മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം

സമ്പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു മധ്യ ഇന്ത്യയില്‍ ഇന്ന് ദൃശ്യമായത്. അതിരാവിലെ തന്നെ തുടങ്ങിയ ഗ്രഹണം മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ലതു തന്നെ അഭിനന്ദവും അര്‍ഹിക്കുന്നു. പക്ഷേ തികച്ചും തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിംഗാണ് മിക്ക ദൃശ്യമാധ്യമങ്ങളും നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന തലക്കെട്ട് പലരും നല്‍കിയിരുന്നെങ്കിലും പറഞ്ഞു വന്നപ്പോള്‍ ഇനി 123 വര്‍ഷത്തിനു ശേഷമേ അടുത്ത സൂര്യഗ്രഹണമുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. കാക്ക എങ്ങിനെ കൊക്കാകും എന്ന് മാധ്യമങ്ങള്‍ നന്നായി കാണിച്ചു തന്നു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി, പീപ്പിള്‍, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍ തുടങ്ങി എല്ലാ വാര്‍ത്താ ചാനലുകളും ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തു. പലതിലും വന്ന തെറ്റിദ്ധാരണാ ജനകമായി ചില വാര്‍ത്തകള്‍

1. സൂര്യഗ്രഹണം ഇനി 123 വര്‍ഷത്തിനു ശേഷം മാത്രം (ചിലര്‍ 134 വര്‍ഷത്തിനു ശേഷവും എന്നും പറഞ്ഞു )
2. ഇപ്പോള്‍ ജനിക്കുന്നവര്‍ക്ക് ഇനി സൂര്യഗ്രഹണം കാണാനേ കഴിയില്ല. (നൂറു വര്‍ഷത്തില്‍ താഴെയല്ലേ മനുഷ്യര്‍ക്ക് ആയുസ്സുള്ളൂ)
3. ഭാഗിക സൂര്യഗ്രഹണം ഇനിയും കാണാമെങ്കിലും സമ്പൂര്‍ണ്ണസൂര്യഗ്രഹണം ഇനി അടുത്ത നൂറ്റാണ്ടിലേ കാണാന്‍ പറ്റൂ
4. സൂര്യനെ നേരിട്ട് നോക്കരുത് പ്രത്യേകിച്ചും സൂര്യഗ്രഹണ സമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടും അത്രേ
5. സൂര്യനെ നേരിട്ട് നോക്കരുത്. എന്നാല്‍ വെല്‍ഡിംഗ് ഗ്ലാസുകള്‍, എക്സ് റേ ഫിലിമുകള്‍, ടെലിസ്കോപ്പുകള്‍ എന്നിവയിലൂടെ ഗ്രഹണം കണ്ടാല്‍ കുഴപ്പമില്ല.

എന്താണ് സത്യാവസ്ഥ. ഗ്രഹണം എല്ലാ വര്‍ഷവും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്. സൂര്യഗ്രഹണം എല്ലാവര്‍ഷത്തിലും രണ്ടും മൂന്നും ഒക്കെ ഉണ്ടാകുന്നുണ്ട്. അതില്‍ കൂടുതലും ഭാഗികഗ്രഹണം ആയിരിക്കും. സമ്പൂര്‍ണ്ണസൂര്യഗ്രഹണവും മിക്ക വര്‍ഷങ്ങളിലും കാണാവുന്നതാണ്. എന്നാല്‍ എല്ലായിടത്തും ഗ്രഹണം കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. പൂര്‍ണ്ണസൂര്യഗ്രഹണം വളരെ കുറച്ച് സ്ഥലത്ത് മാത്രം വീഴുന്നതിനാല്‍ ചിലയിടങ്ങളില്‍ മാത്രം ദൃശ്യമാവുകയും ചെയ്യും. മേല്‍പ്പറഞ്ഞ ഓരോ പോയിന്റുകളും നോക്കാം

