേച്ച് പോയ ശാസ്ത്ര പഠനരീതിയാണ് നാം പിന്തുടരുന്നത്. മൂന്ന് വര്‍ഷത്തെ ബീ എസ് സീ ഒരു ചവറാണ്.ജീവശാസ്ത്രം തന്നെയെടുക്കാം ..ഇപ്പോഴും പത്തൊന്‍പതാം നൂറ്റാണ്ടിലെ ടാക്സോണമിയും മറ്റുമല്ലേ ജീവശാസ്ത്രത്തിലെ മുഖ്യ വിഷയങ്ങള്‍.ബോട്ടണി സുവോളജി എന്ന വര്‍ഗ്ഗീകരണം ബിരുദതലത്തിലേ തുടങ്ങുന്നു. ആധുനിക ചിന്തകളായ മോലിക്യുലാര്‍ ബയോളജി, മൈക്രോ ബയോളജി, ജനറ്റിക്സ് എന്നതൊക്കെ ഒന്ന് സ്പര്‍ശിച്ച് വിടുന്നതേയുള്ളൂ. കാര്യമായി ഉള്ള ട്രെയിനിങ്ങ് ഒന്നും അതില്‍നിന്നുണ്ടാകുന്നില്ല.മലയാളവും ആംഗലേയവും(അല്ലെങ്കില്‍ ഒന്നാം ഭാഷയും രണ്ടം ഭാഷയും) എന്ന രണ്ട് പ്രധാന ഭാഷ അതോടൊപ്പം പഠിച്ച് സമയം കളയണം. എന്നാല്‍ അതുകൊണ്ട് കാര്യമായ ഭാഷാ പ്രയോഗത്തിനോ ഭാഷയുടെ ആത്മാവറിയുന്നതിനോ ഉള്ള സാഹചര്യമൊന്നുമുണ്ടാകുന്നില്ല.പഠിയ്ക്കുന്ന വിഷയത്തില്‍ തന്നെ ശരിയ്ക്കും പഠിയ്ക്കുന്നില്ല. ബിരുദ പഠനം പൊളിച്ചെഴുതണം. ഡബിള്‍ മെയിന്‍ സംവിധാനം ഉണ്ടാവണം. ഭാഷാ പഠനരീതി കാണാപ്പാഠം പഠിയ്ക്കല്‍ എന്നതിലുപരി ഭാഷാപ്രയോഗങ്ങളുടെ പഠനം എന്നതാവണം. നാലു വര്‍ഷം കഴിഞ്ഞിറങ്ങുമ്പോള്‍ ജൂനിയര്‍ സയന്റിഫിക് ഓഫീസര്‍ എന്ന തസ്തികയില്‍ പ്രൊജക്ടുകളില്‍ വര്‍ക്ക് ചെയ്യാനുള്ള അറിവുണ്ടാകണം. ബിരുദാനന്ദര പഠനം ഒരു വര്‍ഷത്തെ ആവശ്യമേയുള്ളൂ. ബിരുദം കഴിഞ്ഞ് ഗവേഷണത്തിനായി ഡയറാക്റ്റ് എന്രികള്‍ ഉണ്ടാകണം അത് നാലുവര്‍ഷമായി നിജപ്പെടുത്തണം. ബിരുദ പഠനത്തോടൊപ്പം ഗവേഷണത്തിലേയ്ക്ക് തിരിയാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഒരു തൊഴില്‍ കൂടേ പഠിയ്ക്കുവാനുള്ള സൌകര്യമുണ്ടകണം. അതായത് മൂന്നാം വര്‍ഷം തുടക്കം മുതല്‍ ഗവേഷണം വേണോ, തൊഴില്‍ വേണോ എന്ന് തീരുമാനിച്ച് ഗവേഷണം വേണ്ടവന് അതിനായുള്ള കോശ്സുകള്‍ നല്‍കുകയും തൊഴില്‍ തിരഞ്ഞെടുക്കുന്നവന് അതിനുള്ള കോഴ്സുകള്‍ നല്‍കുകയും വേണം. അതില്‍ ഫ്ലെക്സിബിളിറ്റിയുണ്ടായിരിയ്ക്കണം.

