Friday, August 7, 2009

ഹോ ഇതെങ്ങാനും ഭൂമിയില്‍ വീണായിരുന്നെങ്കില്‍....പിന്നെ...

ഭൂമിക്കടുത്തു കൂടെ കടന്നു പോയ ഛിന്നഗ്രഹത്തിന് രണ്ട് ഉപഗ്രഹങ്ങള്‍...

കഴിഞ്ഞ ജൂണ്‍ 10 ന് ആണ് ഭൂമിയില്‍ നിന്നും 25 ലക്ഷം കിലോമീറ്റര്‍ മാത്രം അകലെയായി ഒരു ഛിന്നഗ്രഹം കടന്നു പോയത്. ഭൂസമീപക ഛിന്നഗ്രഹങ്ങളില്‍ ഒന്നായ 1994 CC ആയിരുന്നു ഇത്. 700 മീറ്റര്‍ മാത്രമാണ് ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം. അതായത് ഏതാണ്ട് ഒരു മുക്കാല്‍ കിലോമീറ്റര്‍ മാത്രം. ഇത്തരം ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുക കൂടുതല്‍ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. എന്നിരുന്നാലും ശാസ്ത്രജ്ഞര്‍ ഇതിനേയും വെറുതെ വിട്ടില്ല.


(2009 ജൂണ്‍ 12 നും ജൂണ്‍ 14 നും നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം എടുത്ത 1994 CC യുടെ റഡാര്‍ ചിത്രങ്ങള്‍. ഉപഗ്രഹങ്ങള്‍ അമ്പ് ചിഹ്നത്താല്‍ സൂചിപ്പിച്ചിരിക്കുന്നു)

അപൂര്‍വ്വമായൊരു പ്രത്യേകതയാണ് അവര്‍ ഇതിന് കണ്ടെത്തിയത്. ഒരു കിലോമീറ്ററില്‍ താഴെ മാത്രം വലിപ്പമുള്ള ഈ ഛിന്നഗ്രഹത്തിനും രണ്ട് ഉപഗ്രഹങ്ങള്‍!
50 മീറ്ററോളം മാത്രം വ്യാസം വരുന്ന രണ്ട് വസ്തുക്കളാണ് ഈ ഛിന്നഗ്രഹത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നത്. ജൂണ്‍ 10 ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടി കടന്നു പോകുന്നതിനു മുന്‍പ് വളരെ കുറച്ചു മാത്രമേ ഈ ഛിന്നഗ്രഹത്തെക്കുറിച്ച് നമുക്കറിവുണ്ടായിരുന്നുള്ളൂ. നാസയുടെ ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ Marina Brozovic ഉം Lance Benner ഉം ആണ് ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചത്. നാസയുടെ ഗോള്‍ഡ് സ്റ്റോണ്‍ സോളാര്‍ സിസ്റ്റം റഡാറും അമേരിക്കയിലെ പ്യൂര്‍ട്ടോ റിക്കോയിലെ പ്രശസ്തമായ ആരസിബോ റേഡിയോ ടെലിസ്കോപ്പും നടത്തിയ നിരീക്ഷണങ്ങളുടെ ബലത്തിലായിരുന്നു പഠനം.


(ഛിന്നഗ്രത്തിന്റെ റഡാര്‍ ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്തു വച്ച് ആനിമേഷന്‍. സൂക്ഷിച്ച് നോക്കിയാല്‍ ഉപഗ്രഹങ്ങളെ ഇടക്ക് കാണാം. ചിത്രത്തില്‍ ഞെക്കിയാല്‍ വലിയ ചിത്രം ലഭിക്കും. അതില്‍ കുറച്ചു കൂടി വ്യക്തമായി കാണാം)