1,2,3 പോയിന്റുകള്‍
അടുത്ത നൂറ്റാണ്ടിലേ ഇനി ഗ്രഹണം കാണാന്‍ പറ്റൂ എന്ന് ശുദ്ധ അസംബന്ധമാണ്. അടുത്ത വര്‍ഷം ജനുവരി 15 ന് കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പൂര്‍ണ്ണമായ ഒരു വലയഗ്രഹണം ദൃശ്യമാവുന്നുണ്ട്. ചന്ദ്രന്‍ ഭൂമിയില്‍ നിന്നും അല്പം അകന്നിരിക്കുന്നതിനാല്‍ സൂര്യനെ പൂര്‍ണ്ണമായി മറയ്ക്കാന്‍ ചന്ദ്രന് കഴിയില്ല. അതിനാല്‍ തന്നെ സൂര്യന്റെ അരികുകള്‍ വ്യക്തമായി കാണാന്‍ കഴിയും. അടുത്ത വര്‍ഷം തന്നെ ജൂലായില്‍ ഒരു പൂര്‍ണ്ണസൂര്യഗ്രഹണം വരുന്നുണ്ട്. അത് ഇന്ത്യയില്‍ ദൃശ്യമല്ല എന്ന് മാത്രം. June 13, 2132 ന് നടക്കുന്ന പൂര്‍ണ്ണസൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഇപ്പോള്‍ കഴിഞ്ഞതിലും കൂടുതലാണ് എന്ന് മാത്രം. സൂര്യനെ പൂര്‍ണ്ണമായും ചന്ദ്രന്‍ മറയക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഈ പറയുന്നത്. അന്ന് ചന്ദ്രന്‍ കുറേക്കൂടി ഭൂമിക്ക് അടുത്തായിരിക്കും. അതു കൊണ്ട് കൂടുതല്‍ നേരം സൂര്യനെ മറയ്ക്കാന്‍ ചന്ദ്രന് സാധിക്കും. ഈയൊരു ചെറിയ കാര്യത്തെ വളച്ചൊടിച്ച് ഇനി 123 വര്‍ഷത്തിനു ശേഷമേ സൂര്യഗ്രഹണം കാണാന്‍ പറ്റൂ എന്നൊക്കെ പറഞ്ഞാല്‍ അത് വല്ലാത്തൊരു വാര്‍ത്തയായിപ്പോയി. ചിലര്‍ അത് സമ്പൂര്‍ണ്ണസൂര്യഗ്രഹണം എന്നാക്കി മാറ്റി, മറ്റു ചിലര്‍ ഇന്ത്യയില്‍ ഇനി 123 വര്‍ഷം കഴിഞ്ഞേ കാണാന്‍ പറ്റൂ എന്നാക്കി . ഇങ്ങിനെ പല തരത്തിലും പല സമയത്തും വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടു. ഒരേ ചാനലുകളില്‍ തന്നെ പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് വന്നത്. ഇപ്പോള്‍ ജനിക്കുന്ന കുട്ടികള്‍ക്കും ഇനി ഗ്രഹണം കാണാന്‍ യാതൊരു തടസ്സവുമില്ല. എല്ലാ വര്‍ഷവും അവരെ കാത്ത് ഗ്രഹണം ആവര്‍ത്തിക്കപ്പെട്ടു കൊണ്ടിരിക്കും.

