ശാസ്ത്രം
ചന്ദ്രയാന്‍ സാമൂഹ്യപരമോ?
ചന്ദ്രയാന്‍ സാമൂഹ്യപരമോ?
ചന്ദ്രയാന്‍, നാം കാത്തിരുന്ന പര്യവേഷണത്തിന് 22 ന് തുടക്കമാകും. ചന്ദ്രയാന്‍ എന്ന പദ്ധതിയെ എല്ലാവരും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചിലരെങ്കിലും അതിനെതിരേ ശബ്ദമുയര്‍ത്തിയിട്ടുമുണ്ട്. ഭാരതത്തെ പോലെയുള്ള ഒരു രാജ്യത്തിന്, നിരവധിയാളുകള്‍ ഇന്നും പട്ടിണിയില്‍ കഴിയുന്നയിടത്ത് ഇത്തരം ഒരു ദൌത്യത്തിന്‍റെ ഔചിത്യത്തെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്. നിരവധി തവണ പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഇടമാണ് ചന്ദ്രനെന്നും ഇനിയും മറ്റൊരു പരീക്ഷണത്തിന് അര്‍ത്ഥമുണ്ടോ എന്നും മറ്റുമുള്ള വാദങ്ങള്‍ ഇവര്‍ ഉയര്‍ത്തുന്നു. വെറും രാഷ്ട്രീയപരമായ ആവശ്യം മാത്രമാണ് ചന്ദ്രയാന്‍ എന്ന വാദങ്ങള്‍ പോലും ഇവരില്‍ നിന്ന് കേള്‍ക്കുകയുണ്ടായി. ഈ വാദങ്ങള്‍ക്ക് എന്തെങ്കിലും പ്രസക്തിയുണ്ടോ?
1959 ജനുവരി 2 ന് ലൂണ-1 വിക്ഷേപിച്ചു കൊണ്ട് റഷ്യ തുടക്കമിട്ട ചാന്ദ്രദൌത്യങ്ങള്‍ അമേരിക്കയും മറ്റു രാജ്യങ്ങളും ഏറ്റെടുത്തതോടെ ചന്ദ്രനെക്കുറിച്ചുള്ള പല ധാരണകളും നാം തിരുത്തിക്കുറിച്ചു. പന്ത്രണ്ടു പേരെ ചന്ദ്രനിലിറക്കാന്‍ സാധിച്ചതോടെ ചാന്ദ്ര ദൌത്യങ്ങള്‍ക്ക് അര്‍ദ്ധവിരാമമിടുകയായിരുന്നു. എഴുപതുകള്‍ക്ക് ശേഷം ചന്ദ്രനെക്കുറിച്ച് ചിന്തിക്കാന്‍ ആരും മിനക്കെട്ടില്ല. 1990 ല്‍ ഗലീലിയോ പര്യവേഷണ വാഹനം ചന്ദ്രന്‍റെ ഇതു വരെ കാണാത്ത ചില ഭാഗങ്ങളുടെ ചിത്രമെടുത്തതോടെയാണ് പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. 1990 ല്‍ ജപ്പാന്‍ ഹൈറ്റണ്‍ ദൌത്യത്തിലൂടെ പുതിയ ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് പല ദൌത്യങ്ങളും പഠനങ്ങള്‍ നടത്തി. ഇന്നും ആ പഠനങ്ങള്‍ തുടരുന്നു. അതിന്‍റെ ഭാഗമാണ് ഇന്ത്യയുടെ ചന്ദ്രയാനും.
