Tuesday, December 23, 2008

ശനിയുടെ ക്രിസ്തുമസ്സ് സമ്മാനം ഒരു വലയ നൃത്തം

ഈ ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ ശനിയും നിങ്ങള്‍ക്കൊപ്പം കൂടുന്നു. ശനിയുടെ വലയത്തിനുള്ള ചെറിയ മാറ്റങ്ങള്‍ ഏറ്റവും നന്നായി ദൃശ്യമാകുന്നത് ആ ദിനങ്ങളോടടുപ്പിച്ചായിരിക്കും.
ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുമ്പോള്‍ ശനിയുടെ വലയങ്ങള്‍ എല്ലായ്പ്പോഴും ഒരേ പോലെയല്ല കാണപ്പെടുക. ശനിയുടെ പരിക്രമണ പഥവും ഭൂമിയുടെ പരിക്രമണ പഥവും തമ്മിലുള്ള ചരിവ് ശനിയുടെ വലയം നിരീക്ഷിക്കുന്നതിലും പ്രകടമാകും എന്നു മാത്രം.
ശനിയുടെ പരിക്രമണത്തിന് ഏതാണ്ട് മുപ്പത് വര്‍ഷം വേണം . ഇക്കാരണം കൊണ്ടു തന്നെ മന്ദന്‍ എന്നാണ് ജ്യോതിഷികള്‍ പോലും കക്ഷിയെ വിളിക്കുന്നത്. ഭൂമിക്കാകട്ടെ ഒരു വര്‍ഷം മതി., പിന്നെ സൂര്യന്റെ സ്ഥാനം. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ഈ കാഴ്ച അപൂര്‍വ്വമാണ് എന്നു വേണമെങ്കില്‍ പറയാം.

ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ശനിയുടെ വലയത്തിനുണ്ടാകുന്ന മാറ്റം ചിത്രം നോക്കിയാല്‍ വ്യക്തമാകും. എല്ലാ പതിനഞ്ചു വര്‍ഷം കൂടുമ്പോളും ഇത് സംഭവിക്കുന്നുണ്ട്. ഭൂമിയുടെ പഥവും ശനിയുടെ വലയത്തിന്റെ തലവും ഒരേ കോണിലാകുന്നത് അടുത്ത വര്‍ഷം സെപ്തംബര്‍ നാലിനാണ്. എന്നാല്‍ അന്ന് ശനിയെ കാണുക അസാധ്യം. കാരണം ശനി അപ്പോള്‍ സൂര്യന്റെ അപഹാരത്തിലായിരിക്കും. ഇപ്പോള്‍ ഏതാണ്ട് 0.8 ഡിഗ്രിയാണ് ഈ ചരിവ്.

നല്ലൊരു ടെലിസ്കോപ്പ് ഉള്ളവര്‍ക്ക് ഈ കാഴ്ച ക്രിസ്തുമസ്സ് രാവില്‍ തന്നെ കാണാം. അതിരാവിലെ ചിങ്ങം നക്ഷത്രഗണത്തിലേക്കു നോക്കുക. അവിടെ ഉത്രം നക്ഷത്രത്തിനടുത്തായി നമുക്ക് ശനിയെ കണ്ടെത്താം. അപ്പോള്‍ മറക്കണ്ട

Friday, December 12, 2008

ഇന്ന് ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രന്‍

ഇന്ന് ഡിസംബര്‍ 12 ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനെക്കാണാന്‍ ആകാശത്തേക്കു നോക്കിയാല്‍ മതി. ചന്ദ്രന്‍ ഭൂമിയുമായി ഏറ്റവും അടുത്തുവരുന്ന ഒരു പൂര്‍ണ്ണചന്ദ്രദിവസമാണിന്ന്. നാസയാണ് ഈ വിവരം ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നത്.

(ഇത് 2004 ല്‍ ഇതേ പോലെ സംഭവിച്ചപ്പോള്‍ ഉണ്ടായ വ്യതിയാനം - കടപ്പാട് : നാസ)

എന്നാല്‍ വളരെ ചെറിയ ഒരു വ്യത്യാസം മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഉദിച്ചു വരുന്ന സമയത്ത് ചക്രവാളത്തിലേക്ക് നോക്കിയാല്‍ വലിപ്പം കൂടുതല്‍ അനുഭവപ്പെടും. ഇത് ഒരു തോന്നലാണെങ്കിലും അതിന്റെ കൂടെ ചന്ദ്രന്‍ ഭൂമിയുടെ അടുത്ത് വരുന്നു എന്നുള്ളത് കാഴിചക്ക് ചെറിയ ഒരു വ്യതിയാനം സൃഷ്ടിക്കും.

