Monday, June 9, 2008

ഏതു മതക്കാരെയാണ് പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുക?

ഏതു മതക്കാരെയാണ് പ്രകൃതി ദുരന്തങ്ങള്‍ കൂടുതലായി ബാധിക്കുക?

വിവാദമാണിപ്പോള്‍ ഈ ചോദ്യം.
പരിഷ്കരിച്ച പാഠപുസ്തകത്തിലെ ചോദ്യമാണിത്.
എന്താണ് ചോദ്യം എന്നത് മനസ്സിലാക്കാത്തവരോ മനസ്സിലായില്ല എന്ന് നടിക്കുന്നവരോ ആണ് ഈ വിവാദത്തിനു പുറകില്‍.
സ്വാഭാവികമായും എല്ലാവരും(ചുരുങ്ങിയത് കുട്ടികളെങ്കിലും) പറയുന്ന ഉത്തരം എന്താണ്?
എല്ലാവരേയും ഒരേ പോലെയായിരിക്കും ബാധിക്കുക എന്ന്.
ഏത് ദുരന്തങ്ങളും സമൂഹത്തെ പൊതുവിലാണ് ബാധിക്കുക. അത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്പോള്‍ മതവികാരമല്ല മനുഷ്യത്വമാണ് ഉണരേണ്ടത് എന്ന്
ഈ ചോദ്യത്തിന് ഉത്തരം കണ്ടത്തുന്ന കുട്ടിയെ പിന്നീട് പഠിപ്പിക്കേണ്ടതില്ല.
അവള്‍ അത് ജീവിതകാലം മുഴുവന്‍ മറക്കാതെയുമിരിക്കും.
മറ്റ് മനുഷ്യരോട് എങ്ങിനെ പെരുമാറണം എന്നതാണ് ഏതൊരു പൌരനും ജീവിതത്തില്‍ പഠിക്കേണ്ട ആദ്യപാഠം.
മതത്തിന്‍റേയും ജാതിയുടേയും പേരില്‍ തമ്മില്‍ വെട്ടിക്കീറുന്ന ജനത ഇനിയെങ്ങിലും ഉണ്ടാവാതിരിക്കട്ടെ എന്ന് ചിന്തിക്കുന്ന മനുഷ്യസ്നേഹികളാണ് ഇത്തരം ഒരു ശൈലിയിലുള്ള ഒരു ചോദ്യം കുട്ടികള്‍ക്കു മുന്‍പിലേക്ക് എറിഞ്ഞുകൊടുത്തത്.

ദുരന്തങ്ങള്‍ക്കു മുന്‍പില്‍ പതറാതെ മതഭേദമന്യേ ഒരുമിച്ചു നില്‍ക്കുന്ന ഒരു ജനത സൃഷ്ടിക്കപ്പെടുന്നതിനോട് ആര്‍ക്കാണെതിര്‍പ്പ്?
ഈ ചോദ്യം മതവിദ്വേഷം വളര്‍ത്തുന്നതെങ്ങിനെ ?
ഈ ചോദ്യം മതങ്ങള്‍ക്ക് എതിരെയാകുന്നതെങ്ങിനെ?
എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

അപ്പോള്‍ മറ്റെന്തോ ആണ് വിവാദമുണ്ടാക്കുന്നതിനു പിന്നിലെ വികാരം.
ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കുട്ടികള്‍ നടത്തുന്ന ചര്‍ച്ചകളിലൂടെ അവര്‍ നേടുന്ന മതനിരപേക്ഷമൂല്യങ്ങള്‍ ആരെയാണ് പേടിപ്പിക്കുന്നത്?
മനുഷ്യത്വം തുളുന്പുന്ന പുതിയ മൂല്യങ്ങള്‍ കുട്ടികള്‍ നേടരുത് എന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യമെന്താണ്?
മാനുഷികതയില്ലാത്ത പ്രവര്‍ത്തനങ്ങളോട് പ്രതികരിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഒരു സമൂഹം വളര്‍ന്നു വരുന്നത് ആരെയോ പേടിപ്പിക്കുന്നു.
വിമര്‍ശനാത്മക ബോധനശാസ്ത്രം ചെയ്യുന്നത് ഈ പ്രതികരണശേഷിയും വിമര്‍ശനാത്മകതയും ഉള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുകയാണ്.
തങ്ങള്‍ പറയുന്നത് അന്ധമായി വിശ്വസിക്കുന്ന ഒരു സമൂഹം ഇല്ലാതാകുന്നത് ആര്‍ക്കാണ് പ്രശ്നമാകുന്നത്?


എതിര്‍ക്കുന്നവര്‍ പേടിക്കുന്നത് ചോദ്യത്തെയല്ല! ഉത്തരത്തെയുമല്ല!! മറിച്ച് ഉത്തരം കണ്ടെത്തുന്പോള്‍ കുട്ടികള്‍ നേടുന്ന മൂല്യങ്ങളെയാണ്.


ഇനി പറയൂ.. കുട്ടി എന്ത് ഉത്തരം കൊടുക്കണം?

