സ്വതന്ത്ര സോഫ്റ്റ്വെയര്‍
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖല ഡി.ടി.പി രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തണം
മലയാളം ഡി.ടി.പി രംഗത്ത് കമ്യൂണിറ്റി പ്രൊജക്റ്റ് ആവശ്യമാണ്
ഡി.ടി.പി രംഗമാണ് മറ്റൊരു പ്രധാന മേഖല. ഇവിടെ അനുയോജ്യമായ സോഫ്റ്റ്വെയറുകള്‍ ലഭ്യമല്ല എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. പ്രൊഫഷണല്‍ രംഗത്ത് ഉപയോഗിക്കുന്ന പേജ് മേക്കര്‍ പോലുള്ള സോഫ്റ്റ് വെയറുകള്‍ക്ക് അതേ തലത്തില്‍ സൌകര്യങ്ങള്‍ ലഭ്യമാകുന്ന ഒരു പ്രോഗ്രാം ചൂണ്ടിക്കാണിക്കാന്‍ കഴിയുന്നില്ല. മീഡിയ രംഗത്ത് വന്‍ മാറ്റത്തിന് വഴി തെളിക്കാന്‍ നല്ലൊരു പ്രൊഫഷണല്‍ സ്വതന്ത്ര ഡി.ടി.പി സോഫ്റ്റ്വെയറിന് സാധിക്കും. സ്ക്രൈബസ്സ് എന്നൊരു സോഫ്റ്റ് വെയര്‍ ബദലായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പക്ഷേ പേജ് മേക്കര്‍ നല്‍കുന്ന എല്ലാ സൌകര്യങ്ങളും നല്‍കാന്‍ അതിന് കഴിയുന്നില്ല. ഫോണ്ടുകളുടെ കാര്യത്തിലും പേജിനേഷന്‍ പോലുള്ള സൌകര്യങ്ങളുടെ കാര്യത്തിലും സ്ക്രൈബസ്സ് ഇപ്പോഴും പുറകില്‍ തന്നെയാണ്. അമേച്വര്‍ രംഗത്തുള്ളവര്‍ മറ്റ് ചില സോഫ്റ്റ്വെയറുകളിലൂടെ ഈ പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ പ്രൊഫഷണല്‍ രംഗത്തിനു വേണ്ട വേഗതയും കാര്യക്ഷമതയും കൈവരിക്കാന്‍ ഈ പരീക്ഷണങ്ങള്‍ക്കും സാധിച്ചിട്ടില്ല.
കേരളം സ്വതന്ത്ര സോഫ്റ്റ്വെയര്‍ രംഗത്ത് വലിയ ഒരു മാറ്റത്തിലാണ്. ആ മാറ്റം കാത്തു സൂക്ഷിക്കണമെങ്കില്‍ ഇത്തരം പ്രൊഫഷണല്‍ സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാകണം. കൂടാതെ ശരിയായ പരിശീലനവും ലഭിക്കണം. മുട്ടിന് മുട്ടിന് ഡി.ടി.പി സ്ഥാപനങ്ങള്‍ ഉള്ള നാടാണ് നമ്മുടേത്. അവരെല്ലാം ഇന്ന് ഉപയോഗിക്കുന്നത് പേജ് മേക്കര്‍ തന്നെയാണ്. സൌജന്യമല്ലെങ്കിലും സൌജന്യമായി ഉപയോഗിക്കുന്നതിനാല്‍ ഇപ്പോള്‍ അവര്‍ ഒരു വലിയ പ്രതിസന്ധി നേരിടുന്നില്ല എന്ന് മാത്രം. എന്നാല്‍ എല്ലാക്കാലത്തേക്കും ഇത് നടന്നു കൊള്ളണം എന്നില്ല. സോഫ്റ്റവെയര്‍ നിയമങ്ങള്‍ ശക്തമാകുന്നതോടെ , റെയ്ഡുകള്‍ മുറുകുന്നതോടെ ഇവരും പ്രതിസന്ധിയിലാകും. ഇവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്ത് പ്രോത്സാഹനം നല്‍കുന്ന സര്‍ക്കാരും മറ്റ് സംഘടനകളും ഏറ്റെടുക്കേണ്ടതുണ്ട്. നല്ലൊരു ബദല്‍ സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുക്കുക എന്നത് ഒരു പ്രധാന ദൌത്യമായി സ്വതന്ത്രസോഫ്റ്റ് വെയര്‍ പ്രവര്‍ത്തകരും സര്‍ക്കാരും ഏറ്റെടുക്കണം. സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്തെ സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ മറ്റ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരും സംഘടനകളുമായി സഹകരിച്ചു കൊണ്ട് ഒരു കമ്യൂണിറ്റി പ്രൊജക്റ്റിന് രൂപം നല്‍കാവുന്നതാണ്. നിശ്ചിത കാലയളവിനുള്ളില്‍ കേരളത്തിലെ ഡി.ടി.പി ആവശ്യങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഒരു ബദല്‍ സോഫ്റ്റ്‌വെയറിന് ജന്മം നല്‍കാന്‍ ഇത്തരം ഒരു പ്രൊജക്റ്റിന് സാധിക്കും.