(പെരിജി, അപോജി എന്നിവ വിശദമാക്കുന്ന ചിത്രം... നാസയുടെ ചിത്രം മലയാളത്തില്‍ ആക്കിയത്)

എല്ലാ മാസവും ഇതു പോലെ അടുത്ത് വരുന്നുണ്ടെങ്കിലും അപ്പോഴൊന്നും പൂര്‍ണ്ണചന്ദ്രന്‍ ആയിരുന്നില്ല എന്നു മാത്രം. നാസ തന്ന ചിത്രങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും. അപോജി, പെരിജി എന്നീ സ്ഥാനങ്ങളില്‍ പെരിജിയിലാണ് ഇന്ന് ചന്ദ്രന്‍ എത്തിച്ചേരുക. ഏതാണ്ട് ഇരുപത്തെട്ടു ദിവസത്തില്‍ ഒരിക്കലാണ് ഇതേ സ്ഥാനത്തു കൂടി ചന്ദ്രന്‍ കടന്നു പോകുന്നത്. അപ്പോള്‍ കാണാന്‍ മറക്കേണ്ട....മ്മ്ണി ബല്യ പൂര്‍ണ്ണചന്ദ്രനെ....

Friday, December 5, 2008

പിഞ്ചോമനകള്‍ക്ക് യാത്രാമൊഴി ഇരിക്കൂര്‍ ഗ്രാമത്തിനൊപ്പം നമുക്കും പങ്കുചേരാം

ഇന്നലെയായിരുന്നു കേരളത്തെ ദുഃഖത്തിലാഴ്ത്തിയ ദുരന്തം സംഭവിച്ചത്. വഴിയരികിലൂടെ സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന ഒന്‍പത് പിഞ്ചോമനകളാണ് മറ്റൊരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ സമൂഹത്തിനായി ബാക്കിവച്ച് നമ്മെ വിട്ടു പോയത്. മൂന്ന് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നു.

ട്രാഫിക്ക് നിയമങ്ങള്‍ മുതിര്‍ന്നവര്‍ അനുസരിക്കാറില്ലെങ്കിലും കുട്ടികള്‍ അത് തെറ്റിക്കാറില്ല. അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങള്‍ അതേ പടി അനുസരിച്ച് നടന്നുപോയിട്ടും ദുരന്തങ്ങള്‍ നമ്മെ വേട്ടയാടുന്നു. എല്ലാവരും ഒരേ പോലെ അനുസരിക്കുന്ന പരിതസ്ഥിതിയിലേ നിയമങ്ങള്‍ക്ക് സാധുതയുള്ളൂ. പ്രത്യേകിച്ചും ഗതാഗത നിയമങ്ങള്‍. ഈ ദുരന്തത്തിന് നാമോരുരുത്തരും ഉത്തരവാദികളാണ്. നിയമങ്ങള്‍ക്കു നേരെ നാം കാണിക്കുന്ന വിമുഖത ഇനിയും ഇത്തരം വാര്‍ത്തകള്‍ നമ്മെ തേടി വരാന്‍ ഇടയാക്കും.

ഇന്ന വെകിട്ട് ആ പിഞ്ചോമനകള്‍ക്ക് കേരളം യാത്രാമൊഴി നല്‍കുന്നു. മനുഷ്യത്വം വറ്റിയിട്ടില്ലാത്ത മനുഷ്യരേയും നാം കാണുന്നു. മൂന്ന് കുട്ടികളുടെ വീട്ടില്‍ ശവസംസ്കാരത്തിനുള്ള സ്ഥലം പോലും ഇല്ലാതെ വന്നപ്പോള്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയ മനസ്സ് മാനുഷികത വറ്റിയിട്ടില്ലാത്തവരുടെ പ്രതീകമാണ്. എട്ടു കുട്ടികളുടേയും സംസ്കാരം ഇവിടെ തന്നെയാണ് നടക്കുന്നത്. എല്ലാവര്‍ക്കും ഒരുമിച്ച് യാത്ര നല്‍കാനുള്ള ഈ തീരുമാനവും മാനുഷികതയുടെ മുഖമാണ് വെളിപ്പെടുത്തുന്നത് . സ്കൂളിലെ ആ കരുന്നുകളുടെ സൌഹൃദങ്ങള്‍ മരണത്തിലും അവസാനിക്കുന്നില്ല. സഹപാഠികള്‍ക്കും മാതാപിതാക്കള്‍ക്കും ഒപ്പം ഇരിക്കൂര്‍ നിവാസികളുടെ വേദനയില്‍ നമുക്കും പങ്കു ചേരാം.