13 comments:

മൂര്‍ത്തി said...

എനിക്ക് ബോധിച്ചു ഇത്. ഇതിനു മറുപടി പറയാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും..

വിവാദമുണ്ടാക്കുന്നവര്‍ക്ക് അവരുടേതായ ലക്ഷ്യം ഉണ്ട്, അതിനു നുണകളും അര്‍ദ്ധസത്യങ്ങളും അവര്‍ ഉപയോഗിക്കുന്നു..ചോദ്യം ചോദിക്കുന്ന ഉത്തരം തേടുന്ന ഒരു തലമുറയെ ഇവര്‍ ഭയക്കുന്നത് മടിയില്‍ കനമുള്ളതിനാലായിരിക്കും.

പ്രസക്തമായ പോസ്റ്റ്.

പാര്‍ത്ഥന്‍ said...
This comment has been removed by the author.
പാര്‍ത്ഥന്‍ said...

മനുഷ്യന്റെ മനസ്സില്‍ നന്മയുടെ ഒരു കണികപോലും വളരുന്നത്‌ കാണാന്‍ കഴിയാത്തവര്‍ക്ക്‌ ഈ ചോദ്യം ഒരു പരിഹാസമായി തോന്നാം. പ്രകൃതി ദുരന്തം എല്ലാവരെയും ഒരുപോലെയാണ്‌ ബാധിക്കുന്നതെന്നും അതില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ വിവേചനമില്ലാതെത്തന്നെ എല്ലാവരും തോളോടുതോള്‍ ചേരണം എന്നുമായിരിക്കാം ഇതിന്റെ ഉത്തരത്തിലെ പ്രാധാന്യം. (ഗുജറാത്തില്‍ ഭൂകംബം ഉണ്ടായപ്പോള്‍, അവിടത്തെ ഭരണനേതൃത്ത്വത്തിന്‌ കിട്ടിയ ശിക്ഷയാണ്‌ പറഞ്ഞത്‌ ഞാനും കേട്ടിരുന്നു. അതിനു ശേഷം ആസാദ്‌ കാശ്മീര്‍ പകുതിയും ഭൂമികുലുക്കത്തില്‍ ഇല്ലാതായപ്പോള്‍ ആ അഭിപ്രായം കേട്ടിരുന്നില്ല.) ഈശ്വരോ രക്ഷതു...........

ശ്രീവല്ലഭന്‍. said...

ഇഷ്ടപ്പെട്ടു പോസ്റ്റ് :-)

ചോദ്യം കുട്ടികള്‍ തന്നെ ചോദിക്കുന്നതും ഉത്തരം കുട്ടികള്‍ കണ്ടു പിടിക്കുന്നതും പേടിക്കണം! കാരണം അവര്‍ പ്രതികരണ ശേഷിയുള്ളവരായ് വളരും.!

vrajesh said...

thank you for this post..

മാരാര്‍ said...

മത വൈരം വളര്‍ത്തി അതു വിറ്റു കാശാക്കി ജീവിക്കുന്നവര്‍ക്കു മാത്രമേ ഈ ചോദ്യത്തില്‍ പ്രശ്നമുള്ളതായി തോന്നുകയുള്ളൂ.

വളരെ നല്ല പോസ്റ്റ്...

സജി said...

ഇതു കിഷക്കു നോക്കി യന്ത്രം അല്ലല്ലൊ സാറെ.
ഇത് സത്യത്തിലേക്കു നോക്കി യന്ത്രമാണല്ലൊ ..........

യന്ത്രമായാല്‍ ഇങ്ങനെ വേണം!!

ചിലര്‍ക്ക് ഏതു ചോദ്യത്തേയും ഭയം ആണ്!

കൈയ്യിലിരിപ്പ് ശരിയല്ല അതുകൊണ്ടാ...!

edukeralam said...

നമ്മുടെ തലമുറ എത്രയോ കാര്യങ്ങളില്‍ പിറകിലാണ്. അക്രമങ്ങളും ദുരാചാരങ്ങളും കൂടിക്കൊണ്ടിരിക്കുന്നതല്ലാതെ കുറയുന്നില്ല.
അടുത്ത തലമുറയെങ്കിലും നന്നായി വളരട്ടെ.
അവരുടെ മനസ്സില്‍ പരസ്പരം സഹകരിച്ച് സഹായിച്ച് ജീവിക്കാനുള്ള ആഗ്രഹമുണ്ടാവട്ടെ.
അവര്‍ക്കതുണ്ട്. പക്ഷേ നമ്മള്‍ അത് തല്ലിക്കെടുത്തരുത്.
ഇപ്പോഴത്തെ വിദ്യാഭ്യാസരീതി കാണുന്പോള്‍ സത്യത്തില്‍ വല്ലാത്ത നഷ്ടബോധമാണ് തോന്നുക. സമ്മര്‍ദ്ദങ്ങളില്ലാതെ ചൂരല്‍പ്രയോഗങ്ങളില്ലാതെ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങളും അതോടൊപ്പം സാമൂഹ്യബോധവും നേടുന്ന ഇന്നത്തെ പരിഷ്കരിച്ച വിദ്യാഭ്യാസം നമുക്കും കിട്ടിയിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോകും.
എന്നിട്ടും പുതിയ വിദ്യാഭ്യാസരീതികള്‍ക്കെതിരെ അടിത്തറയില്ലാതെ സമരം ചെയ്യുന്നവരെ കാണുന്പോള്‍ നാം എന്തു പറയണം?
ശാസ്ത്രീയമായ രീതിയില്‍ യുക്തിപൂര്‍വ്വം പോരായ്മകള്‍ ചൂണ്ടിക്കാണിക്കാന്‍ ഇവര്‍ക്കാര്‍ക്കും കഴിയുന്നുമില്ല.
അതാണിപ്പോള്‍ പുതിയരീതി അനുവര്‍ത്തിച്ചിരിക്കുന്നത്.
കാടടച്ച് വെടിവയ്ക്കുക എങ്ങാനും കൊണ്ടാലോ?

