Sunday, May 23, 2010

പരീക്ഷാഫലങ്ങളിലെ ലിംഗവിവേചനം ?

എസ്.എസ്.എല്‍.സി ഫലം, ഹയര്‍സെക്കന്ററി ഫലം, ബിരുദ ഫലം, എന്‍ട്രന്‍സ് ഫലം ഇതെല്ലാം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു. കുട്ടിക്കാലം മുതല്‍ക്കേ കേള്‍ക്കുന്ന വാര്‍ത്തകളാണിവ. വളരെ ആവേശത്തോടെയാണ് ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോഴെല്ലാം ഈ വാര്‍ത്തകള്‍ വായിക്കുന്നത്. അന്ന് പരീക്ഷാഫലങ്ങളുടെ തലക്കെട്ടുകള്‍ ഇങ്ങിനെയാണ് വരാറ്. "പരീക്ഷാഫലം പ്രഖ്യാപിച്ചു. പെണ്‍കുട്ടികള്‍ ആദ്യറാങ്കുകള്‍ കരസ്ഥമാക്കി, ആണ്‍കുട്ടികള്‍ പിന്നില്‍" എന്‍ട്രന്‍സ് പോലുള്ളവയില്‍ അതിങ്ങനെയും ആയിരിക്കും. "റിസല്‍ട്ട് പ്രഖ്യാപിച്ചു. ആദ്യനൂറില്‍ ഭൂരിഭാഗവും ആണ്‍കുട്ടികള്‍." ഇതേ തലക്കെട്ടുകള്‍ ഇന്നും തുടരുന്നു. സ്ത്രീപുരുഷ വിവേചനങ്ങളുടെ അടിസ്ഥാനങ്ങളാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം തലക്കെട്ടുകള്‍ എന്നത് ആരും തിരിച്ചറിയുന്നില്ല. സ്കൂളിലെ കുട്ടികളെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി വേര്‍തിരിക്കുന്ന ഇത്തരം വാര്‍ത്തകള്‍ ചെറിയ ക്ലാസുകള്‍ മുതലേ ഞങ്ങളെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്. ക്ലാസിലെ സഹപാഠികളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മില്‍ പരസ്പരം വാചകങ്ങള്‍ കൊണ്ടുള്ള തല്ലുപിടികള്‍ക്ക് ഈ വാര്‍ത്തകള്‍ എന്നും പ്രേരണയായിരുന്നു. അധ്യാപകരും സമൂഹവും പെണ്‍കുട്ടികളെന്നും ആണ്‍കുട്ടികളെന്നും വേര്‍തിരിച്ച ഞങ്ങളില്‍ ഈ വേര്‍തിരിവ് കൂടുതല്‍ ശക്തമാക്കാന്‍ ഈ വാര്‍ത്തകള്‍ കാരണമായിട്ടുണ്ട്. ലിംഗവിവേചനത്തിന് നല്ല വളമായിരുന്നു ഈ വാര്‍ത്തകള്‍.