Tuesday, December 2, 2008

ഫെഡോറ ഗ്നു/ലിനസ്ക് ഇന്‍സ്റ്റലേഷന്‍ ദൃശ്യങ്ങള്‍ ( ലൈവ് സിഡിയില്‍ നിന്നും )


ഫെഡോറ - 10 ലൈവ് സി.ഡി.യില്‍ നിന്നും ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍


ഫെഡോറ 10 ലിനക്സ് ലൈവ് സി.ഡി ആയി ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും. സി.ഡി ഡ്രൈവില്‍ ഇട്ട ശേഷം കമ്പ്യൂട്ടര്‍ റീ ബൂട്ട് ചെയ്യുക. സി.ഡിയില്‍ നിന്നും ഫെഡോറ 10 പ്രവര്‍ത്തിച്ചു തുടങ്ങും. ഡെസ്ക്ടോപ്പില്‍ തന്നെ ഫെഡോറ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഐക്കണ്‍ കാണും. അതില്‍ ഞെക്കുക. താഴെ കാണുന്ന തരത്തിലുള്ള സ്ക്രീനുകള്‍ നിങ്ങള്‍ക്ക് ഇനി കാണുവാന്‍ കഴിയും.


ആദ്യ സ്ക്രീന്‍ NEXT അമര്‍ത്തുകകീ ബോര്‍ഡ് തിരഞ്ഞെടുക്കുക


ഹോസ്റ്റ് പേര് നല്‍കുക. (സംശയമുണ്ടെങ്കില്‍ വിട്ടുകളയുക )


സമയ മേഖല തിരഞ്ഞെടുക്കാം.( ഏഷ്യ-കൊല്‍ക്കത്ത )


റൂട്ട് ഉപയോക്താവിനുള്ള പാസ്സ് വേര്‍ഡ് നല്‍കുക


ചെറിയ പാസ്സ്വേഡുകള്‍ നല്‍കിയാല്‍ ഇത്തരത്തിലുളള ഒരു സന്ദേശം കാണും.ഇവിടെ പുതിയ ലെയൌട്ട് എന്നത് തിരഞ്ഞെടുക്കുക (Create Custom Layout)കമ്പ്യൂട്ടറിലെ നിലവിലുള്ള ഡ്രൈവുകള്‍ ഇവിടെ കാണാം. നേരത്തേ വിന്‍ഡോസ് ഉള്ള ഒരു കമ്പ്യൂട്ടറിലിലാണ് ഇത്തരത്തില്‍ ഒരു ലേയൌട്ട് കാണപ്പെടുക. ലിനക്സ് പാര്‍ട്ടീഷന്‍ ഇല്ലെങ്കില്‍ ഡാറ്റ മാറ്റിയ ഡ്രൈവുകള്‍ ഡിലീറ്റ് ചെയ്ത് പുതിയ ലിനക്സ് പാര്‍ട്ടീഷന്‍ നിര്‍മ്മിക്കാവുന്നതാണ്. ഡിലീറ്റ് ചെയ്യപ്പെട്ട സ്ഥലം ഫ്രീ-സ്പേസ് ആയി കാണാവുന്നതാണ്. ഫ്രീ-സ്പേസില്‍ മറ്റൊരു പാര്‍ട്ടീഷന്‍ കൂടി നിര്‍മ്മിക്കണം. അതിനായി ഫ്രീ-സ്പേസില്‍ ക്ലിക്ക് ചെയ്ത് New എന്ന ബട്ടണ്‍ അമര്‍ത്തുക


