അന്റാര്‍ട്ടിക്കയിലെ മിന്നാമിനുങ്ങ്...
സാധാരണഗതിയില്‍ അന്റാര്‍ട്ടിക്കയില്‍ ഒരു മിന്നാമിനുങ്ങിനെ കാണേണ്ട സാഹചര്യം ഇല്ല. പക്ഷേ അവിടെയും ഉണ്ട് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു കക്ഷി. പറന്നുനടക്കുന്ന മിന്നാമിനുങ്ങിനു പകരം നീന്തിനടക്കുന്ന മിന്നാമിനുങ്ങ് ആണെന്നു മാത്രം. അന്റാര്‍ട്ടിക്കന്‍ സമുദ്രത്തില്‍ കാണപ്പെടുന്ന ഒരിനം ചെമ്മീനാണ് പ്രകാശം പുറപ്പെടുവിക്കുന്നത്. ജൈവദീപ്തി എന്ന പേര് മിന്നാമിനുങ്ങുമായി ബന്ധപ്പെട്ടാണ് നാം കൂടുതലും കേള്‍ക്കാറ്. പക്ഷേ ഈ പ്രതിഭാസം കാണിക്കുന്ന ജീവികള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് സമുദ്രത്തിലാണ്.
(അന്റാര്‍ട്ടിക്കന്‍ ചെമ്മീനിന്റെ കണ്ണ് - ഒരു മൈക്രോസ്കോപ്പിക്ക് ചിത്രം)
Euphausia superba എന്ന ശാസ്ത്രനാമമുള്ള ഇവ അന്റാര്‍ട്ടിക്ക് ചെമ്മീനുകള്‍ എന്നു വിളിക്കുന്നു. വലിയ സമൂഹമായിട്ടാണ് ഇവ കാണപ്പെടുന്നത്. ഒരു മീറ്റര്‍ ഉയരവും വീതിയും നീളവുമുള്ള സമുദ്രജലത്തില്‍ ചിലപ്പോള്‍ 10000 മുതല്‍ 30000 വരെ എണ്ണം ചെമ്മീനുകള്‍ കാണപ്പെട്ടേക്കാം. ആറുവര്‍ഷത്തോളം ജീവിതകാലമുള്ള ഈ ചെമ്മീനുകള്‍ക്ക് ആറു സെന്റീമീറ്ററോളം നീളവും 2 ഗ്രാം ഭാരവും ഉണ്ടായിരിക്കും. അന്റാര്‍ട്ടിക്കന്‍ ജൈവവ്യവസ്ഥയിലെ അതിപ്രധാനിയാണ് ഈ ചെമ്മീനുകള്‍. സൂര്യപ്രകാശത്തില്‍ നിന്നും ഊര്‍ജ്ജംസ്വീകരിക്കുന്ന സൂഷ്മസസ്യങ്ങളായ പ്ലാക്ടനുകളാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. അതായത് ഭക്ഷ്യശ്രംഘലയിലെ രണ്ടാമത്തെ കണ്ണിയായി അന്റാര്‍ട്ടിക്ക് ചെമ്മീനുകള്‍ മാറുന്നു. ഈ ചെമ്മീനുകളെ ആഹാരമാക്കിയാണ് അവിടത്തെ മറ്റ് പല ജലജീവികളുടേയും നിലനില്‍പ്പ്. എന്തിനേറെ ചില പക്ഷികള്‍ പോലും ഈ ചെമ്മീനുകളെ ആശ്രയിച്ച് നിലനില്‍ക്കുന്നുണ്ട്. ഈ ചെമ്മീന്‍ ഇല്ലാതായാല്‍ മറ്റ് നിരവധി സമുദ്രജീവികളും ഇല്ലാതാകും എന്ന് സാരം. പക്ഷേ ആഗോളതാപനത്തില്‍ ഈ ജീവവര്‍ഗ്ഗവും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് 80% വരെ ഇവയുടെ അളവില്‍ കുറവുണ്ടായതായി ചില ശാസ്ത്രജ്ഞര്‍ ഭയപ്പെടുന്നു.
(അന്റാര്‍ട്ടിക്കന്‍ ചെമ്മീന്‍ - ഇനിയുമെത്രനാള്‍..?)


Comments
Post a Comment