പരിഷ്കരിച്ച പാഠ്യപദ്ധതിയുടെ വരവും മറ്റും പെണ്‍കുട്ടികള്‍ എന്നും ആണ്‍കുട്ടികള്‍ എന്നു ഉള്ള വേര്‍തിരിവിനെ അല്പമെങ്കിലും കുറയ്ക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ മാധ്യമങ്ങളുടെ വിവേചനങ്ങള്‍ ഇന്നും വാര്‍ത്തകളിലൂടെ തുടരുന്നു. പരീക്ഷയെഴുതിയത് കുട്ടികളാണ്. ഇത്ര ശതമാനം പേര്‍ യോഗ്യത നേടി എന്ന് പൊതുവായി പറഞ്ഞാല്‍ അത് മനസ്സിലാക്കാം. പക്ഷേ പെണ്‍കുട്ടികള്‍ മുന്നില്‍ ആണ്‍കുട്ടികള്‍ മുന്നില്‍ എന്ന രീതിയിലുള്ള ഈ വാര്‍ത്തകള്‍ ആര്‍ക്ക് വേണ്ടിയാണ് ? ഇതു കൊണ്ട് ആര്‍ക്കാണ് പ്രയോജനം?
റിസല്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ ഹിന്ദുക്കള്‍ മുന്നില്‍, ക്രിസ്ത്യാനികള്‍ മുന്നില്‍ ഇസ്ലാമുകള്‍ മുന്നില്‍ എന്ന രീതിയില്‍ വാര്‍ത്ത വന്നാല്‍ സാമുദായികപരമായി സംഭവിക്കാവുന്നതിനേക്കാള്‍ കൂടിയ വിവേചനമാണ് ഇവിടെ ലിംഗവിവേചനത്തിന്റെ രൂപത്തില്‍ സംഭവിക്കുന്നത്.
റിസല്‍ട്ടിന്റെ വാര്‍ത്താശൈലി മാറ്റിയതു കൊണ്ട് മാത്രം ലിംഗസമത്വം കൈവരിക്കും എന്നൊന്നും പറയുന്നില്ല. പക്ഷേ പരീക്ഷയെഴുതുന്നത് പെണ്‍കുട്ടികളും ആണ്‍കുട്ടികളുമല്ല മറിച്ച് കുട്ടികളാണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം എന്നേ ആഗ്രമുള്ളൂ. ഞങ്ങളാണ് പരീക്ഷയെഴുതിയത് എന്ന് നമ്മുടെ കുട്ടികള്‍ക്ക് തോന്നാന്‍ ഒരു മാറ്റം സഹായിക്കും, അത്രമാത്രം.

16 comments:

നജീബ് said...

കാണാതെ പഠിച്ചു എഴുതുന്നതെന്ന് കരുതപ്പെടുന്ന പരീക്ഷകളില്‍ പെണ്‍കുട്ടികള്‍ക്കും ബുദ്ധി ഉപയോഗിച്ച് വിഷയങ്ങള്‍ അപഗ്രഥിച്ചു എഴുതേണ്ടുന്ന പരീക്ഷകളില്‍ ആണ്‍കുട്ടികള്‍ക്കും മേധാവിത്തം എന്ന നിലക്കാണെന്ന് തോന്നുന്നു മാധ്യമങ്ങള്‍ ഇതിനെ കാണുന്നത്....എന്നാല്‍ സിവില്‍ സര്‍വീസ് പോലുള്ള കുറച്ചുകൂടെ വിശകലന പാടവം ആവശ്യപ്പെടുന്ന മത്സരപരീക്ഷകളില്‍ പെണ്‍കുട്ടികള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുന്നതിനെ ഇവര്‍ എങ്ങിനെ വിശദീകരിക്കും?

ടോട്ടോചാന്‍ (edukeralam) said...

നന്ദി നജീബ്,
മാധ്യമങ്ങള്‍ മാത്രമല്ല ഭൂരിഭാഗം ജനങ്ങളും അങ്ങിനെ തന്നെയാണ് കാണുന്നത്..സിവില്‍ സര്‍വ്വീസ് പരീക്ഷകളിലെ വ്യതിയാനം അവര്‍ കാര്യമാക്കുന്നുണ്ടാകില്ലായിരിക്കാം.. പക്ഷേ അതല്ല യാഥാര്‍ത്ഥപ്രശ്നം. പണ്ട് ആരോ തുടങ്ങിയ വാര്‍ത്തശൈലിയില്‍ നിന്നും ഇന്നും മാറാതെ നില്‍ക്കുകയാണ് മാധ്യമങ്ങള്‍. വിവേചനങ്ങള്‍ക്ക് കൂട്ടായിനില്‍ക്കുന്ന ഈ ശൈലി മാറിയേ തീരൂ...

മലമൂട്ടില്‍ മത്തായി said...

There are significant issues related to education and sexes. The earning potential of the current generation depends directly on their education. So if the girls are doing better than the boys, then that will have effects down the line too. Looking at the way things are going in this country(USA), males are falling far behind the females even in advanced degrees. Which results in awkward situations at work and in life as well.

Now that we are at it, why do anyone care about the birth rates and sex ratios of children? After all every one of them are children, so why differentiate on the basis of sex?