പല കാര്യങ്ങളും ഇത്തരം ഒരു പ്രൊജക്റ്റ് ആവശ്യപ്പെടുന്നുണ്ട്. അഞ്ച് തലത്തില്‍ ഈ ആവശ്യങ്ങളെ തരം തിരിക്കാം.
1. സോഫ്റ്റ്വെയര്‍-സാങ്കേതികം
2. കമ്യൂണിറ്റി രൂപീകരണം
3. ധന സമാഹരണവും വിതരണവും
4. സോഫ്റ്റ് വെയര്‍ പരിശീലനം / വിതരണം
5. പിന്തുണാ സംവിധാനം
1. സോഫ്റ്റ്വെയര്‍ സാങ്കേതികം
നിലവിലുള്ള സ്ക്രൈബസ്സ് എന്ന സോഫ്റ്റ്വെയറിനെ മെച്ചപ്പെടുത്തലായിരിക്കും പുതിയ ഒരു സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കുന്നതിലും നല്ലത്. പേജ്മേക്കറില്‍ നിലവിലുള്ള സൌകര്യങ്ങള്‍ എല്ലാം തന്നെ സ്ക്രൈബസ്സിലേക്ക് ഇണക്കി ചേര്‍ക്കേണ്ടതുണ്ട്. കൂടാതെ യുണികോഡ് പിന്തുണയും ഉറപ്പ് വരുത്തേണ്ടതുണ്ട്.
1. പേജ് മേക്കര്‍ പോലുള്ള സോഫ്റ്റ് വെയറുകളുടെ ആധുനിക സൌകര്യങ്ങള്‍ പട്ടികപ്പെടുത്തണം
2. സ്ക്രൈബസ്സും പേജ് മേക്കറും തമ്മിലുള്ള താരതമ്യം
3. സ്ക്രൈബസ്സിന്റെ പോരായ്മകള്‍ തിരിച്ചറിയലും പട്ടികപ്പെടുത്തലും.
4. കമ്യൂണിറ്റി രൂപീകണത്തിലൂടെ ഈ പട്ടികപ്പെടുത്തിയ ആവശ്യങ്ങളെ കൂടുതല്‍ സൂഷ്മമാക്കല്‍
5. വെബ് സൈറ്റ് രൂപീകരണം
6. സോഫ്റ്റ്വെയര്‍ നിര്‍മ്മാണം
2. കമ്യൂണിറ്റി രൂപീകരണം
ഒരു സംഘടനക്കോ വ്യക്തിക്കോ മാത്രം ചെയ്തു തീര്‍ക്കാവുന്ന ഒരു പ്രോജക്റ്റ് അല്ല ഇത്. അതു കൊണ്ടു തന്നെ കിട്ടാവുന്ന എല്ലാ സാധ്യതകളേയും പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഒരു കൂട്ടായ്മ ഇവിടെ പ്രാധ്യാന്യമര്‍ഹിക്കുന്നു. ഡി.ടി.പി ഉപയോഗിക്കുന്നവര്‍, സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍, സംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, പത്ര-മാസികാ സ്ഥാപനങ്ങള്‍ തുടങ്ങിയവരെയെല്ലാം ഇതില്‍ പങ്കാളികളാക്കണം. അവരുടെയെല്ലാം അറിവും സമയവും ശരിയായ രീതിയില്‍ വിനിയോഗിക്കാനുള്ള മുന്നൊരുക്കം നടത്തിയിരിക്കണം. സര്‍ക്കാര്‍ ഏജന്‍സിയോ, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മറ്റേതെങ്കിലും ഏജന്‍സിയോ പ്രൊജക്റ്റിന്റെ മേല്‍നോട്ടം ഏറ്റെടുത്തിരിക്കണം. അവരായിരിക്കണം കമ്യൂണിറ്റിയെ നിലനിര്‍ത്തിക്കൊണ്ട് പോവേണ്ടത്.
