Tuesday, July 14, 2009

നഗ്നനേത്രം കൊണ്ട് കാണാവുന്ന സൂര്യഗ്രഹണം വരുന്നൂ... ജൂലായ് 22 ന്

സൂര്യഗ്രഹണ വിശേഷങ്ങള്‍

2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)

ഇതിനിടക്ക് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലൂടെയും ഗ്രഹണം കടന്നു പോകുന്നുണ്ട്. തുടര്‍ന്ന് മ്യാന്‍മാര്‍ കടന്ന് ചൈനയിലൂടെ ജപ്പാനിലേക്ക് പ്രവേശിക്കുന്നു. പസഫിക്ക് സമുദ്രത്തിലൂടെ നീങ്ങുന്ന പൂര്‍ണ്ണഗ്രഹണം ജപ്പാനിലെ Ryukyu, ഇവോജിമ(Iwo Jima),മാര്‍ഷല്‍, ഗില്‍ബര്‍ട്ട് ദ്വീപുകള്‍ എന്നറിയപ്പെടുന്ന കിരിബാത്തി (Kiribati ), ഫീനിക്സ് ദ്വീപുകളിലൂടെയാണ് കടന്നു പോകുന്നത്. പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ പാത ഇടുങ്ങിയതാണെങ്കിലും ഭാഗികഗ്രഹണം വളരെയധികം ഭാഗങ്ങളില്‍ കാണുവാന്‍ സാധിക്കും. ഇന്ത്യ, ശ്രീലങ്ക, ഭൂട്ടാന്‍, ചൈന,നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ എല്ലാ ഭാഗത്തും ഭാഗികസൂര്യഗ്രഹണം കാണുവാന്‍ സാധിക്കും. കിഴക്കേ ഏഷ്യയുടെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ത്യോനേഷ്യയിലും ഭാഗികഗ്രഹണം ദൃശ്യമായിരിക്കും.
ഇവോജിമ ദ്വീപുകാര്‍ക്ക് ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണം കാണുവാന്‍ സാധിക്കും. 6 മിനിട്ടും 39 സെക്കന്റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ ഗ്രഹണം അവസാനിക്കുന്നതും പസഫിക്ക് സമുദ്രത്തില്‍ തന്നെയാണ്. 2132 ജൂണ്‍ 13 ന് മാത്രമേ ഇനി ഇത്രയും ദൈര്‍ഘ്യമേറിയ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം ഭൂമിയില്‍ നടക്കുന്നുള്ളൂ (വിക്കിപീഡിയയില്‍ നിന്നും ലഭ്യമായ വിവരം). ഇതിലും ദൈര്‍ഘ്യം കുറഞ്ഞ നിരവധി പൂര്‍ണ്ണസൂര്യഗ്രഹണങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും ഭൂമിയുടെ വിവിധയിടങ്ങളില്‍ അരങ്ങേറാറുണ്ട്. അത് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഉണ്ടാവും. ഇനി അടുത്ത പൂര്‍ണ്ണസൂര്യഗ്രഹണത്തിനായി 2132 വരെ കാത്തിരിക്കണം എന്നുള്ള പ്രചരണങ്ങളെല്ലാം ശുദ്ധഅസംബന്ധമാണ് എന്ന് പറയാതെ വയ്യ.ഗ്രഹണം കാണാന്‍ മറക്കരുതേ
ഉറക്കമുണരുമ്പോള്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന അപൂര്‍വ്വഭാഗ്യമാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. അത് നഷ്ടപ്പെടുത്താതെ സൂര്യഗ്രഹണം വീക്ഷിക്കാന്‍ ശ്രമിക്കുക. അതിരാവിലെ സൂര്യോദയം കാണാന്‍ കഴിയുന്ന എവിടെയെങ്കിലും ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കുക. ഏതാണ്ട് 6.15 ഓടെ അപൂര്‍വ്വമായ ഒരു സൂര്യോദയത്തിനാകും നാം സാക്ഷ്യം വഹിക്കുക. 6.27 ഓടെ (കൊച്ചിയിലെ സമയമാണ്. മറ്റുള്ള ഇടങ്ങളില്‍ ചെറിയ വ്യത്യാസം കണ്ടേക്കാം) പരമാവധി ഗ്രഹണം കേരളത്തില്‍ ദൃശ്യമാവും. നഗ്നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണാനുള്ള അപൂര്‍വ്വഅവസരമാണിത്. പ്രഭാതസൂര്യനായതിനാല്‍ ഒരു തരത്തിലുള്ള ഫില്‍ട്ടറുകളുടേയും സഹായമില്ലാതെ നമുക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ കഴിയും. ചുവന്ന തേങ്ങാക്കൊത്തു പോലെ മനോഹരമായ ഒരു കാഴ്ചയായിരിക്കും അത്. സൂര്യരശ്മികള്‍ക്ക് ശക്തികൂടുന്നതു വരെ യാതൊരു ഭയാശങ്കയും കൂടാതെ നമുക്ക് സൂര്യഗ്രഹണം കാണാം. ആറേമുക്കാല്‍ - ഏഴുമണി കഴിഞ്ഞാല്‍ പിന്നെ ഫില്‍ട്ടറുകള്‍ ഉപയോഗിച്ച് ഗ്രഹണം കാണുന്നതായിരിക്കും സുരക്ഷിതം. ഏതാണ്ട് 60% ത്തിലധികം സൂര്യഗ്രഹണം നമുക്ക് കാണാന്‍ കഴിയും.

