ജീവന്റെ അടിസ്ഥാന ശിലയുമായി ഒരു വാല്‍നക്ഷത്രം...


ഭൌമേതരജീവന്‍ എന്നത് ശാസ്ത്രകല്പിത കഥകളിലെ സജീവമായ വിഷയമാണ്. അവരുടെ ഭാവനക്ക് ചിറകു വിരിക്കാന്‍ ഇപ്പോള്‍ മറ്റൊരു കാരണം കൂടി. ജീവന്റെ അടിസ്ഥാനശിലകളായ പ്രോട്ടീനുകള്‍ നിര്‍മ്മിക്കുന്ന അമിനോ ആസിഡുകള്‍ സൌരയൂഥത്തില്‍ എവിടെയെങ്കിലും കണ്ടെത്താനായി ശാസ്ത്രജ്ഞര്‍ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ഇത്തരം അമിനോ അസിഡുകളിലൊന്നായ ഗ്ലൈസിന്‍ എന്ന രാസവസ്തുവിനെ ഒരു വാല്‍നക്ഷത്രത്തില്‍ കണ്ടെത്തിയിരിക്കുന്നു. ജീവിവര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന അമിനോ അമ്ളമാണ് ഗ്ലൈസിന്‍. ഇതാദ്യമായാണ് ഒരു വാല്‍നക്ഷത്രത്തില്‍ ഗ്ലൈസിന്‍ കണ്ടെത്തുന്നത്.

ഭൂമിയിലെ ജീവന്‍ ഉടലെടുത്തത് വാല്‍നക്ഷത്രങ്ങള്‍ കൊണ്ടുവന്ന കാര്‍ബണികസംയുക്തങ്ങളില്‍ നിന്നുമാണ് എന്ന ഒരു വാദം നിലവിലുണ്ട്. ആ വാദത്തിനെ ബലപ്പെടുത്തുന്ന ഒരു കണ്ടെത്തലാണ് നാസ ഇപ്പോള്‍ നടത്തിയിരിക്കുന്നത്. 2009 ആഗസ്റ്റ് 16 ന് അമേരിക്കയിലെ വാഷിംഗ്ടണ്‍ ആസ്ഥാനമായ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലാണ് ഇതു സംബന്ധിച്ച ഗവേഷണപ്രബന്ധം അവതരിപ്പിക്കപ്പെട്ടത്.



(സ്റ്റാര്‍ഡസ്റ്റ് പേടകം വാല്‍നക്ഷത്രത്തിനടുത്തു കൂടി സഞ്ചരിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നു. ഒരു ചിത്രകാരഭാവന. കടപ്പാട്-നാസ-JPL)


ജീവന്‍ എന്ന പ്രതിഭാസം ഭൂമിയില്‍ മാത്രമല്ല പ്രപഞ്ചത്തില്‍ എല്ലായിടത്തും കാണപ്പെടാം എന്ന ആശയത്തിന് ബലം നല്‍കുന്നതാണ് ഈ കണ്ടെത്തല്‍. ജീവന്‍ പ്രപഞ്ചത്തില്‍ അപൂര്‍വ്വമായ ഒന്നല്ല എന്ന് കരുതേണ്ടിവരുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷകര്‍ പറയുന്നത്.
ശരീരത്തിനെ നിലനിര്‍ത്തുന്നതു തന്നെ പ്രോട്ടീനുകളാണ്. വിവിധതരത്തിലുള്ള പ്രോട്ടീനുകളുടെ പ്രവര്‍ത്തനം മൂലമാണ് ശരീരത്തിലെ രാസപ്രക്രിയകള്‍ നിയന്ത്രിക്കപ്പെടുന്നതും. ദശലക്ഷക്കണക്കിന് വരുന്ന ഈ വ്യത്യസ്ഥ പ്രോട്ടീനുകളെല്ലാം നിര്‍മ്മിച്ചിരിക്കുന്നത് വെറും ഇരുപത് അമിനോ ആസിഡുകളുടെ വിവിധ തരത്തിലുള്ള കൂടിച്ചേരലുകള്‍ മൂലമാണ്.

സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യമായിരുന്നു ഈ കണ്ടെത്തലിനു പിന്നില്‍. വൈല്‍ഡ് - 2 എന്ന വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ ശേഖരിക്കാനാണ് സ്റ്റാര്‍ഡസ്റ്റ് എന്ന ദൌത്യം ആസൂത്രണം ചെയ്തത്. 1999 ഫെബ്രുവരി 7 ന് വിക്ഷേപിച്ച സ്റ്റാര്‍ഡസ്റ്റ് പേടകം ചന്ദ്രനുമപ്പുറത്തുള്ള ഒരു സ്ഥലത്തു നിന്നും എന്തെങ്കിലും ഒരു പദാര്‍ത്ഥം ഭൂമിയിലെത്തിക്കാനുള്ള ആദ്യ ദൌത്യമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം 2004 ജാനുവരി 2 ന് ഈ പേടകം വൈല്‍ഡ് 2 എന്ന ധൂമകേതുവിന്റെ അടുത്തെത്തി. ഐസ് നിറഞ്ഞ ധൂമകേതുവിന്റെ കേന്ദ്രത്തിനു ചുറ്റുമുള്ള പൊടിപടലത്തിനും വാതകങ്ങള്‍ക്കും ഇടയിലൂടെ സ്റ്റാര്‍ഡസ്റ്റ് കടന്നു പോയി. എയറോജെല്‍ എന്നറിയപ്പെടുന്ന സ്പോഞ്ച് പോലെയുള്ള സ്വീകരണി ഉപയോഗിച്ച് ധൂമകേതുവിന് ചുറ്റുമുള്ള വാതകങ്ങളും പൊടിയും സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ചു. പ്രത്യേകരീതിയിലുള്ള പേടകത്തില്‍ സുരക്ഷിതമായി അടക്കം ചെയ്ത ഈ ധൂമകേതു പദാര്‍ത്ഥം രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ജാനുവരി 15 ന് തിരിച്ച് ഭൂമിയിലെത്തിച്ചു. പ്രത്യേകം തയ്യാറാക്കിയ പാരച്യൂട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഈ തിരിച്ചിറക്കല്‍. അന്നു മുതല്‍ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ ഈ പദാര്‍ത്ഥങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു.


(2006 ല്‍ സ്റ്റാര്‍ഡസ്റ്റ് എയറോജെല്‍ അടക്കം ചെയ്ത പേടകം ഭൂമിയില്‍ തിരിച്ചിറങ്ങിയപ്പോള്‍. വളരെ ഉയര്‍ന്ന റെസല്യൂഷന്‍ ചിത്രത്തിനായി ചിത്രത്തില്‍ അമര്‍ത്തുക. കടപ്പാട് - നാസ)