പരീക്ഷാ സമ്പ്രദായം ആകെ ഉടച്ച് വാര്‍ക്കണം.അസൈന്മെന്റ്, ഗവേഷണ പ്രബന്ധം‍, സെമിനാര്‍ ഇവയിലൂന്നിയുള്ള വാല്യുവേഷന്‍ ഉണ്ടാകണം. അനിവാര്യമായതിന്‍ പരീക്ഷകള്‍ നടത്തുമ്പോള്‍ അത് വര്‍ഷാവസാനമാക്കാതെ കോഴ്സ് ക്രെഡിറ്റ് സമ്പ്രദായത്തില്‍ ഓരോരോ കോഴ്സിനും അവസാനം പരീക്ഷ എന്ന നിലയിലാവണം.

ഇങ്ങനെയൊക്കെയായാള്‍ ജനം തനിയേ ശാസ്ത്രം പഠിയ്ക്കാനെത്തും. അതിന് സിലബസൊക്കെ ഉണ്ടാക്കി വയ്ക്കുന്ന യൂണിവേശ്സിറ്റിയിലെ ശാസ്ത്രാധ്യാപകര്‍ തന്നെ യത്നിക്കണം. എഞ്ചിനീയറിങ്ങ് പോലെതന്നെ ആകര്‍ഷകമാവും ശാസ്ത്ര പതനവും അപ്പോള്‍.

ഇനി എഞ്ചിനീയറിങ്ങ് എന്നത് അത്ര മോശമൊന്നുമല്ല. ടേക്നീഷ്യന്‍സ് എന്ന് പുശ്ചിയ്ക്കുകയും വേണ്ടാ. തിയററ്റിക്കല്‍ ശാസ്ത്ര ശാഖകളിലെ മുതിര്‍ന്ന ഗവേഷകരില്‍ പലരും ബിരുദ സമയത്ത് എഞ്ചിനീയര്‍മാരായിരുന്നു.പ്രത്യേകിച്ച് ഫിസിക്സില്‍.

(ടേക്നോളജിയുമായി ബന്ധമൊന്നുമില്ലെങ്കിലും പല മാനേജ്മെന്റ് ജോലികളിലും സാധാരണ എം ബീ യേ ക്കാരോട് കൂടെ എഞ്ചിനീയര്‍മാരേയും പരിഗണിയ്ക്കാറുണ്ട്. കാരണം എന്താണേന്നറീയാമോ? നാലു വര്‍ഷത്തെ സെമസ്റ്റര്‍ പരീക്ഷകള്‍, ഇന്റേണല്‍ പരീക്ഷകള്‍, അസൈന്മെന്റ്, പ്രബന്ധങ്ങള്‍,വൈവായും സെമിനാറും ഉള്‍പ്പെടെയുള്ള പഠനരീതി. പ്രായോഗികതയിലൂന്നിയ പഠനരീതി എന്നിവ അവനെ നല്ലൊരു മനേജറാക്കുന്നു. ബീ യെസ്സീ ക്കാരന്‍ അപ്പോള്‍ കവലയില്‍ ബസുകാത്ത് നില്‍ക്കുന്നതിന്റെ മാനേജറായിട്ടുണ്ടാകും.)

Ambi said...

fu

Ambi said...

ടോട്ടോചാന്‍, അരി തന്നെയാണ്.
അല്ല
ടോട്ടോചാന്‍, ശരി തന്നെയാണ്. എന്ന് തിരുത്തി വായിയ്ക്കാന്‍ അപേക്ഷ :)

ടോട്ടോചാന്‍ (edukeralam) said...

അനില്‍, തീര്‍ച്ചയായും പ്രതിരോധരംഗത്ത് ചിലവഴിക്കുന്ന തുകയുടെ വളരെ ചെറിയ ഒരംശം മാത്രമാണ് വിദ്യാഭ്യാസരംഗത്തു പോലും നാം ചിലവഴിക്കുന്നത്. എന്നിട്ടും നേട്ടം കൈവരിക്കുന്ന കുട്ടികളും അവരില്‍ നിന്ന് വളര്‍ന്നു വരുന്ന ശാസ്ത്രജ്ഞരും ഒത്തിരി അഭിനന്ദനം അര്‍ഹിക്കുന്നു.