പോയിന്റ് 4
സൂര്യഗ്രഹണത്തെ നിരീക്ഷിക്കുന്നതിലും നല്ല തമാശയുള്ള വാര്‍ത്തകളായിരുന്നു അവര്‍ നല്‍കിയത്. ഗ്രഹണസമയത്ത് സൂര്യരശ്മികള്‍ക്ക് ശക്തി കൂടും അത്രേ. സൂര്യഗ്രഹണ സമയത്ത് ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ സൂര്യരശ്മികള്‍ക്ക് ശക്തി കുറയുകയാണ് ചെയ്യുക. നേരിട്ട് സൂര്യനെ നോക്കുമ്പോള്‍ കൂടുതല്‍ അപകടം പറ്റാന്‍ സാധ്യതയുള്ളത് ഗ്രഹണമില്ലാത്ത സമയത്ത് തന്നെയാണ്. ഗ്രഹണ സമയത്തും ഇതേ പ്രശ്നം അല്പം കുറവാണെങ്കില്‍ പോലും ഉണ്ടാകാം. നല്ല ഒരു സോളാര്‍ ഫില്‍ട്ടര്‍ ഉപയോഗിച്ച് ധൈര്യമായി സൂര്യനെ നോക്കാവുന്നതാണ്.
ഇന്ന് നടന്ന സൂര്യഗ്രഹണത്തെ നഗ്നനേത്രങ്ങളാല്‍ തന്നെ വീക്ഷിക്കാമായിരുന്നു. കന്യാകുമാരിയിലും മറ്റും പോയി സൂര്യോദയവും സൂര്യാസ്തമയവും നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാമെങ്കില്‍ അതേ സമയത്തുണ്ടാകുന്ന സൂര്യഗ്രഹണം വീക്ഷിക്കാനും ഫില്‍ട്ടറുകളുടെയൊന്നും ആവശ്യമില്ല. എന്നാല്‍ സൂര്യപ്രകാശത്തിന് ശക്തികൂടുന്നതിനിനുസരിച്ച് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുക തന്നെ വേണം.

പോയിന്റ് 5

"സൂര്യനെ നേരിട്ട് നോക്കരുത്. എന്നാല്‍ വെല്‍ഡിംഗ് ഗ്ലാസുകള്‍, എക്സ് റേ ഫിലിമുകള്‍, ടെലിസ്കോപ്പുകള്‍ എന്നിവയിലൂടെ ഗ്രഹണം കണ്ടാല്‍ കുഴപ്പമില്ല"

ഇതായിരുന്നു അപകടകരമായ വാര്‍ത്ത. ചിലപ്പോള്‍ അറിയാതെ പറയുന്നതാകാം. സൂര്യനെ നേരിട്ട് നോക്കാന്‍ പാടില്ല. വെല്‍ഡിഗ് ഗ്ലാസ് തുടങ്ങിയവയിലൂടെ നോക്കുന്നതിനും തടസ്സമില്ല. പക്ഷേ യാതൊരു കാരണവശാലും ടെലിസ്കോപ്പിലൂടെ നേരിട്ട് സൂര്യനെ നോക്കരുത്. നഗ്നനേത്രങ്ങളാല്‍ നോക്കുന്നതിലും അപകടമാണിത്. ടെലിസ്കോപ്പുകളില്‍ ശാസ്ത്രലോകം അംഗീകരിച്ച സോളാര്‍ ഫില്‍ട്ടറുകള്‍ ഘടിപ്പിച്ചാല്‍ നോക്കുന്നതിന് തടസ്സമില്ല. പക്ഷേ ഒരു ടെലിസ്കോപ്പോ ബൈനോക്കുലറോ കൈവശമുള്ള ആരെങ്കിലും ഇത്തരം വാര്‍ത്ത റിപ്പോര്‍ട്ടിംഗുകള്‍ കേട്ട് നേരിട്ട് അതിലൂടെ സൂര്യനെ നോക്കിയാല്‍ പൂര്‍ണ്ണമായി തന്നെ കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം. ടെലിസ്കോപ്പിലൂടെ വരുന്ന സൂര്യന്റെ പ്രതിബിംബത്തെ വെളുത്ത പ്രതലത്തില്‍ പതിപ്പിച്ച് അവിടേക്ക് നോക്കിയാല്‍ ഏറ്റവും സുരക്ഷിതമായി ഗ്രഹണം കാണാം. റിപ്പോര്‍ട്ടിംഗ് അങ്ങിനെയാകാം ഉദ്ദേശിച്ചിരിക്കുന്നത്. കാരണം എല്ലാ നിരീക്ഷണ കേന്ദ്രങ്ങളിലും അത്തരത്തില്‍ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ച് ഗ്രഹണക്കാഴ്ചകള്‍ ലഭ്യമാക്കിട്ടുണ്ടാകും. ചിലപ്പോള്‍ മികച്ച ഫില്‍ട്ടറുകള്‍ ഘടിപ്പിച്ച ടെലിസ്കോപ്പുകളും സജ്ജമാക്കിയിരിക്കാം. പക്ഷേ റിപ്പോര്‍ട്ടിംഗ് ടി.വി യില്‍ വന്നപ്പോഴേക്കും അത് ഇങ്ങിനെയായി മാറി.