3. ധനസമാഹരണവും വിതരണവും
കമ്യൂണിറ്റി പ്രൊജക്റ്റ് ആണെങ്കിലും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കേണ്ടതുണ്ട്. മറ്റ് നിരവധി ചിലവുകളും ഉണ്ടാകും. അതിനായുള്ള ചിലവ് കണ്ടെത്തേണ്ടതുണ്ട്. പ്രൊജക്റ്റ് മൂലം ഗുണം അനുഭവിക്കുന്നവരില്‍ നിന്ന് സംഭാവനകളായി ഇത് നേടിയെടുക്കാവുന്നതേ ഉള്ളൂ.. ഡി.ടി.പി ഉപയോക്താക്കള്‍, പത്രസ്ഥാപനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കാവുന്നതാണ്. കൂടാതെ സര്‍ക്കാരും ഒരു പങ്ക് വഹിക്കേണ്ടതുണ്ട്. കമ്യൂണിറ്റി ഓഡിറ്റിംഗിന് വിധേയമായിക്കൊണ്ടായിരിക്കണം ധനവിനിയോഗം നടക്കേണ്ടത്.
4. സോഫ്റ്റ്വെയര്‍ പരിശീലനം - വിതരണം
സോഫ്റ്റ്വെയര്‍ നിര്‍മ്മിച്ചതു കൊണ്ട് മാത്രം ആയില്ല. ശരിയായ പരിശീലനം ഉപയോക്താക്കള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇത് സൌജന്യമായി നല്‍കുന്നതാണ് അഭികാമ്യം. സംഭാവനകള്‍ നല്‍കിയ എല്ലാവര്‍ക്കും പരിശീലനം സൌജന്യമാക്കേണ്ടതുണ്ട്.
സോഫ്റ്റ്വെയര്‍ പരിശീലനം നല്‍കുന്നവര്‍ക്ക് മതിയായ പ്രതിഫലം ഉറപ്പു വരുത്തേണ്ടതുമുണ്ട്.
5. തുടര്‍ പ്രവര്‍ത്തനങ്ങളും പിന്തുണാ സംവിധാനവും.
ശരിയായ പിന്തുണാ സംവിധാനം ഇല്ലാതെ പുതിയ ഒരു സോഫ്റ്റ് വെയറിന് നിലനില്‍ക്കാനാവില്ല. ഇന്റര്‍നെറ്റിലൂടെയുള്ള പിന്തുണാ സംവിധാനങ്ങള്‍ പലപ്പോഴും ഒരു സാധാരണ ഉപയോക്താവിന് ലഭ്യമാകണം എന്നില്ല. നിലവില്‍ പ്രൊഫഷണല്‍ സോഫ്റ്റ്വെയറുകള്‍ക്ക് ഉള്ള പോലെ ഒരു സംവിധാനം എല്ലായിടത്തും ഉണ്ടാവേണ്ടതുണ്ട്. ഉയര്‍ന്ന പരിശീലനം ലഭിച്ചവര്‍ക്ക് ഇത് സാധ്യമാണ്. അതാത് ഉപയോക്താവില്‍ നിന്നും പ്രതിഫലം വാങ്ങി സേവനങ്ങള്‍ നല്‍കാന്‍ മനുഷ്യവിഭവശേഷി ഉണ്ടായേ മതിയാകൂ. ഇങ്ങിനെയുള്ളവരെ പരിശീലിപ്പിക്കാന്‍ സോഫ്റ്റ്വെയറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. ഒരു പുതിയ തൊഴില്‍ സാധ്യതക്കായിരിക്കും ഇത് വഴി വെയ്ക്കുക. സോഫ്റ്റ്വെയറിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആളുണ്ടാകുന്നതോടെ പുറത്തിറങ്ങിയ സോഫ്റ്റ്വെയര്‍ ഉപയോഗിക്കാന്‍ ഡി.ടി.പി. ഉപയോക്താക്കള്‍ ധൈര്യപ്പെടും.
ഇത്തരത്തിലുള്ള പ്രക്രിയകളിലൂടെ മാത്രമേ ഒരു സോഫ്റ്റ്വെയര്‍ ജനകീയമാക്കാന്‍ സാധിക്കുകയുള്ളൂ. ജനങ്ങള്‍ക്ക് ആവശ്യമുള്ള സോഫ്റ്റ്വെയറുകള്‍ മാത്രമേ വിജയം കാണൂ. അതും നിരന്തര പിന്തുണാ സംവിധാനവും ഉണ്ടാകണം. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താതെ എന്തൊക്കെ ചെയ്താലും ഒരു മാറ്റം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍ സാധ്യമല്ല. ആ പ്രവര്‍ത്തനങ്ങളാണ് നാം സര്‍ക്കാരില്‍ നിന്നും സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.
Filed under സ്വതന്ത്ര സോഫ്റ്റ്വെയര്‍


