നാം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി സൂര്യനെ ആശ്രയിക്കാന്‍ തുടങ്ങിയതിന്റെ ചരിത്രം മനുഷ്യന്റെ ചരിത്രം ആരംഭിക്കുന്നിടത്തു തന്നെ തുടങ്ങിയതാണ്. ഭക്ഷ്യപദാര്‍ത്ഥങ്ങളും ഇന്ധനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിറകുമെല്ലാം ഉണക്കാനായി സൂര്യപ്രകാശത്തെയായിരുന്നു നാം ആശ്രയിച്ചിരുന്നത്. ഇന്ന് ആ ഉപയോഗങ്ങള്‍ക്കപ്പുറം ചിന്തിക്കാനും പ്രവൃത്തിക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. പക്ഷേ നിരവധി പരിമിതികള്‍ ഇന്നത്തെ ഉപയോഗരീതികളില്‍ നമുക്ക് കാണാം. ചൂടുവെള്ളം നിര്‍മ്മിക്കാനാണ് കൂടുതലായും ഇന്ന് സൌരോര്‍ജ്ജത്തെ പ്രയോജനപ്പെടുത്തുന്നത്. മികച്ച സൌരജലതാപിനികളിലൂടെ 50 മുതല്‍ 90 ഡിഗ്രി വരെ ചൂടുള്ള ജലം ലഭ്യമാക്കാന്‍ ഇന്ന് സാധിക്കുന്നു. ഹോട്ടലുകളും ആശുപത്രികളും ചില വീടുകളും മറ്റും ഇത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. സൌരോര്‍ജ്ജത്തില്‍ നിന്നും നേരിട്ട് വൈദ്യുതി ലഭ്യമാക്കുന്ന ഫോട്ടോ വോള്‍ട്ടായിക്ക് രീതികള്‍ ചെറിയ ആവശ്യങ്ങള്‍ക്കായി മാത്രമാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. കാല്‍ക്കുലേറ്ററുകള്‍, എമര്‍ജന്‍സി വിളക്കുകള്‍ എന്നിവയിലാണ് സാധാരണക്കാര്‍ സോളാര്‍ പാനലുകള്‍ ഉപയോഗിക്കുന്നത്. വഴിവിളക്കുകള്‍ക്കും ഇന്ന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് സൌരോര്‍ജ്ജ വൈദ്യുതിയെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച മേഖല.
സന്തോഷം നല്‍കുന്ന ഒരു വാര്‍ത്ത
ഇന്ത്യ 2020 ഓടെ 20GW വൈദ്യുതി സൌരോര്‍ജ്ജത്തില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള പ്രൊജക്റ്റുമായി മുന്നോട്ടു പോകുന്നു എന്ന് ഈ വാര്‍ത്ത വ്യക്തമാക്കുന്നു. 2030 ഓടെ 100GW ഉം 2050 ഓടെ 200GW ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. വാര്‍ത്ത ശരിയാകട്ടെ എന്ന് നമുക്ക് വിശ്വസിക്കാം.
സൌരവൈദ്യുതി പരിമിതികളും ശുഭസൂചനകളും
സോളാര്‍ പാനലുകള്‍ ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മ്മാണം ലളിതമായ ഒന്നാണ്. നിലവില്‍ അതിനുള്ള പോരായ്മ ഉയര്‍ന്ന ചിലവും ദക്ഷതയിലെ(Efficiency) കുറവുമാണ്. 1W വൈദ്യുതിക്കുള്ള ഒരു സോളാര്‍ പാനലിന് ഇന്ന് 200 രൂപയോളം ചിലവാകും. എന്നാല്‍ നാനോ സോളാര്‍ (nanosolar.com)എന്ന കമ്പനി ഇത് 1$ ലേക്ക് (Rs.45) കുറച്ചിട്ടുണ്ട്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള എല്ലാ ഓര്‍ഡറുകളും ലഭിച്ചു കഴിഞ്ഞു എന്നും ഇപ്പോഴും നിരവധി ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട് എന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 25 വര്‍ഷത്തെ ഗ്യാരണ്ടിയും അവര്‍ ഉറപ്പു നല്‍കുന്നു. ഇന്ത്യയിലും നിരവധി ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. thin film സാങ്കേതികതയിലും മറ്റും ഗവേഷണം നടത്തുന്നവരുടെ ഗലേഷണങ്ങള്‍ ഈ വഴിക്ക് തിരിച്ചു വിട്ടാല്‍ കൂടുതല്‍ ദക്ഷതയും ചിലവ് കുറവും ആയ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാന്‍ കഴിയുക തന്നെ ചെയ്യും.