സുരക്ഷിതമായി ഗ്രഹണം കാണാനുള്ള വഴികള്‍ (സൂര്യരശ്മികള്‍ ശക്തിപ്രാപിച്ച ശേഷം)

വെല്‍ഡിംഗ് ഗ്ലാസിലൂടെ സൂര്യഗ്രഹണം കാണുന്നത് ഏറ്റവും അനുയോജ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും ലഭ്യമാവില്ല എന്ന പ്രശ്നമുണ്ട്. സ്വന്തമായി സോളാര്‍ ഫില്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. തോരണങ്ങള്‍ കെട്ടാന്‍ ഉപയോഗിക്കുന്ന സില്‍വര്‍ പേപ്പര്‍ (വെള്ളി പോലെ തിളങ്ങുന്നത്) ഒരു ഷീറ്റ് മേടിക്കുക. ഈ ഷീറ്റിലുള്ള പദാര്‍ത്ഥം സോളാര്‍ ഫില്‍ട്ടര്‍ ആയി പ്രവര്‍ത്തിക്കും. മൂന്നോ നാലോ പാളികള്‍ ഒരുമിച്ച് ചേര്‍ത്ത് വേണം ഫില്‍ട്ടര്‍ നിര്‍മ്മിക്കുവാന്‍. ഒരു 100W ബല്‍ബിലേക്ക് സില്‍വര്‍ പേപ്പറിന്റെ ഒരു പാളിയിലൂടെ നോക്കുക. ബള്‍ബ് കാണാന്‍ കഴിയും. അടുത്ത പാളികൂടി ചേര്‍ത്ത് വച്ച് നോക്കുക. ബള്‍ബ് അല്പം അവ്യക്തമാവുന്നത് കാണാം. ഇങ്ങിനെ ബള്‍ബിന്റെ ഫിലമെന്റ് മാത്രം കാണുന്ന വിധത്തില്‍ സില്‍വര്‍ പേപ്പര്‍ പാളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക. മൂന്നോ നാലോ പാളികള്‍ ആകുമ്പോഴേക്കും ഈ അവസ്ഥ എത്തിയിട്ടുണ്ടാകും. ഇതിലൂടെ ഗ്രഹണം കാണാവുന്നതാണ്. ഈ ഫില്‍ട്ടര്‍ ഉപയോഗിച്ച് കണ്ണട നിര്‍മ്മിച്ചാല്‍ കൂടുതല്‍ നന്നായിരിക്കും. ചാര്‍ട്ട് പേപ്പറും റബര്‍ബാന്‍ഡുകളും ഉപയോഗിച്ച് കണ്ണട നിര്‍മ്മിക്കാവുന്നതാണ്.
പഴയ ഫ്ലോപ്പിയുടെ മാഗ്നറ്റിക്ക് ഫിലിം ഉപയോഗിച്ചാല്‍ നന്നായി തന്നെ ഗ്രഹണം കാണാവുന്നതാണ്. ആദ്യം ഫ്ലോപ്പി പൊളിച്ച് അതിനുള്ളിലെ ഫിലിം എടുക്കുക. ചാര്‍ട്ട് പേപ്പര്‍ കൊണ്ട് ഒരു കണ്ണട നിര്‍മ്മിക്കുക. റബര്‍ ബാന്‍ഡ് തുടങ്ങിയവ ഉപയോഗിച്ച് അത് കണ്ണില്‍ പിടിപ്പിക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചെടുക്കാം. കണ്ണിന്റെ സ്ഥാനത്ത് ആവശ്യമായ വലിപ്പത്തില്‍ ദ്വാരമിടാന്‍ മറക്കരുത്. അവിടെ സോളാര്‍ ഫില്‍റ്റര്‍ (ഫ്ലോപ്പി ഫിലിം)ഉറപ്പിക്കണം. കണ്ണട റെഡി.
പിന്‍ഹോള്‍ ക്യാമറ നിര്‍മ്മിച്ചും സൂര്യനെ കാണാം. സൂര്യന്റെ പ്രതിബിംബം ഭിത്തിയില്‍ പതിപ്പിച്ചും സൂര്യഗ്രഹണം കാണാം. ഇതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ഒരു കണ്ണാടി സംഘടിപ്പിക്കുക. ഒരു ചാര്‍ട്ട് പേപ്പര്‍ എടുത്ത് അഞ്ച് മില്ലിമീറ്റര്‍ വ്യാസത്തില്‍ ഒരു ദ്വാരമിടുക. ദ്വാരം കണ്ണാടിയുടെ മധ്യത്തില്‍ വരത്തക്കവിധം ചാര്‍ട്ട് പേപ്പര്‍ കണ്ണാടിയില്‍ ചേര്‍ത്ത് ഉറപ്പിക്കുക. റബര്‍ബാന്‍ഡോ മറ്റോ ഉപയോഗിച്ച് ഉറപ്പിക്കാവുന്നതേ ഉള്ളൂ. ദ്വാരത്തിലൂടെയല്ലാതെ മറ്റൊരിടത്തു നിന്നും പ്രകാശം പ്രതിഫലിക്കരുത്. ഈ കണ്ണാടി ഉപയോഗിച്ച് സൂര്യപ്രകാശത്തെ ഭിത്തിയിലേക്കോ സ്ക്രീനിലേക്കോ പ്രതിഫലിപ്പിക്കുക. സൂര്യന്റെ പ്രതിബിംബമായിരിക്കും ഭിത്തിയില്‍ കാണുന്നത്. ഗ്രഹണം പൂര്‍ണ്ണമായും ഇപ്രകാരം കാണാവുന്നതാണ്.
യാതൊരു കാരണവശാലും ടെലിസ്കോപ്പ്, ബൈനോക്കുലര്‍ തുടങ്ങിയവയിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്.