ഇനി ഈ ഛിന്നഗ്രഹം ഭൂമിയെ സമീപിക്കുന്നത് 2074 ല്‍ മാത്രമായിരിക്കും.
ഏതാണ്ട് നൂറോളം ഭൂസമീപക ഛിന്നഗ്രഹങ്ങളെ നാം കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഇതുവരെ മൂന്നുവസ്തുക്കളുടെ വ്യൂഹമായി കണ്ടെത്തിയ ഛിന്നഗ്രഹങ്ങള്‍ വെറും രണ്ടെണ്ണം മാത്രമാണ്. 2001 SN263 എന്ന ഛിന്നഗ്രഹമാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ കണ്ടെത്തിയ മറ്റൊരു വസ്തു. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതും ആരസിബോ ടെലിസ്കോപ്പ് ഉപയോഗിച്ചാണ്. രണ്ടു കിലോമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ആ വസ്തുവിന് ഒരു കിലോമീറ്ററും 400 മീറ്ററും വലിപ്പമുള്ള രണ്ട് സഹഛിന്നഗ്രഹങ്ങളായിരുന്ന കൂട്ട്. ഇവ പരസ്പരം ചുറ്റിക്കറങ്ങുകയായിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 1994 CC യുടെ ഉപഗ്രഹങ്ങള്‍ക്ക് പക്ഷേ അതിനേക്കാളൊക്കെ വലിപ്പം കുറവാണ്.

ഭൂമിക്കടുത്തു കൂടെ കടന്നു പോകുന്ന ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം വളരെ പ്രാധ്യാന്യമര്‍ഹിക്കുന്നവയാണ്. ഇവയില്‍ ഏതെങ്കിലും ഒന്ന് ഭൂമിക്ക് വളരെ അടുത്തു കൂടെ കടന്നു പോകുന്നത് പ്രവചിക്കാനാവാത്രത്ത പ്രതിഭാസങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരത്തില്‍ ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചതിന്റെ ഫലമായിട്ടാണ് ഡൈനോസോര്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ ഭൂമിയില്‍ നിന്നും തുടച്ചു നീക്കപ്പെട്ടത് എന്നു കരുതുന്നു.
അവലംബം

http://www.jpl.nasa.gov/news/features.cfm?feature=2259
http://ssd.jpl.nasa.gov/sbdb.cgi?sstr=2001+SN263
http://www.astrobio.net/index.php?option=com_news&task=detail&id=2625
http://deepspace.jpl.nasa.gov/technology/95_20/gold.htm


ഓ.ടോ
ഇവയെ ഉപഗ്രഹങ്ങള്‍ എന്നു വിളിച്ചാല്‍ അര്‍ത്ഥം അത്ര ശരിയാകില്ല. വല്ല ഉപഛിന്നഗ്രഹമെന്നോ മറ്റോ വിളിക്കേണ്ടി വരും....

4 comments:

അനിൽ@ബ്ലൊഗ് said...

ഹോ !!
രക്ഷപ്പെട്ടു.
:)

മണ്ട‍ന്‍ കുഞ്ച‌ു said...

ഭൂമിയില്‍ വീണിരുന്നെങ്കില്‍.......
പിന്നെ...............
ഹഹഹഹഹഹഹഹഹഹഹഹഹഹ

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമോ....?

" അനന്തം അജ്ഞാതം അവര്‍ണനീയം
.............................
.............................
.............മര്‍ത്യന്‍ കഥയെന്തറിഞ്ഞു? "

ടോട്ടോചാന്‍ (edukeralam) said...

അനില്‍, മണ്ടന്‍ കുഞ്ചു, മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം
നന്ദി...
ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ അഞ്ചിരട്ടി അകലെക്കൂടിയാണ് അത് കടന്നു പോയത്. ദാ ഇന്ന് അതായത് 8/8/2009 ന് മറ്റൊരു ഛിന്നഗ്രഹം കൂടി ഭൂമിക്കടുത്തു കൂടി കടന്നു പോകുന്നു. 2007 RQ17 എന്നാണ് ഇതിന്റെ പേര്. ടോമിന്റെ ഛിന്നഗ്രഹം എന്നാണ് അറിയപ്പെടുന്നത്. മുപ്പത്തിരണ്ട് ലക്ഷം കിലോമീറ്റര്‍ അകലെയായാണ് ഇത് കടന്നു പോകുന്നത്. http://tiny.cc/b6TXG ദാ ഈ വിലാസത്തില്‍ വിശദവിവരങ്ങള്‍ ഉണ്ട്.

തലക്കെട്ട് അങ്ങിനെ കൊടുത്തത് ഒരു ആകര്‍ഷണത്തിന് മാത്രം. രണ്ട് ഉപഗ്രഹങ്ങളുള്ള ഛിന്നഗ്രമാണ് പ്രാധാന്യമര്‍ഹിക്കുന്ന സംഗതി.