ഇതു കൊണ്ട് സമൂഹത്തില്‍ സൃഷിടിക്കപ്പെടുന്ന തെറ്റിദ്ധാരണകള്‍ കുറച്ചൊന്നുമല്ല. അടുത്ത ജനുവരിയില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പൂര്‍ണ്ണമായതും പത്ത് മിനിറ്റോളം നീണ്ടു നില്‍ക്കുന്ന പൂര്‍ണ്ണമായ വലയഗ്രഹണം കാണാന്‍ കഴിയും. അന്ന് ഉച്ചക്കാണ് ഗ്രഹണം എന്നതിനാല്‍ അത് കൂടുതല്‍ മനോഹരവുമാണ്. ഇന്ത്യയില്‍ മറ്റെല്ലായിടത്തും ഭാഗികമായ ഗ്രഹണമേ അന്ന് കാണൂ. ശാസ്ത്രലോകം തിരുവനന്തപുരം,കന്യാകുമാരി തുടങ്ങിയ ഇടങ്ങളിലായിരിക്കും തമ്പടിക്കുക. അന്ന് വീണ്ടും മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ ജനങ്ങള്‍ കുറ്റപ്പെടുത്തുന്നത് മാധ്യമങ്ങളെ അയിരിക്കുകയില്ല മറിച്ച് ശാസ്ത്രസമൂഹത്തെ ആയിരിക്കും. കാരണം ഇന്ന് മാധ്യമങ്ങളിലൂടെ കേട്ട ഈ 123 വര്‍ഷത്തെ കാലയളവ് ശാസ്ത്രജ്ഞരുടെ അറിവില്ലായ്മയായി അന്ന് സാധാരണജനങ്ങള്‍ തെറ്റിദ്ധരിക്കാം. 2010 ജൂലായില്‍ വരുന്ന പൂര്‍ണ്ണസൂര്യഗ്രഹണവും ശാസ്ത്രജ്ഞരെ കളിയാക്കാനുള്ള അവസരമായി സാധാരണ ജനങ്ങള്‍ കണ്ടേക്കാം.


(2010 ജനുവരി 15ന് തിരുവനന്തപുരത്തെ ഗ്രഹണക്കാഴ്ച. ശുക്രനേയും അടുത്ത് കാണാം)

സൂര്യഗ്രഹണവാര്‍ത്തകളോടൊപ്പം അതേ പ്രാധാന്യത്തോടെയാണ് ദേവാലയങ്ങളിലും മറ്റും നടക്കുന്ന പ്രത്യേക പൂജയും നടയടക്കലും മറ്റും റിപ്പോര്‍ട്ട് ചെയ്യുന്നത്. ശാസ്ത്രത്തേയും വിശ്വാസത്തേയും രണ്ടായി തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പക്ഷേ അതെല്ലാം ഒന്നായിട്ടു മാത്രമേ ഇന്ന് ദൃശ്യ-ശ്രാവ്യ-എഴുത്ത് മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. മാധ്യമങ്ങള്‍ ശാസ്ത്രവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടത് അത്യാവശ്യമാണ്. റിപ്പോര്‍ട്ടിംഗ് തികച്ചും ശാസ്ത്രീയമായിരിക്കണം. അല്ലെങ്കില്‍ ആട് പട്ടിയാവാനും കാക്ക കൊക്കാവാനുമൊക്കെ അധിക സമയം വേണ്ടി വരില്ല.