ജൂലായ് 22 ന് സൂര്യഗ്രഹണം നഷ്ടപ്പെട്ടാല്‍ .... അടുത്ത ഗ്രഹണങ്ങള്‍
2010 ജാനുവരി 15 നും 2010 ജൂലായ് 11 നും അടുത്ത സൂര്യഗ്രഹണങ്ങള്‍ കാണാം. ഇതില്‍ ജൂലായ് മാസത്തിലെ ഗ്രഹണം പൂര്‍ണ്ണ സൂര്യഗ്രഹണമാണ്. എന്നാല്‍ ഇത് ഏതാണ്ട് പൂര്‍ണ്ണമായും പസഫിക്ക് സമുദ്രത്തിലൂടെയാണ് കടന്നു പോകുന്നത്. തെക്കേ അമേരിക്കയിലെ അര്‍ജന്റീന,ചിലി തുടങ്ങിയ സ്ഥലങ്ങളില്‍ മാത്രമാണ് ഗ്രഹണം പൂര്‍ണ്ണമായും കാണപ്പെടുന്ന മനുഷ്യവാസപ്രദേശം. അതു തന്നെ വളരെ കുറഞ്ഞ സമയത്തേക്കു മാത്രവും. ഇന്ത്യയിലുള്ളവര്‍ക്ക് ഈ ഗ്രഹണം ദൃശ്യമല്ല. എന്നാല്‍ 2010 ജാനുവരി 15 ന് സംഭവിക്കുന്ന വലയഗ്രഹണം കേരളത്തിലൂടെ കടന്നു പോകുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാണ്ട് പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ അന്ന് കഴിയും.


12 comments:

KNMVHS SCHOOL COMPUTER CLUB said...

നമസ്കാരം
നഗ്ന നേത്രം കോണ്ട് സൂര്യഗ്രഹണം കാണം.
പ്രഭാ‍തത്തിലായതിനാലാണ് ഇത് .
ഇതിന്റെ പിന്നിലെ ശാസ്ത്രീയത ഒന്നു വിശദമാക്കണമെന്ന് അപേക്ഷ.
ശാസ്ത്രകേരളത്തിന്റെ മുഖപ്രസംഗത്തിലും ശ്രീ പാപ്പുട്ടി ഇക്കാര്യം സുചിപ്പിച്ചിരുന്നതായി വ്യക്തമാകിയിരുന്നല്ലോ
ആശംസകളോടെ

ടോട്ടോചാന്‍ (edukeralam) said...