മുറ്റത്തെ മുല്ലക്ക് മണമില്ല എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ചന്ദ്രനും. ചന്ദ്രനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ വളരെ കുറവാണ് എന്നതു തന്നെയാണ് സത്യം. ഒരു വേള ചൊവ്വയെക്കുറിച്ച് അറിഞ്ഞ കാര്യങ്ങള്‍ പോലും നമ്മുടെ സ്വന്തം അമ്പിളി മാമനെക്കുറിച്ച് നമുക്കറിയില്ല. ചന്ദ്രയാന്‍ തരുന്നത് നാം ഇതു വരെ അറിഞ്ഞ കാര്യങ്ങളല്ല, മറിച്ച് പുതിയ പുതിയ വിവരങ്ങളാണ്. രണ്ടു വര്‍ഷത്തോളം ചന്ദ്രന്‍റെ ഉപഗ്രഹമായി പ്രവര്‍ത്തം പ്രതീക്ഷിക്കുന്ന ചന്ദ്രയാന്‍ നിരവധി പഠനങ്ങള്‍ നടത്തുന്നു ണ്ട്. ഉപരിതലഘടന, മണ്ണിന്‍റെ രാസ ഘടന, ജലത്തിന്‍റെ സാന്നിദ്ധ്യം, ഉയര്‍ന്ന റെസലൂഷ്യനിലുള്ള ഉപരിതല മാപ്പിംഗ് തുടങ്ങിയവയൊന്നും നമുക്കിന്നും അറിയില്ല. ഇതെല്ലാമാണ് ചന്ദ്രയാന്‍ നമുക്ക് തരാന്‍ പോകുന്ന വിവരങ്ങള്‍. രണ്ടു വര്‍ഷത്തോളം പ്രവര്‍ത്തനായുസ്സ് പറയുന്ന ചന്ദ്രയാന്‍ പക്ഷേ അതിനേക്കാളേറെക്കാലം പ്രവര്‍ത്തന നിരതമായിരിക്കും എന്നത് നമുക്ക് കൂടുതല്‍ പ്രതീക്ഷ തരുന്നു.
ചന്ദ്രയാന് രാഷ്ട്രീയ പരമായ താത്പര്യം ഇല്ല എന്നു പറയാനാകില്ല. കാരണം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്കായി ഒരു അടിസ്ഥാന നിലയം ചന്ദ്രനില്‍ പണിയാന്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗഭാക്കാകാനുള്ള ശ്രമങ്ങളുടെ ആദ്യ പടി കൂടിയാണിത്. ചന്ദ്രനിലെ ഹീലിയം വലിയ ഒരു ഊര്‍ജ്ജ സ്രോതസ്സായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ചന്ദ്രനില്‍ രാഷ്ട്രീയ അധിനിവേശവും എല്ലാ രാജ്യങ്ങളുടേയും ചിന്തയിലുണ്ട്.
എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരിയാണ് ശാസ്ത്രഗവേഷണങ്ങളില്‍ സംഭവിക്കുന്ന കുതിച്ചു ചാട്ടം. വളര്‍ന്നു വരുന്ന ഒരു തലമുറക്ക് ആവേശം പകരാന്‍, ശാസ്ത്രത്തോട് താത്പര്യമുണ്ടാകാന്‍ ചന്ദ്രയാന്‍ തരുന്ന ഊര്‍ജ്ജം കുറച്ചൊന്നുമായിരിക്കില്ല. ശാസ്ത്രഗവേഷണ മേഖലകളില്‍ നിന്നും ദിനം പ്രതി കൊഴിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന തലമുറയെ തിരിച്ചു കൊണ്ടു വരാന്‍ ഇത്തരം പര്യവേഷണങ്ങള്‍ സഹായിക്കും എന്നതില്‍ സംശയമില്ല. 400ഓളം കോടി രൂപയാണ് ചന്ദ്രയാന്‍ -1 ന്‍റെ ചിലവ്. എന്നാല്‍ ഇത്തരം ഒരു ദൌത്യത്തെ സംബന്ധിച്ചിടത്തോളം ഇത് താരതമ്യേന ചെറിയ തുക തന്നെയാണ്. കേരളത്തില്‍ എയിഡഡ് സ്കൂള്‍ നിയമനത്തിന് വാങ്ങുന്ന കൈക്കൂലി പോലും ഇതിന്‍റെ എത്രയോ ഇരട്ടി വരും. പട്ടിണി മാറ്റാന്‍ കഴിയാത്തത് പണമില്ലാത്തതു കൊണ്ടാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഉള്ള പണത്തെ ശരിയായ രീതിയില്‍ വിന്യസിക്കാന്‍ സാധിച്ചാല്‍ പട്ടിണിയൊക്കെ എന്നേ മാറിയേനേ!! ഇതിന്‍റെ പേരില്‍ ചന്ദ്രയാനെ എതിര്‍ക്കുന്നവര്‍ സത്യം മറച്ചു പിടിക്കുന്നവരാണ് എന്ന് പറയാതെ വയ്യ.