ധൂമകേതുവിന്റെ സാംപിള്‍ ശേഖരിച്ചിരിക്കുന്ന എയറോജെല്‍ സൂക്ഷിച്ച പേടകത്തിന്റെ വശങ്ങളിലുള്ള അലൂമിനിയം ഫോയില്‍ ആണ് ഇവര്‍ പരിശോധനക്ക് വിധേയമാക്കിയത്. എയറോജെല്ലില്‍ കൂടി കടന്നുപോകുന്ന പൊടിയും വാതകങ്ങളും അലൂമിനിയം ഫോയിലിലും കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ട് എന്ന നിഗമനത്തിലായിരുന്നു പരിശോധന. ആ നിഗമനം തെറ്റിയില്ല. എയറോജെല്ലിലെ പദാര്‍ത്ഥം പരിശോധിക്കാതെ തന്നെയുള്ള പരീക്ഷണമായതിനാല്‍ അതി സൂഷ്മമായ ഉപകരണങ്ങള്‍ വേണ്ടിയിരുന്നു. ഈ സാംപിള്‍ പഠിക്കുവാനുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിനും ഗവേഷണത്തിനും തന്നെ രണ്ടു വര്‍ഷം എടുത്തു എന്നാണ് നാസ പറയുന്നത്. പദാര്‍ത്ഥത്തിലെ ഓരോ തന്മാത്രകളെക്കുറിച്ചും പഠിക്കാന്‍ കഴിയുന്ന ഉപകരണങ്ങളായിരുന്നു ആവശ്യം. ഭൂമിയിലെ ഒരു തരത്തിലുള്ള പദാര്‍ത്ഥങ്ങളും ധൂമകേതു സാംപിളില്‍ കയറിക്കൂടരുത്. അത്രക്ക് സൂഷ്മമായും സുരക്ഷിതമായും ചെയ്ത പഠനങ്ങള്‍ക്കൊടുവിലാണ് ശാസ്ത്രജ്ഞരേയും ശാസ്ത്രകുതുകികളേയും ആവേശം കൊള്ളിക്കുന്ന ഈ വാര്‍ത്ത പുറത്തുവന്നത്.



(സ്റ്റാര്‍ഡസ്റ്റിലെ എയറോജല്‍ സംവിധാനം. വാതകകണങ്ങളും പൊടിയും ഇടിക്കുന്നത് വെള്ളനിറത്തില്‍ കാണിച്ചിരിക്കുന്നു. എയറോജെല്‍ പച്ചനിറത്തില്‍. - ഒരു ചിത്രകാരഭാവനാ ചിത്രം - കടപ്പാട് - നാസ-JPL)




നേരത്തേ എയറോജെല്ലില്‍ ഉള്ള ധൂമകേതുവിന്റെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ ഗ്ലൈസിന്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഭൂമിയില്‍ എത്തിയ ശേഷം ഏതെങ്കിലും തരത്തില്‍ മലിനീകരിക്കപ്പെട്ട് വന്നതാണോ എന്ന സംശയം ശാസ്ത്രജ്ഞര്‍ക്കുണ്ടായി. ഐസോടോപ്പിക്ക് പരിശോധനയാണ് ഭൌമേതര ഗ്ലൈസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ആറ്റത്തിന്റെ ന്യൂക്ലിയസ്സിലെ ന്യൂട്രോണുകളുടെ എണ്ണത്തില്‍ വരുന്ന വ്യതിയാനമാണ് ഐസോടോപ്പുകളെ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ആറ്റത്തിന്റെ കാര്യത്തില്‍ ആറ് ന്യൂട്രോണും ആറ് പ്രോട്ടോണും ആണ് ന്യൂക്ലിയസ്സിനുള്ളില്‍ സാധാരണ കണ്ടുവരുന്നത്. എന്നാല്‍ ആറ് പ്രോട്ടോണും ഏഴ് ന്യൂട്രോണും ഉള്ള കാര്‍ബണ്‍ ആറ്റങ്ങളായിരുന്നു സ്റ്റാര്‍ഡസ്റ്റ് ശേഖരിച്ച സാമ്പിളിലെ ഗ്ലൈസിനില്‍ ഉണ്ടായിരുന്നത്. കാര്‍ബണ്‍ -13 എന്നറിയപ്പെടുന്ന ഐസോടോപ്പിന്റെ അധികമായ സാന്നിദ്ധ്യമാണ് ഗ്ലൈസിന്റെ ഉറവിടം ഭൌമേതരം ആണ് എന്ന് ഉറപ്പിച്ചു പറയാന്‍ നാസ കാരണമായെടുത്തത്.

നമുക്ക് കാത്തിരിക്കാം.... ജീവന്റെ ഉറവിടം തേടിയുള്ള യാത്രയില്‍ നമ്മുടെ സഹയാത്രികരെ കണ്ടെത്തുന്ന കാലത്തിനായി...

അവലംബം
http://www.nasa.gov/mission_pages/stardust/news/stardust_amino_acid.html