പഴയ കുറച്ച് പാര്‍ട്ടീഷനുകള്‍ ഡിലീറ്റ് ചെയ്ത് ഉണ്ടാക്കിയ ഫ്രീ-സ്പേസില്‍ പുതിയ ഒരു പാര്‍ട്ടീഷന്‍ നിര്‍മ്മിക്കുകയാണിവിടെ. സ്വാപ്പ് (swap) എന്ന ഒരു പാര്‍ട്ടീഷന്‍ നിര്‍ബന്ധമായും ഉണ്ടാക്കേണ്ടതുണ്ട്. ഫയല്‍ സിസ്റ്റം ടൈപ്പ് swap ആക്കിയാല്‍ മതി. കമ്പ്യൂട്ടറിലെ മെമ്മറിയുടെ (RAM) ഇരട്ടിയോളം സ്വാപ്പ് വേണ്ടിവരും. ഏറ്റവും കുറഞ്ഞത് തുല്യമെങ്കിലും ആയിരിക്കണം. ഉദാഹരണത്തിന് 512MB RAM ഉള്ള ഒരു കമ്പ്യൂട്ടറില്‍ 1GB (1024 MB) സ്ഥലം swap ആയി കൊടുത്താല്‍ മതി. ഒരു മിഥ്യാ മെമ്മറിയായി ഇത് പ്രവര്‍ത്തിക്കും.നിര്‍മ്മിച്ചു കഴിഞ്ഞ swap പാര്‍ട്ടീഷന്‍ നിങ്ങള്‍ക്ക് കാണാം. ബാക്കിയുള്ള ഫ്രീ-സ്പേസില്‍ മറ്റൊരു പാര്‍ട്ടീഷന്‍ കൂടി നിര്‍മ്മിക്കണം. അതിനായി ഫ്രീ-സ്പേസില്‍ ക്ലിക്ക് ചെയ്ത് New എന്ന ബട്ടണ്‍ അമര്‍ത്തുക.


റൂട്ട് പാര്‍ട്ടീഷന്‍ ആണ് ഇനി സൃഷ്ടിക്കേണ്ടത്. മൌണ്‍ട് പോയിന്റ് എന്നിടത്ത് / എന്നു മാത്രം നല്‍കുക.
ലിനക്സില്‍ ഇനിയും ആവശ്യത്തിന് മറ്റ് പാര്‍ട്ടീഷനുകളും സൃഷ്ടിക്കാവുന്നതാണ്. /home, /var, /usr തുടങ്ങിയ പാര്‍ട്ടീഷനുകള്‍ നിര്‍മ്മിക്കുന്നത് നല്ലതാണ്. എന്നാല്‍ സ്ഥലപരിമിതി ഉള്ളിടത്ത് റൂട്ട് മാത്രം സൃഷ്ടിച്ചാലും മതിയാകും.
File System type എന്നത് ext3 എന്ന് കൊടുക്കണം. ലിനക്സിന്റെ ഫയല്‍-സിസ്റ്റം ആണിത്.


റൂട്ട് പാര്‍ട്ടീഷന്‍ കൂടി ഉള്ള ലേയൌട്ട്


ഇതോടെ പാര്‍ട്ടീഷനിങ്ങ് എന്ന പരിപാടി പൂര്‍ത്തിയായി. ഹാര്‍ഡ് ഡിസ്കിലേക്ക് പാര്‍ട്ടീഷന്‍ ലേയൌട്ട് എഴുതാന്‍ അനുവദിക്കുക. Write changes to disk എന്നത് ക്ലിക്ക് ചെയ്യണം. ഇതോടെ ഡിലീറ്റ് ചെയ്ത പാര്‍ട്ടീഷനുകളില്‍ എന്തെങ്കിലും ഡാറ്റ ഉണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും മാഞ്ഞുപോവുകയും. ext3 എന്ന ഫയല്‍സിസ്റ്റത്തിലുള്ള പാര്‍ട്ടീഷനുകള്‍ ആയി മാറുകയും ചെയ്യും.
ഇവിടെ ആദ്യം ബൂട്ട് ചെയ്യേണ്ട് ഓപ്പറേറ്റിങ്ങ് സിസ്റ്റം തിരഞ്ഞെടുക്കാം. Other എന്ന പേരില്‍ കാണുന്നത് വിന്‍ഡോസ് ആണ്. വേണമെങ്കില്‍ അത് എഡിറ്റ് ചെയ്ത് വിന്‍ഡോസ് എന്ന് എഴുതാവുന്നതാണ്. വിന്‍ഡോസ് ഇല്ലാത്ത കമ്പ്യൂട്ടര്‍ ആണെങ്കില്‍ ഇത് കാണുകയില്ല. ഡീഫാള്‍ട്ട് ആയി ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാം.എഡിറ്റ് ചെയ്ത് വിന്‍ഡോസ് എന്ന് ചേര്‍ത്തതാണ് കാണിച്ചിരിക്കുന്നത്. ഇനി Next അമര്‍ത്തുന്നതോടെ ഇന്‍സ്റ്റലേഷന്‍ ആരംഭിക്കും.ഇന്‍സ്റ്റലേഷന്‍ ആരംഭിച്ചിരിക്കുന്നു