ഭൂമിപുത്രി, തീര്‍ച്ചയായും വായന നമ്മുടെ ധാരണകളെ മാറ്റിമറിക്കും. അല്ലെങ്കിലും വെറുതേ ഒന്ന് ചന്ദ്രനില്‍ പോയി വരാം എന്ന് ആരും കരുതില്ല.

അനില്‍,
ശാസ്ത്രരംഗത്ത് നമുക്ക് മുന്നോട്ടു പോയേ തീരു. പുതിയ തലമുറ വരുന്നില്ല എന്ന പ്രശ്നം ഉണ്ട്. എന്നാല്‍ അതിനു കാരണം പണ്ടത്തെ വിദ്യാഭ്യാസരീതി തന്നെയായിരുന്നു. പിന്നെ മുഖ്യധാരാ മാധ്യമങ്ങള്‍ ശാസ്ത്രത്തോട് പുലര്‍ത്തിയ വിമുഖതയും ഒരു കാരണമാണ്. വിക്ഷേപണത്തിനു ശേഷം ചന്ദ്രയാന്‍ പരാജയപ്പെട്ടാല്‍ പോലും ശാസ്ത്രത്തോടുള്ള ആഭിമുഖ്യം ജനങ്ങളും മാധ്യമങ്ങളും ഇനി കൈവെടിയില്ല. കാരണം അത്രയധികം പ്രാമുഖ്യമാണ് എല്ലാ മാധ്യമങ്ങളും ഈ ദൌത്യത്തിന് നല്‍കുന്നത്. ഇത് ഒത്തിരി കുട്ടികളെ ആവേശം കൊള്ളിക്കും ആ ആവേശമാണ് നാളത്തെ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുന്നത്.
അടിസ്ഥാനശാസ്ത്രം അറിയാതെ എന്തായാലും മുന്നേറാന്‍ കഴിയില്ല എന്നത് സത്യം തന്നെ. ഈ ആവേശം അതിനു തന്നെയായിരിക്കും കാരണമാകുക.

അമ്പി,
താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി. ശാസ്ത്രവിദ്യാഭ്യാസരംഗം ഒത്തിരി മാറേണ്ടിയിരിക്കുന്നു. സ്കൂളുകളില്‍ പരിഷ്കരിച്ച പാഠ്യപദ്ധതി അതിന് തുടക്കം കുറിച്ചു കഴിഞ്ഞു. അതിനി കോളേജുകളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ് വേണ്ടത്. അഭിരുചികള്‍ക്കനുസരിച്ച് പഠിക്കാന്‍, ചിന്തിക്കാന്‍, പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സാധിക്കണം.

വിചാരം said...

നല്ല ലേഖനം, ദാരിദ്രം ഇല്ലാതാക്കിയതിന് ശേഷം മതി ഇതൊക്കെ എന്നുവെച്ചാല്‍, നമ്മുക്ക് കാളവണ്ടിയില്‍ യാത്ര ചെയ്യേണ്ടി വരുമായിരിന്നു ഇപ്പോഴും.

പക്ഷപാതി :: The Defendant said...

ചാന്ദ്രയാന്‍ ദൌത്യം ഇന്ത്യന്‍ ശാസ്ത്രലോകത്തിന് നേട്ടം തന്നെയാണ്. പക്ഷെ, 110കോടിജനങ്ങളും ആഹ്ലാദിക്കുന്നു അഭിമാനിക്കുന്നു എന്ന അവകാശവാദം ശരിയാണോ?
ഇപ്പോഴും വൈദ്യുതി എത്താത്ത, ഇത് ഇന്ത്യാ മഹാരാജ്യം തന്നെയാണോ, ആരാണ് ഭരിക്കുന്നത് എന്നൊക്കെയറിയാത്ത നിരക്ഷരരായ എത്രയോ ജനകോടികള്‍ ഇന്ത്യയിലുണ്ടാവും? ശാസ്ത്രം എല്ലാ മനുഷ്യരുടേയും അടിസ്ഥാന പുരോഗതിക്കാവണം. അല്ലാതെ വളരെ കൂറഞ്ഞ ശതമാനം സമ്പന്നരുടെ സമ്പത്ത് കുന്നു കൂടുന്നതിനനുസരിച്ച് ഇന്ത്യ സാമ്പത്തികമായി മുന്നേറുന്നു എന്ന് പറയാനാകുമോ?

