ഭൂമിയില്‍നിന്നും ചന്ദ്രനെക്കാണാന്‍ നല്ല ഭംഗിയാണ്. ഭൂമിക്ക് ഒരു ചന്ദ്രനേ ഉള്ളൂ എന്ന ഒരു കുറവുണ്ട്. പക്ഷേ വ്യാഴത്തിനോ, എഴുപതിലധികം ചന്ദ്രന്‍മാരെയാണ് നാം വ്യാഴത്തിനു ചുറ്റം കണ്ടെത്തിയത്. അപ്പോള്‍ വ്യാഴത്തില്‍നിന്നും ഇവരെ കാണാന്‍ എന്തു ഭംഗിയായിരിക്കും എന്നാവും നമ്മുടെ ആദ്യചിന്ത. നിറയെ ചന്ദ്രന്‍മാര്‍ നിറഞ്ഞൊരു ലോകം.
ഈ ചിത്രമൊന്നു നോക്കൂ. വ്യാഴത്തിനു ചുറ്റും കറങ്ങുന്ന ജൂനോ പേടകം എടുത്ത ചിത്രമാണ്. വ്യാഴമാണ് താഴെ കാണുന്നത്. കറുത്ത ആകാശത്തില്‍ ഒരു ചെറിയ പൊട്ടു കാണാം, അതാണ് വ്യാഴത്തിന്റെ ഒരു ചന്ദ്രന്‍. പേര് ഇയോ! നിറയെ അഗ്നിപര്‍വതങ്ങള്‍ നിറഞ്ഞ സജീവമായ ഒരു ഉപഗ്രഹമാണ് ഇയോ. ഭൂമിയുടെ ചന്ദ്രനെക്കാള്‍ അല്പംകൂടി വലിപ്പം കൂടുതല്‍ ഉണ്ട് ഇയോയ്ക്ക്. വ്യാഴത്തിന് നിരവധി ചന്ദ്രന്‍മാര്‍ ഉണ്ടെങ്കിലും അവയില്‍ അത്യാവശ്യം വലിപ്പമുള്ളത് നാല് ഉപഗ്രഹങ്ങള്‍ക്കാണ്. ഇയോ കൂടാതെ യൂറോപ്പ, ഗാനിമേഡ്, കലിസ്റ്റോ എന്നിവ. ഭൂമിയില്‍നിന്നും ചന്ദ്രനെ കാണുന്നപോലെ അത്ര തെളിച്ചത്തോടെ വ്യാഴത്തില്‍നിന്നാല്‍ ഇവയെ കാണാന്‍ പറ്റില്ല. വ്യാഴത്തില്‍നിന്നുള്ള അകലം, സൂര്യപ്രകാശത്തിന്റെ കുറവ് തുടങ്ങിയവയെല്ലാം കാരണമാണ്. (വ്യാഴത്തിന്റെ അന്തരീക്ഷത്തിനു മുകളില്‍നിന്നാലേ കാണാന്‍ പറ്റൂ എന്നു മാത്രം) പക്ഷേ തത്ക്കാലം അവിടെപ്പോയി കാണാനൊന്നും പറ്റില്ലല്ലോ. അതിനാല്‍ നാസ വിക്ഷേപിച്ച ജൂനോവില്‍നിന്നുള്ള കാഴ്ചകളാല്‍ നമുക്ക് തൃപ്തിയടയാം.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 29ന് ജൂനോ പേടകത്തിലെ ക്യാമറയില്‍ എടുത്ത ചിത്രമാണ് പോസ്റ്റിനൊപ്പമുള്ളത്.
ജൂനോ പേടകത്തിന്റെ പ്രത്യേകത വ്യാഴത്തിനു ചുറ്റം കറങ്ങുന്ന ഒരു പോളാര്‍ ഉപഗ്രഹം ആണെന്നതാണ്. വ്യാഴത്തിന്റെ ഉള്‍ഭാഗത്തെ ഫോട്ടോയെടുക്കലൊന്നും നടക്കില്ല. മേഘങ്ങള്‍ക്കു മുകളിലെ ചിത്രങ്ങള്‍ മാത്രമാണു നമുക്കു കിട്ടുക. എടുക്കുന്ന ഫോട്ടോകളെല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാണ്. കൂടാതെ ഈ ഫോട്ടോയെടുക്കല്‍ നാസയുടെ ശാസ്ത്രജ്ഞര്‍ മാത്രമല്ല തീരുമാനിക്കുക. ലോകമെമ്പാടും ഉള്ള അമച്വര്‍ നിരീക്ഷകര്‍ക്ക് ഈ ഫോട്ടോയെടുപ്പില്‍ പങ്കാളികളാവാം. ഇന്ന ഭാഗത്തെ ഫോട്ടോയെടുക്കണം എന്ന നിര്‍ദ്ദേശം അവര്‍ക്കു വയ്ക്കാം. സാധ്യതകള്‍ പരിഗണിച്ച് ജൂനോ അവയും എടുത്തു നല്‍കും!
വാല്‍ക്കഷണം: അവര് സ്ത്രീകളെ ശബരിമലയില്‍ കയറ്റണോ വേണ്ടയോ എന്ന് ചര്‍ച്ചിക്കട്ടേ. ഞാന്‍ പോയി ജൂനോ ക്യാമറ വ്യാഴത്തിന്റെ എവിടെ ഫോട്ടോയെടുക്കണം എന്ന് ഒരു വോട്ടു ചെയ്തിട്ടുവരാം! താത്പര്യമുള്ളവര്‍ കൂടെപ്പോരേ, ദാ ലിങ്ക്: https://www.missionjuno.swri.edu/junocam/voting

Comments
Post a Comment