വര്‍ക്കേഴ്സ് ഫോറം said...

വളരെ നല്ല പോസ്റ്റ്...

ആശംസകള്‍

ബഷീര്‍ വെള്ളറക്കാട്‌ said...

1
(ഗുജറാത്തില്‍ ഭൂകംബം ഉണ്ടായപ്പോള്‍, അവിടത്തെ ഭരണനേതൃത്ത്വത്തിന്‌ കിട്ടിയ ശിക്ഷയാണ്‌ പറഞ്ഞത്‌ ഞാനും കേട്ടിരുന്നു. അതിനു ശേഷം ആസാദ്‌ കാശ്മീര്‍ പകുതിയും ഭൂമികുലുക്കത്തില്‍ ഇല്ലാതായപ്പോള്‍ ആ അഭിപ്രായം കേട്ടിരുന്നില്ല.) ഈശ്വരോ രക്ഷതു....

2
മത വൈരം വളര്‍ത്തി അതു വിറ്റു കാശാക്കി ജീവിക്കുന്നവര്‍ക്കു മാത്രമേ ഈ ചോദ്യത്തില്‍ പ്രശ്നമുള്ളതായി തോന്നുകയുള്ളൂ.

read these comments together

വക്കാരിമഷ്‌ടാ said...

“എതിര്‍ക്കുന്നവര്‍ പേടിക്കുന്നത് ചോദ്യത്തെയല്ല! ഉത്തരത്തെയുമല്ല!! മറിച്ച് ഉത്തരം കണ്ടെത്തുന്പോള്‍ കുട്ടികള്‍ നേടുന്ന മൂല്യങ്ങളെയാണ്.“

കറക്ട്.

നല്ല പോസ്റ്റ്. മതമെന്ന വാക്കുള്ള ചോദ്യങ്ങള്‍ പോലും മതത്തിനെതിരാണ് എന്നാണ് നിലപാടെങ്കില്‍ പറഞ്ഞിട്ട് കാര്യമില്ല. അങ്ങിനെ പറയുന്നവരെ ഈ പോസ്റ്റൊന്ന് കാണിച്ചുകൊടുക്കേണ്ടതാണ്.

പ്രശ്‌നമെന്തെന്നാല്‍ ബ്ലോഗില്‍ നമുക്ക് ഇതിനെപ്പറ്റി ചര്‍ച്ച ചെയ്യാം, സംസാരിക്കാം. ഒരു പൊതുവേദിയില്‍ ഇത്തരം ചര്‍ച്ചകള്‍ വരുമ്പോള്‍ ഇതേ രീതിയില്‍ കാര്യങ്ങള്‍ പറയാനും വിമര്‍ശനങ്ങള്‍ക്ക് കാര്യകാരണ സഹിതം മറുപടി പറയാനും ഉത്തരവാദിത്തപ്പെട്ടവര്‍ ഇല്ലെങ്കിലാണ് സങ്കടം. പലപ്പോഴും ഉത്തരവാദിത്തപ്പെട്ടവര്‍ മതവിദ്വേഷം, മതം എന്നൊക്കെ കേള്‍ക്കുമ്പോളേ പ്രതിരോധത്തിലേക്ക് പോകും. ഈ പോസ്റ്റിലെപ്പോലത്തെ ഉറച്ച മറുപടികളാണ് ആവശ്യം.

ea jabbar said...

കമ്യൂണിസവും നിരീശ്വരവാദവും പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നു തൊട്ടാ?

അനിയന്‍കുട്ടി said...

അസ്സലായി. ഇതിനെയൊന്നും ഒരു പാട് വിശദീകരിച്ചു പറയേണ്ട ആവശ്യമില്ലെന്ന് വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. വളരേ നന്നായിട്ടുണ്ട്. കുട്ടികള്‍ നേടുന്ന മൂല്യങ്ങളെപ്പറ്റി ഭയക്കുന്നവരെപ്പറ്റിപ്പറഞ്ഞത് എത്രയോ ശരി! അഭിവാദ്യങ്ങള്‍!