ഇന്‍സ്റ്റലേഷന്‍ നടക്കുന്നു


ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകാറായിഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഇനി സിസ്റ്റം റീബൂട്ട് ചെയ്യുക. സി.ഡി. ഡ്രൈവില്‍ നിന്നും സി.ഡി. പുറത്തെടുത്തിരിക്കണം.
ഫെഡോറയുടെ ഇന്‍സ്റ്റലേഷന് ശേഷമുള്ള ആദ്യ ബൂട്ടില്‍ ചില കാര്യങ്ങല്‍ കൂടി ചെയ്തു കൊടുക്കേണ്ടതുണ്ട്.
ഇവിടെ Forward നല്‍കുക


ഇവിടെ ലൈസന്‍സ് വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. GPL-2 ലൈസന്‍സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. സോഫ്റ്റവെയറുകള്‍ പകര്‍ത്താനും മാറ്റം വരുത്തുവാനും വിതരണം ചെയ്യുവാനും പഠിക്കുവാനും ഉള്ള എല്ലാ അധികാരങ്ങളോടെയും കൂടെയാണ് സൌജന്യമായി ഫെഡോറ ലഭിക്കുന്നത്പുതിയ ഒരു ഉപയോക്താവിനെ ഇവിടെ സൃഷ്ടിക്കണം. യൂസര്‍നെയിം, പാസ്സ് വേര്‍ഡ് , പൂര്‍ണ്ണരൂപം എന്നിവ നല്‍കുക.പാസ്സ് വേര്‍ഡ് ചെറുതാണ് എന്ന് മുന്നറിയിപ്പാണിത്. വേണമെങ്കില്‍ അവഗണിക്കാം. അല്ലെങ്കില്‍ മുന്നോട്ടു പോകാം.


തീയ്യതിയും സമയവും ഇവിടെ നല്‍കുക.കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് വേര്‍ വിശദാംശങ്ങളാണിത്. ഇത് ഫെഡോറ കമ്യൂണിറ്റിക്ക് അയച്ചു കൊടുക്കുന്നത് അടുത്ത ഫെഡോറയെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിക്കും. അതിനാല്‍ Send Profile എന്നത് തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.
ഇത്രയും കഴിഞ്ഞാല്‍ ഫെഡോറ - ലൈവ് സി.ഡിയില്‍ നിന്നും ഉള്ള ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി.


(വിന്‍ഡോസ് ഉള്ള ഒരു സിസ്റ്റത്തിലാണ് ഇത് ഇന്‍സ്റ്റാള്‍ ചെയ്തത്. മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റം പൂര്‍ണ്ണമായി ഒഴിവാക്കി ഗ്നു/ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് പഠിക്കാനും ഉപയോഗിക്കാനും നല്ലത്. ഫെഡോറ 10 Live-CD ആയതിനാല്‍ വളരെക്കുറച്ച് പ്രോഗ്രാമുകള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ. എന്നാല്‍ ഫെഡോറ 10 DVD ഉപയോഗിക്കുകയാണ് എങ്കില്‍ നിരവധി പ്രോഗ്രാമുകള്‍ ലഭ്യമാകും. ഇതില്‍ ഓപ്പണ്‍ ഓഫീസ് ഇല്ല എന്നത് ഒരു പോരായ്മയാണ്. എന്നാല്‍ ഓപ്പണ്‍ ഓഫീസ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാവുന്നതാണ്. )


ഫെഡോറ 10 Live CD ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ
http://download.fedoraproject.org/pub/fedora/linux/releases/10/Live/i686/F10-i686-Live.iso

ടോറണ്ട് ലിങ്കുകള്‍
http://torrent.fedoraproject.org/torrents//Fedora-10-i686-Live.torrent
http://torrent.fedoraproject.org/torrents//Fedora-10-x86_64-Live.torrent

മറ്റ് പ്രധാന ലിങ്കുകള്‍ക്ക് ഇവിടെ പോയാല്‍ മതി..
http://torrent.fedoraproject.org/
http://fedoraproject.org/en/get-fedora
http://mirrors.fedoraproject.org/publiclist/Fedora/10/
http://spins.fedoraproject.org/