പ്രഭാതത്തില്‍ സൂര്യനെ നോക്കാന്‍ യാതൊരു ഫില്‍ട്ടറുകളും വേണ്ട. കന്യാകുമാരിയില്‍ പോയി സൂര്യോദയവും സൂര്യാസ്തമയവും നാം കാണുന്നതല്ലേ. ഒരു തരത്തിലുള്ള ഫില്‍ട്ടറുകളും ഉപയോഗിക്കാറില്ലല്ലോ.
പ്രഭാതത്തിലും സായാഹ്നത്തിലും സൂര്യരശ്മികള്‍ക്ക് ഭൌമാന്തരീക്ഷത്തിലൂടെ വളരെയധികം ദൂരം സഞ്ചരിക്കേണ്ടി വരുന്നു. അതു കൊണ്ടു തന്നെ കൂടുതല്‍ രശ്മികള്‍ വിസരിച്ചു പോവുകയും (ചുവന്ന നിറത്തില്‍ കാണപ്പെടുന്നതും ഇതു കൊണ്ടു തന്നെ) പ്രകാശതീവ്രത കുറവായിരിക്കുകയും ചെയ്യും.
ഗ്രഹണസമയത്ത് പിന്നെയും പ്രകാശം കുറയും. അതിനാല്‍ ധൈര്യമായിത്തന്നെ നോക്കാവുന്നതാണ്.

KNMVHS SCHOOL COMPUTER CLUB said...

നമസ്കാരം ,
താങ്കള്‍ഊടെ ഈ പോസ്റ്റ് വളരേ ഉപകാരപ്രദമാണ്.സ്ക്കൂള്‍ അസംബ്ലിയില്‍ ഇത് അവതരിപ്പിച്ചിരുന്നു.
വിദ്യാര്‍ഥികള്‍ ഏറെ താല്പര്യത്തോടെയാണ് സ്വീകരിച്ചത്.
ഒരു എളിയ നിര്‍ദ്ദേശം കൂടി.
ഈ ടോട്ടോച്ചാന്‍ എന്ന പേര് ഏറെ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നു.
അതിനാല്‍ കണ്‍ഫൂഷന്‍ ഇല്ലാത്ത ഒരെണ്ണം സ്വീകരിച്ചാല്‍ ..........
ആശംസകളോടെ

ടോട്ടോചാന്‍ (edukeralam) said...

സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ഈ പോസ്റ്റ് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം. സ്കൂള്‍ അസംബ്ലിയില്‍ അവതരിപ്പിച്ചതിന് നന്ദി അറിയിക്കുന്നു.
ടോട്ടോചാന്‍ എന്ന പേര് ബ്ലോഗ് നാമമായി സ്വീകരിച്ചതാണ്. ടോട്ടോചാന്‍ എന്ന പ്രസിദ്ധമായ പുസ്തകമാണ് ഈ പേര് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. അതിലെ പ്രധാന കഥാപാത്രത്തിന്റെ പേരായിരുന്നു ടോട്ടോചാന്‍. വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ആശയങ്ങള്‍ മനസ്സിലാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട് ടോട്ടോചാന്‍.

എന്റെ യഥാര്‍ത്ഥ പേര് നവനീത് കൃഷ്ണന്‍ എന്നാണ്.

മാരാര്‍ said...

X-Ray ഫിലിമും സോളാര്‍ ഫില്‍റ്റര്‍ ആയി ഉപയോഗിക്കാമല്ലോ അല്ലേ

ടോട്ടോചാന്‍ (edukeralam) said...

മാരാര്‍, തീര്‍ച്ചയായും ഉപയോഗിക്കാം.
പക്ഷേ പൂര്‍ണ്ണമായും കറുത്തഭാഗം തന്നെ കിട്ടണം.
അല്ലെങ്കില്‍ ചിലപ്പോള്‍ പ്രശ്നമാകാം. ഏറെ നേരം നോക്കിനില്‍ക്കുമ്പോഴാണ് അപകടസാധ്യത വര്‍ദ്ധിക്കുക.
പക്ഷേ ഈ സൂര്യഗ്രഹണത്തിന് ആദ്യം യാതൊരു പ്രശ്നവുമില്ലാതെ നോക്കാവുന്നതാണ്. സൂര്യപ്രകാശത്തിന് ശക്തിയേറുന്നതോടെ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

KNMVHS SCHOOL COMPUTER CLUB said...