As a male who grew up in the nineties, I know about the pressure when it comes to the entrance exams which is seen as a window for better life in many families. That is the make or break chance for the males (as seen by the families). For the women, if they cannot make it through the entrance exams, some one (who possibly had made through those entrance tests) will marry them.

There are studies carried out regarding the differences in achievement of the sexes, which shows some very interesting results. Males tend to be either at the very top or at the very bottom in terms of achievement. So you find a lot of males at the very top and the males tend to crowd the bottom as well. Women tend to occupy the happy middle - no pressure jobs like teaching, nursing, clerical work are all crowded with women.

So IMHO, the sexes do matter.

ടോട്ടോചാന്‍ (edukeralam) said...

മലമൂട്ടില്‍ മത്തായി,
ജനനനിരക്കില്‍ സ്ത്രീപുരുഷ സമത്വം നിലനിര്‍ത്താന്‍ തന്നെയാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. ജനിച്ചുകഴിഞ്ഞാല്‍ അവര്‍ കുട്ടികള്‍ തന്നെയാണ്. അല്ലാതെ അവരെ പിന്നീട് ആണും പെണ്ണുമായി വേര്‍തിരിക്കേണ്ടതില്ല. എന്നാല്‍ ഇവിടെ ഓരോ കാര്യങ്ങള്‍ക്കും വേര്‍തിരിവാണ്. അതിശക്തമായ വേര്‍തിരിവുകള്‍. അതിന്റെ പ്രതിഫലനമാണ് വാര്‍ത്തശൈലിയില്‍ വരുന്ന പാളിച്ചയും.
ലിംഗപരമായി പഠനങ്ങള്‍ കാണിക്കുന്ന വേര്‍തിരിവുകള്‍ അതേ പടി നിലനിര്‍ത്തപ്പെടണം എന്ന് ആഗ്രഹിക്കാന്‍ പാടില്ല. അതിന്റെ കാരണം കണ്ടെത്തി സമത്വത്തില്‍ നിന്ന് മാറിപ്പോകുന്നെങ്കില്‍ അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്..

Typist | എഴുത്തുകാരി said...

എനിക്കും പലപ്പോഴും തോന്നിയിട്ടുള്ളതു തന്നെയാണിതു്. ആദ്യറാങ്കുകള്‍ പെണ്‍കുട്ടികള്‍ കരസ്ഥമാക്കി, ആണ്‍കുട്ടികള്‍ മുന്നില്‍ എന്നൊക്കെ കാണുമ്പോള്‍ ഈ വിവേചനത്തിന്റെ ആവശ്യമെന്തെന്നു്!

ടോട്ടോചാന്‍ (edukeralam) said...

എഴുത്തുകാരി,
ആര്‍ക്കുവേണ്ടിയാണെന്നു പോലും അറിയാതെ വാര്‍ത്തകള്‍ എഴുതുന്നവരായി മാധ്യമങ്ങള്‍ മാറിപ്പോകുന്നു എന്നു തോന്നും....

വരയും വരിയും : സിബു നൂറനാട് said...

കായിക ശേഷിയില്‍ ഒഴിച്ച്(കായികതാരങ്ങളെ മാറ്റി നിര്‍ത്തുന്നു) മറ്റെന്തെങ്കിലും കാര്യങ്ങളില്‍, പ്രകടമായ വ്യത്യാസം ആണിന്‍റെയും പെണ്ണിന്‍റെയും കാര്യത്തില്‍ ഉള്ളതായിട്ട് എന്‍റെ അനുഭവത്തില്‍ തോന്നിയിട്ടില്ല.
ഇനി മറിച്ചൊരു ചിന്ത എനിക്കുണ്ടാകുന്നുണ്ടെങ്കില്‍ അത് എന്‍റെ ബുദ്ധിക്കുറവില്‍ എനിക്കുള്ള ഈഗോ കാരണമായിരിക്കും!!!