ബാറ്ററി വേണ്ടാത്ത സോളാര്‍ സംവിധാനം
സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വച്ചിട്ടാണ് നാം ഇന്ന് ഉപയോഗിക്കുന്നത്. ഇത് ചിലവ് വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. സൌരവൈദ്യുതിയെ ബാറ്ററികളില്‍ ശേഖരിച്ചു വയ്ക്കാതെ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ ഈ ചിലവ് കുറയ്ക്കാന്‍ കഴിയും. ഗ്രിഡ് സിസ്റ്റമാണ് ഇതിനുള്ള പ്രതിവിധി. വീടിന്റെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പാനലുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വീട്ടിലുള്ള ആവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ളത് പൊതുവൈദ്യുതവിതരണ സംവിധാനത്തിലേക്ക് തിരിച്ചുവിടലാണ് ഗ്രിഡ് സംവിധാനത്തില്‍ ചെയ്യുന്നത്. ഇതിനു വേണ്ട ഇലക്ട്രിക്കല്‍ സംവിധാനം വീടുകളില്‍ എന്നുമാത്രം. പകല്‍ സമയത്ത് വീടുകളില്‍ വൈദ്യുത ആവശ്യങ്ങള്‍ വളരെ കുറവായിരിക്കും. വീടുകളില്‍ അധികമായി ഉത്പാദിപ്പിക്കുന്ന സൌരവൈദ്യുതി ഗ്രിഡ് സംവിധാനത്തിലൂടെ വ്യവസായങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കാന്‍ സാധിക്കും. അതിലും അധികമായി വൈദ്യുതി ഉണ്ടായാല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു കഴിഞ്ഞ ജലം തിരിച്ച് ജലസംഭരണികളിലേക്ക് പമ്പുചെയ്യാനും ഉപയോഗിക്കാം. 30% ത്തോളം ഊര്‍ജ്ജം ഇത്തരത്തില്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. രാത്രിയില്‍ ജലവൈദ്യുതപദ്ധതികളില്‍ നിന്നും ഉണ്ടാക്കുന്ന വൈദ്യുതി ഇതേ പൊതുവിതരണ സംവിധാനത്തിലൂടെ നമുക്ക് ഉപയോഗിക്കാം. വൈദ്യുതി ഉപഭോഗം അളക്കുന്ന മീറ്ററുകള്‍ രണ്ടു ദിശയിലും കറങ്ങുന്നവയാണ് വീടുകളില്‍ ഉപയോഗിക്കേണ്ടി വരുന്നത്. അതായത് പകല്‍ സമയത്ത് ഗ്രിഡിലേക്ക് നല്‍കുന്ന വൈദ്യുതിക്ക് വീട്ടുകാര്‍ക്ക് പണം ലഭിക്കും. തിരിച്ച് രാത്രി ഉപയോഗിക്കുന്നതിന് വീട്ടുകാര്‍ പണം നല്‍കുകയും വേണം. സാധാരണ വീടുകളെ സംബന്ധിച്ചിടത്തോളം മിക്കവാറും പണം തിരിച്ചു ലഭിക്കാനായിരിക്കും ഇവിടെ സാധ്യത കൂടുതല്‍.
ഗ്രിഡ് സംവിധാനം - സാധ്യതകള്‍
ഒന്നോ രണ്ടോ വീട്ടുകാര്‍ക്ക് മാത്രമായി ഇത്തരം സംവിധാനം ഒരുക്കുക എളുപ്പമല്ല. എന്നാല്‍ ഒരു ഗ്രാമത്തിലെ എല്ലാ വീടുകള്‍ക്ക് മുകളിലും സോളാര്‍പാനലുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഗ്രിഡ് സംവിധാനം വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഒരു കിലോവാട്ട് സൌരപാനലുകള്‍ക്ക് പഴയ നിലയില്‍ രണ്ടുലക്ഷത്തോളം രൂപ ചിലവുവരും. എന്നാല്‍ നാനോസോളാര്‍ നിര്‍മ്മിക്കുന്ന പാനലുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ അന്‍പതിനായിരം രൂപമാത്രമേ ചിലവ് വരൂ. ഒരു കിലോവാട്ടിന്റെ സൌരപാനലില്‍ നിന്നും നല്ല വെയിലുള്ള ദിവസങ്ങളില്‍ ഏഴു യൂണിറ്റ് വൈദ്യുതിയും