കഞ്ഞിക്കു വകയില്ലാതെ ബെന്‍സ് കാറില്‍ പോയിട്ട് എന്ത് കാര്യം? അതിലും ബേധം ക്ഞ്ഞികുടിച്ച് കാളവണ്ടിയില്‍ പോകുന്നതു തന്നെ.

പിന്നെ, ചന്ദ്രനിലോ ചൊവ്വയിലോ കഷ്ടപ്പെട്ട് ശാസ്ത്രജ്ഞര്‍ വെള്ളം കണ്ടുപിടിച്ച് അവിടെ മനുഷ്യന് താമസ്സിക്കാനാവുമെന്ന് തന്നെകരുതുക.
ആരാവും അവിടെ താമസ്സിക്കാന്‍ പോകുന്നത്? ജീവിക്കാനായി വേണ്ടതെല്ലാം ഉണ്ടായിരുന്ന ഭൂമിയിലെ വിഭവങ്ങളെല്ലാം സ്വന്തം ലാഭേച്ഛക്കായി ചൂഷണം ചെയ്ത്, മനുഷ്യന് ജീവിക്കാന്‍ അടിസ്ഥാനമായി വേണ്ട വായുവും, വെള്ളവും മലിനമാക്കി,പുരോഗതിയുടെ പേരും പറഞ്ഞ് ഈ ഭൂമിയെത്തന്നെ നശിപ്പിക്കുവാന്‍ നേതൃത്വം നല്‍കുന്ന ഒരുപിടി അതിസമ്പന്നര്‍ ഭൂമിയേയും അതിലെ (അവര്‍ക്കു കുട പിടിച്ച് കൊടുക്കന്നവരേയും)മറ്റ് മനുഷ്യരേയും നശിക്കാന്‍ വിട്ട് പോകും. അത്ര തന്നെ.

അവര്‍ക്കറിയാം ഈ ഭൂമിയുടെ മരണം അടുത്തുകഴിഞ്ഞെന്ന്. അപ്പോള്‍ എത്രയും വേഗം ഭൂമിയെ വിട്ട് ചേക്കേറാനുള്ള (അവര്‍ക്കല്ലെങ്കില്‍ അവരുടെ വരും തലമുറക്ക്) പുതിയ വാസസ്ഥലം കണ്ടെത്തണമെന്ന്. അതിനവര്‍ ബുദ്ധിയുള്ള തലകളെ വാടകക്കെടുക്കും, സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ശാസ്ത്ര പുരോഗതി എന്ന നാട്യത്തില്‍ ചൊവ്വയിലോ , ചന്ദ്രനിലോ ജീവിക്കാനാവുമോ എന്ന് നോക്കും. നമ്മള്‍ വാഹ്.. വാഹ്.. എന്തൊരു പുരോഗതി എന്നും പറഞ്ഞ് കൈയടിക്കും.

ഒരു “ദേശാഭിമാനി” said...

ദാരിദ്രം നിലനില്‍ക്കേണ്ടതു രാഷ്ട്രീയക്കാര്‍ക്കും,ബിസ്സിനസ്സു മുതലാളിആവശ്യമാണു. ഭാരതത്തിലെ ദാരിദ്രം മാറാന്‍ കോഴിക്കു മുല വരണം.

കഴിവുള്ള ശാസ്ത്രജ്ഞര്‍ അവരുടെ ജോലി സ്തുത്യര്‍ഹമായി നിര്‍വഹിക്കുന്നു! അവരെ അവരുടെ പാട്ടിനു വിടുക. എല്ലാ മേഘലകള്‍ക്കും അതിന്റേതായ വിഹിതം നമ്മുടെ ബഡ്ജറ്റില്‍ കൊള്ളിച്ചിട്ടിട്ടുണ്ട്. നമ്മുടെ ചുണക്കുട്ടികള്‍ അവരുടെ വകുപ്പിനു കിട്ടുന്നതു ശരിയായ രീതിയില്‍ ഉപയോഗിക്കുന്നു.

ദരിദ്രനിര്‍മാര്‍ജ്ജനത്തിനു വകകൊള്ളിക്കുന്ന തുക കട്ടു മുടിക്കുന്നതിനു ഇവര്‍ എന്തു പിഴച്ചു?....