ഇനി പത്രങ്ങളെക്കുറിച്ചാണെങ്കില്‍...ചിന്തിച്ചുള്ള എഴുത്ത് നന്നേ കുറവ്...കുറെ കൊല്ലങ്ങളായിട്ട് ആരെങ്കിലും ഒക്കെ എഴുതി വെച്ചിരിക്കുന്ന ശൈലി(template) കടമെടുക്കുകാ...പുതിയ വാര്‍ത്തകള്‍ തിരുകി കയറ്റുക..അച്ചടിക്കുക..!!

ടോട്ടോ, പത്രങ്ങളെ കുറിച്ച് എന്‍റെ ചില ചിന്തകള്‍ വായിക്കാന്‍ ക്ഷണിക്കുന്നു. താഴത്തെ link-ല്‍ click ചെയ്‌താല്‍ മതി.

http://varayum-variyum.blogspot.com/2009/12/blog-post.html

മലമൂട്ടില്‍ മത്തായി said...

In your reply to my comment, the last sentence was about bridging the gap between the sexes. Well if nobody takes stock of these things (the sex ratio, college/ school graduation rates) then how are we going to know of the gap (to bridge) in the first place?

ടോട്ടോചാന്‍ (edukeralam) said...

സിബു,
കായികശേഷിയില്‍ ഉള്ള വ്യതിയാനം എന്നതു പോലും ഒരു പക്ഷേ വരെ ഇതുവരെയുള്ള വിവേചനങ്ങളുടെ ഫലമായിരിക്കാം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിശ്ചയിക്കപ്പെട്ട ജോലികളിലുള്ള വ്യതിയാനമാകാം ഇതിന് കാരണമായത്. ജൈവികമായ വ്യതിയാനങ്ങള്‍ക്ക് ഒരു പരിധിയുണ്ടാകും. പക്ഷേ ഇവിടെ അതിലധികമായി അത് ചൂണ്ടിക്കാണിക്കപ്പെടുന്നു.

സമത്വം വേണ്ടത് ആണിനും പെണ്ണിനും അല്ല മനുഷ്യര്‍ക്കാണ് എന്നത് മാത്രമാണ് പ്രധാനം.


മലമൂട്ടില്‍ മത്തായി,

സമത്വം ലഭിച്ചോ എന്നറിയാന്‍ നടത്തുന്ന സര്‍വേകളും പത്രക്കാര്‍ നടത്തുന്ന ഈ എഴുത്ത് രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. ഒരു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നിരിക്കാം ഇത്തരം വാര്‍ത്തകള്‍. പക്ഷേ ഇന്നതിന്റെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. ആണ്‍-പെണ്‍ താരതമ്യക്കണക്കുകള്‍ ആവശ്യമുള്ളിടത്തോളം മാത്രം അത് നല്‍കിയാല്‍ മതി. അല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഈ വേര്‍തിരിവിന്റെ ആവശ്യമെന്ത്?
രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ(ഹയര്‍സെക്കന്ററിയില്‍ ഇപ്പോഴും) ഹാജര്‍ പുസ്തകങ്ങളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചാണ് എഴുതിയിരുന്നത്. അതിന് പറഞ്ഞിരുന്ന ന്യായം അവരുടെ എണ്ണം ലഭിക്കാനാണ് എന്നതാണ്. ഒന്ന് എണ്ണിനോക്കിയാല്‍ ലഭിക്കുന്ന ഈ കണക്കിനു വേണ്ടി വര്‍ഷങ്ങളോളം നീളുന്ന വിവേചനം നടത്തേണ്ടതുണ്ടായിരുന്നോ? ഇപ്പോള്‍ ഹാജര്‍ പുസ്തകത്തില്‍ കുട്ടികളാണ് ഉള്ളത്. അല്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ല.ഈ മാറ്റം എല്ലാ മാധ്യമങ്ങളിലേക്കും വരേണ്ടതുണ്ട്. അതാണ് പോസ്റ്റിന്റെ ഉള്ളടക്കവും..

കാക്കര - kaakkara said...

ഈ പോസ്റ്റിന്റെ സാരാംശം ടോട്ടാചാര്യന്റെ താഴെ കാണുന്ന കമന്റിലുണ്ട്‌....