നമസ്കാരം ,
ഇത്രയും നല്ലൊരു പേര് സ്വന്തമായി ഉള്ള നിലക്ക്
കണ്‍ഫ്യൂഷന്‍ ഉളവാക്കുന്ന മറ്റ് പേരുകള്‍ ഉപയോഗിക്കുന്നതല്ലേ നല്ലത് .
ആശംസകളോടെ

lakshmy said...

നന്ദി ടോട്ടോ ചാൻ :)
കഷ്ടം! സൂര്യഗ്രഹണസമയത്ത് നാട്ടിൽ ഉണ്ടാകില്ല:(

ടോട്ടോചാന്‍ (edukeralam) said...

ലക്ഷ്മി , അപ്പോള്‍ എവിടെയാണോ അവിടെ സൂര്യഗ്രഹണം കാണാന്‍ പറ്റുന്ന ഇടമാണെങ്കില്‍ കാണാന്‍ ശ്രമിക്കൂ....
കെ.എന്‍.എം. സ്കൂള്‍,
ഒരു വ്യത്യസ്ഥതയൊക്കെ വേണ്ടേ പേരിനും.. ബൂലോകത്ത് മറ്റൊരു പേര്‍ സ്വീകരിക്കുന്നത് സാധാരണമല്ലേ അതു കൊണ്ടാണ്...
ഇനിയും മാറ്റി വീണ്ടും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കണ്ട അല്ലേ....

N.J ജോജൂ said...

സൂര്യനെ നഗ്നനേത്രങ്ങള്‍ കൊന്ടു നോക്കുമ്പോള്‍:
സൂര്യേന്റെ സ്പെക്ട്രത്തിലുള്ള വികിരണങ്ങളില്‍ അപടകാരികളായ ഉയര്‍ന്ന ആവൃത്തിയുള്ള രശ്മികളുണ്ട്. ഇവ കണ്ണിനു ക്ഷതമേല്‍പിയ്ക്കാന്‍ സാധ്യതയുണ്ട്. ഉദയത്തിനും അസ്തമയത്തിനും സൂര്യപ്രകാശം കൂടുതല്‍ ദൂരം സന്ചരിയ്ക്കുന്നതിനാല്‍ അപകടകാരികളായ ഉയര്‍ന്ന ഫീക്വന്സിയുള്ള രശ്മികള്‍ ചിതറിപ്പോവുന്നതിനാല്‍  സൂര്യനെ നേരിട്ടു നോക്കാം.

എന്തുകൊന്ട് സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാന്‍ പാടില്ല.
സൂര്യഗ്രണഹസമയത്ത് സൂര്യന്‍ മറയപ്പെടുന്നതിനാല്‍ കാണുവാന്‍ സാധിയ്ക്കും. എന്നാല്‍ മറവില്‍ നിന്നും പുറത്തുവരുന്ന സമയത്ത് കണ്ണിനു അടയ്ക്കാനാവുന്നതിനും മുന്പേ വികിരണങ്ങള്‍ കണ്ണില്‍ പതിയ്ക്കുകയും അപടകമുന്ടാവുകയും ചെയ്യാം. ഇതേ അപകടം നഗ്നദേത്രങ്ങള്‍കൊന്ടു സൂര്യനെ നോക്കിയാലും സംഭവിയ്ക്കാം, പക്ഷേ പ്രകാശത്തിന്റെ തീവൃതകാരണം നേരിട്ടുനോക്കാന്‍ സാധിയ്ക്കാതെ വരുന്നതിനാല്‍ അപകടം ഒഴിവാകുന്നു.

ഇത്തവണ സൂര്യഗ്രഹണം ഉദയത്തിനായതിനാല്‍ -സൂര്യന്‍ നഗ്നനേത്രങ്ങള്‍കൊന്ട് സുരക്ഷിതമായി കാണാവുന്ന അവസ്ഥയിലായതിനാല്‍ - നഗ്നനേത്രങ്ങള്‍ കൊന്ടു കാണാം.

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

ഞങ്ങളും ഗ്രഹണം കാണാന്‍ തയ്യാറെടുത്തുകഴിഞ്ഞു........

ടോട്ടോചാന്‍ (edukeralam) said...

നന്ദി ജോജൂ വിശദീകരണങ്ങള്‍ക്ക്
മാഞ്ഞൂര്‍ സ്കൂളുകാരും ഗ്രഹണം കണ്ടിട്ടുണ്ടാകും എന്നു കരുതുന്നു..