പക്ഷപാതി :: The Defendant said...

രാജ്യത്തിന്റേയും ശാസ്ത്രത്തിന്റെയും നേട്ടത്തില്‍ അഭിമാനമില്ലാതല്ല, അല്പം തലതിരിഞ്ഞചിന്തകള്‍ മനസ്സില്‍ തോന്നി.
അതുകൊണ്ടാണിത്

ടോട്ടോചാന്‍ (edukeralam) said...

പ്രിയ പക്ഷപാതി,
വിചാരവും ദേശാഭിമാനിയും പറഞ്ഞ കാര്യങ്ങളോടാണ് എന്‍റെ നിലപാടിന് അടുപ്പം.

ചാന്ദ്രയാന് മുടക്കിയ 400 കോടിയോളം രൂപ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി മുടക്കി എന്നു കരുതുക. അതില്‍ വളരെ ചെറിയ ഒരു തുക പോലും അവരില്‍ എത്തില്ല. അത് ഇവിടെത്തെ ഒരു ദുസ്ഥിതിയാണ്. അല്ലായിരുന്നെങ്കില്‍ എന്നേ ഇത്തരം പ്രശ്നങ്ങള്‍ അവസാനിച്ചേനേ?
കേരളത്തില്‍ പോലും എയിഡഡ് സ്കൂള്‍ നിയമനത്തിനായി വാങ്ങുന്ന കൈക്കൂലി പോലും ഇതിനേക്കാള്‍ എത്രയോ കൂടുതലാണ്. എന്തേ അത് തിരുത്താന്‍ ആര്‍ക്കും കഴിയുന്നില്ല?
വളരെ ചെറിയ ഒരു തുക മാത്രമാണ് ശാസ്ത്രരംഗത്ത് നാം ചിലവഴിക്കുന്നത്. ഇസ്റോ ഇതുവരെ ചിലവാക്കിയ തുകയിലേറെ ഗുണം സാധാരണ സമൂഹത്തിന് ഉണ്ടായിട്ടുണ്ട്. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെല്ലാം അതിന്‍റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഈ പര്യവേഷണവും അതിന്‍റെ തുടര്‍ച്ച മാത്രമാണ്. 386 കോടി രൂപ ചിലവിട്ടതില്‍ 120 കോടിയോളം രൂപയും ചിലവായത് ഡീപ്പ് സ്പേസ് ആന്‍റിനക്കാണ്. അത് ഒരു ചന്ദ്രയാനു മാത്രമായിരിക്കില്ല പ്രയോജനപ്പെടുക. മറിച്ച് ഇനി ബഹിരാകാശത്ത് നടത്തുവാന്‍ പോകുന്ന അനേകം പരീക്ഷണങ്ങള്‍ക്കാണ്. രണ്ടു വര്‍ഷം എന്നു പറഞ്ഞിരിക്കുന്ന ചന്ദ്രയാന്‍ ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും പ്രവര്‍ത്തിക്കും എന്നാണ് പ്രതീക്ഷിക്കേണ്ടത്. അത്രയും കാലത്തേക്ക് ഇത്ര ചെറിയ തുക മാത്രം ചിലവഴിച്ചിട്ടേ ഉള്ളൂ എന്നത് സാമ്പത്തികമായ അഭിമാനം തന്നെയാണ്.

സമ്പത്തുള്ളതു കൊണ്ട ഗ്രഹാന്തര യാത്ര നടത്താം എന്നു പ്രതീക്ഷിക്കേണ്ട. ബഹിരാകാശ ടൂറിസം ഒക്കെ വരുമെങ്കില്‍ പോലും ഒരു പ്രശ്നമുണ്ടായാല്‍ ഈ പറയുന്ന ധനത്തിന് എന്തു വില. അവിടെ സാങ്കേതികക്കും ശാസ്ത്രത്തിനും മനുഷ്യത്വത്തിനും തന്നെയായിരിക്കും വില.

ടോട്ടോചാന്‍ (edukeralam) said...

ചന്ദ്രയാനെക്കുറിച്ച് വിശദവിവരങ്ങള്‍
ഇവിടെ അപ്പുവിന്‍റെ ബ്ളോഗില്‍
http://shasthrakouthukam.blogspot.com/2008/11/moon-impact-probe.html