"ആണ്‍-പെണ്‍ താരതമ്യക്കണക്കുകള്‍ ആവശ്യമുള്ളിടത്തോളം മാത്രം അത് നല്‍കിയാല്‍ മതി. അല്ലാതെ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഈ വേര്‍തിരിവിന്റെ ആവശ്യമെന്ത്?
രണ്ടോ മൂന്നോ വര്‍ഷം മുന്‍പുവരെ(ഹയര്‍സെക്കന്ററിയില്‍ ഇപ്പോഴും) ഹാജര്‍ പുസ്തകങ്ങളില്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിച്ചാണ് എഴുതിയിരുന്നത്. അതിന് പറഞ്ഞിരുന്ന ന്യായം അവരുടെ എണ്ണം ലഭിക്കാനാണ് എന്നതാണ്. ഒന്ന് എണ്ണിനോക്കിയാല്‍ ലഭിക്കുന്ന ഈ കണക്കിനു വേണ്ടി വര്‍ഷങ്ങളോളം നീളുന്ന വിവേചനം നടത്തേണ്ടതുണ്ടായിരുന്നോ? ഇപ്പോള്‍ ഹാജര്‍ പുസ്തകത്തില്‍ കുട്ടികളാണ് ഉള്ളത്. അല്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അല്ല.ഈ മാറ്റം എല്ലാ മാധ്യമങ്ങളിലേക്കും വരേണ്ടതുണ്ട്. അതാണ് പോസ്റ്റിന്റെ ഉള്ളടക്കവും.. "

ടോട്ടോചാന്‍ (edukeralam) said...

നജീബ്, മലമൂട്ടില്‍ മത്തായി, എഴുത്തുകാരി, സിബു, കാക്കര,

നന്ദി...

ജഗദീശ്.എസ്സ് said...

എങ്ങനേയും വിഭാഗീയത കണ്ടെത്തി ആളുകളെ തമ്മിലടിപ്പിക്കുക എന്നതാണ് ഈ സാമൂഹ്യദ്രോഹികളുടെ ലക്ഷ്യം.
http://mljagadees.wordpress.com/2009/11/01/narrow-minded-media/

aathman / ആത്മന്‍ said...

ടോട്ടോചാന്‍,
ലിംഗസമത്വത്തിനായി വാദിക്കുന്നവര്‍ പലപ്പോഴും അസമത്വത്തിലേയ്ക്ക് നയിക്കുന്ന ഇത്തരം കാര്യങ്ങളെ കാണാറില്ല. ഇതെല്ലാം ചേര്‍ന്നാണ് സ്ത്രീയെ ഒരു 'അപരവസ്തുവായി' കാണുന്ന രീതി ഉടലെടുക്കുന്നതെന്ന് നമ്മുടെ സമൂഹം എന്ന് തിരിച്ചറിയും?

ടോട്ടോചാന്‍ (edukeralam) said...

ജഗദീശ്, ആത്മന്‍ നന്ദി
ഒറ്റ നോട്ടത്തില്‍ അദൃശ്യവും നിരുപദ്രവകാരവും എന്നു വിചാരിക്കുന്ന ഇത്തരം നിശബ്ദവിവേചനങ്ങളാണ് പലപ്പോഴും കാലപ്പഴക്കം കൊണ്ടും ആധികാരികത കൊണ്ടും പ്രത്യക്ഷത്തില്‍ കാണുന്ന വിവേചനങ്ങളേക്കാള്‍ ശക്തമാവുന്നത്.

ജഗദീശ്
അറിഞ്ഞും (അറിയാതെയും) ഇത്തരം വിവേചനങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമങ്ങളുടെ ശൈലി മാറ്റാന്‍ നമുക്കും ശ്രമിക്കാം എന്നു മാത്രം.. ചായക്കോപ്പയിലെ കൊടുങ്കാറ്റെങ്കില്‍ അത്രയും....

Anonymous said...

yes.. right...
this is how these "Ideological State Apparatus" work na?
by dhanesh

ടോട്ടോചാന്‍ (edukeralam) said...

ധനേഷ് നന്ദി... തീര്‍ച്ചയായും...