വെയില്‍ കുറഞ്ഞ ദിവസങ്ങളില്‍ നാല് യൂണിറ്റ് വൈദ്യുതി വരെയും ഉണ്ടാക്കുവാന്‍ കഴിയും. സാധാരണ ഒരു കുടുംബത്തിന്റ ഊര്‍ജ്ജ ആവശ്യങ്ങള്‍ ഇന്ന് പരമാവധി മൂന്ന് യൂണിറ്റ് വൈദ്യുതിയില്‍ ഒതുക്കാവുന്നതാണ്. അതായത് വീടുകളില്‍ ചെറിയ ഒരു വരുമാന മാര്‍ഗ്ഗമായി തന്നെ ഇതിനെ പ്രയോജനപ്പെടുത്താനും കഴിയും. സര്‍ക്കാര്‍ സബ്സിഡികള്‍ നല്‍കുകയാണെങ്കില്‍ 25000 രൂപക്ക് ഒരു കിലോവാട്ടിന്റെ സോളാര്‍ പാനല്‍ ലഭ്യമാക്കാന്‍ സാധിക്കും. മൂന്ന് യൂണിറ്റ് വൈദ്യുതി ഒരു ദിവസം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഏകദേശം 200 രൂപ ഒരു മാസം നല്‍കേണ്ടി വരും. അതായത് ഈയിനത്തില്‍ തന്നെ പത്തുവര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരിച്ച് ലഭിക്കും എന്നു പറയാം. അധികമായി ലഭിക്കുന്ന വരുമാനം വേറെയും. ഇത്തരം ഗ്രിഡ് സംവിധാനങ്ങളാണ് കൂടുതല്‍ മികച്ച സൌരവൈദ്യുത പദ്ധതികള്‍. കാരണം. സൌരപാനലുകള്‍ സ്ഥാപിക്കാനായി അധികമായി സ്ഥലം കണ്ടെത്തേണ്ടതില്ല എന്നതു തന്നെ.
ഗ്രിഡ് സംവിധാനവും കേരളവും
ഗ്രിഡ് സംവിധാനങ്ങള്‍ ഇന്ന് മാറ്റത്തിന്റെ വക്കിലാണ്. എല്ലാ ഇലകട്രിക്കല്‍ ഗ്രിഡ് സംവിധാനങ്ങളും ആധുനികവത്കരിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യക്കും ഗ്രിഡ് സംവിധാനങ്ങളില്‍ അധിഷ്ഠിതമായ സൌരവൈദ്യുതിയെപ്പറ്റി ആലോചിക്കാവുന്നതാണ്. സൌരവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിലും മികച്ചത് വീടുകളിലായി ചിതറിക്കിടക്കുന്ന സൌരപാനല്‍ സംവിധാനങ്ങള്‍ തന്നെയാണ്. കേരളത്തിനും ഈ വഴിക്ക് ചിന്തിക്കുന്നതില്‍ തെറ്റില്ല. ഗ്രിഡ് സംവിധാനങ്ങളെക്കുറിച്ചും ഇതിന്റെ പ്രായോഗികപ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കുന്നതിന് ഒരു പൈലറ്റ് പ്രൊജക്റ്റ് ആരംഭിക്കാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ ഏതെങ്കിലും സബ്സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമം തിരഞ്ഞെടുത്ത് അവിടെ പരീക്ഷണാര്‍ത്ഥം ഇത് നടത്തിനോക്കാവുന്നതാണ്. ഒരു ഗ്രാമത്തിലെ തിരഞ്ഞെടുത്ത ഒരു നൂറ് വീടുകളില്‍ അവരുടെ സഹകരണത്തോടെ ഇത്തരം ഒരു പദ്ധതി ആലോചിക്കാന്‍ ബുദ്ധിമുട്ടില്ല. നിരവധി പ്രായോഗികപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ഇത്തരം ഒരു പരീക്ഷണപദ്ധതി സഹായിക്കും. ആധുനികഗ്രിഡ് സംവിധാനങ്ങളും ഗാര്‍ഹിക ഉപഭോക്താക്കളില്‍ നിന്നും വൈദ്യുതി ശേഖരിക്കാനുള്ള സംവിധാനങ്ങളും എല്ലാം ഒരുക്കേണ്ടതുണ്ട്. ഒരു ചെറിയ സ്ഥലത്തായാല്‍ ഇതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അധികം ചിലവില്ലാതെ പഠിക്കാന്‍ സാധിക്കും. ഇന്ത്യയുടെ സോളാര്‍ മിഷന്‍ പ്രൊജക്റ്റുമായി സഹകരിച്ചാല്‍ കെ.എസ്.ഇ.ബി ക്ക് ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാവുന്നതേ ഉള്ളൂ.
ഭൂമിയിലെ ഒരു ചതുരശ്രമീറ്ററില്‍ ഒരു കിലോവാട്ടോളം സൌരോര്‍ജ്ജമാണ് പതിച്ചു കൊണ്ടിരിക്കുന്നത്. ഈ അക്ഷയ ഊര്‍ജ്ജത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കുക തന്നെ വേണം. ഭാവിയിലെ ഊര്‍ജ്ജ സ്രോതസ്സായി മാറുക സൌരോര്‍ജ്ജം തന്നെ ആണ്. പാരിസ്ഥിതികപ്രശ്നങ്ങള്‍ ഏതാണ്ട് ഇല്ല എന്നു തന്നെ പറയാവുന്നവയാണ് സൌരസാങ്കേതികവിദ്യകള്‍. മലിനീകരണം ഉണ്ടാകും എന്ന് ഉറപ്പുള്ള ഇന്നത്തെ സൌരസാങ്കേതിക സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ മൊത്തം ചിലവ് ( മലിനീകരണനിയന്ത്രണവും നടത്തിപ്പും ഉള്‍പ്പടെ )വരുന്ന ആണവസംവിധാനങ്ങള്‍ക്കായാണ് നാം പണം മുടക്കുന്നത്. സര്‍ക്കാരും ജനങ്ങളും സ്വാതന്ത്ര്യത്തിന്റെ ഊര്‍ജ്ജമായ ഹരിതഊര്‍ജ്ജത്തെക്കുറിച്ച് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത തലമുറകള്‍ക്കും വാസയോഗ്യമായി ഈ ഭൂമി ഇതേ പോലെ നിലനില്‍ക്കുകയുള്ളൂ.
ശാസ്ത്രം

Comments
വിജ്ഞാനപ്രദമായ പോസസ്റ്റുകള്‍ക്ക് നന്ദി.....
സാങ്കേതിക വിദ്യകള്‍ ഇല്ലാത്തതല്ലല്ലോ പ്രശ്നം. സോളാര്‍ എനര്‍ജി പോലെയുള്ള സംരഭങ്ങളില്‍ നമ്മുടെ ഇന്ത്യാ ഗവണ്മെന്റിന് താത്പര്യമില്ല. ആറ്റം പൊളിച്ച് ഊര്‍ജ്ജം ഊറ്റാനാ പണം എല്ലാം ഇറക്കുന്നത്.
എന്റെ പഴയൊരു പോസ്റ്റ് ലിങ്ക്
ഇതിന്റെ അനുബന്ധമായ അടുത്ത പോസ്റ്റ് കൂടി വായിക്കുമല്ലോ.
ചെറുകിട ജലവൈദ്യുത പദ്ധതികളും നല്ലതു തന്നെ ആണ്...
ആറ്റം പൊളിക്കാനുള്ള വിദ്യ പൊളിഞ്ഞപ്പോഴല്ലേ ഇതിലേക്ക് ഇറങ്ങിത്തിരിച്ചത്...
ശ്രേയസ്സ് , ലിങ്കിന് നന്ദി..ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ ഉപയോഗിച്ച് വരുന്നുണ്ട്...
പിന്നെ ഫ്യൂവല്‍സെല്‍ ഊര്‍ജ്ജം സംഭരിക്കാനുള്ള ഒരു ഉപാധി മാത്രമാണ്. ഊര്‍ജ്ജം ഉത്പാദിപ്പിക്കാനല്ല ഇത് ഉപയോഗിക്കുന്നത്. ഹൈഡ്രജന്‍ ഉത്പാദനം ഏറെ ചിലവേറിയതാണ്. വൈദ്യുതവിശ്ലേഷണമാണ് ഇന്ന് ആശ്രയിക്കുന്ന ഒരു മാര്‍ഗ്ഗം. ഇത് കൂടുതല്‍ ഊര്‍ജ്ജ നഷ്ടത്തിനേ ഉതകൂ എന്നതിനാല്‍ ഫ്യൂവല്‍ സെല്ലുകള്‍ ഇന്ന് സാമ്പത്തികമായി പ്രായോഗികമല്ല.
വൈദ്യുതി സംഭരിക്കാന്‍ സൂപ്പര്‍ കപ്പാസിറ്ററുകളും ഫ്ലൈവീലുകളും ആധുനിക ബാറ്ററി സാങ്കേതികവിദ്യകളും ഒക്കെ വരുന്നുണ്ട്. അതായിരിക്കും ഫ്യൂവല്‍ സെല്ലിനേക്കാള്‍ ലാഭകരവും പ്രായോഗികവും.
ദേശീയ സൌര ദൌത്യത്തെക്കുറിച്ചുള്ള പോസ്റ്റ് വായിക്കുമല്ലോ...