കൌതുകം തോന്നുന്നുണ്ടോ? ഉണ്ടാവും. കാരണം ലോകത്തില്‍ ഏറ്റവും എക്സൈറ്റഡ് ആയ രണ്ടു മേഖലകളാണ് ഉള്ളത്. ഒന്ന് പ്രപഞ്ചവിജ്ഞാനീയമാണ്. മറ്റൊന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന നിര്‍മ്മിതബുദ്ധിയും. എ.ഐ. എന്നാണ് ചുരുക്കപ്പേര്.
ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് വരുംകാല ലോകത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ പോകുന്ന സാങ്കേതികവിദ്യയാണ് എന്നതില്‍ ഒരു സംശയവും വേണ്ട.അത്തരം ഒരു AI പ്രോഗ്രാം നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്ന വര്‍ത്തമാനകാലത്തെക്കുറിച്ചാണ് മുരളി തുമ്മാരുകുടി അതില്‍ പറഞ്ഞിരിക്കുന്നത്.
ഇനി ഞാന്‍ പറയാനുദ്ദേശിച്ച കാര്യത്തിലേക്കു വരാം.
നമ്മളിറിയാതെതന്നെ നമ്മെ നിയന്ത്രിക്കുന്ന ഒട്ടേറെ കാര്യങ്ങള്‍ ചുറ്റുപാടിലും സംഭവിച്ചുകൊണ്ടേ ഇരിക്കുകയാണ്. നിങ്ങള്‍ ഉണരുന്നതു മുതല്‍ രാത്രി ഉറങ്ങി വീണ്ടും ഉണരുന്നതുവരെയുള്ള എല്ലാക്കാര്യങ്ങളും 'ആരെക്കയോ' എവിടെയൊക്കയോ ഇരുന്ന് കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്നത് ഞെട്ടിത്തെറിക്കേണ്ട ഒരു കാര്യമൊന്നുമല്ല. 'ആരൊക്ക'യോ എന്നത് മനുഷ്യരാവണം എന്നില്ല എന്നുമാത്രം. ഗൂഗിളിന്റെയും ഫേസ്‍ബുക്കിന്റെയും ആന്‍ഡ്രോയിഡ് ഫോണിലുള്ള ആപ്ലിക്കേഷനുകളുടെയും ഒക്കെ പ്രോഗ്രാമുകളായിരിക്കും ഈ ആരൊക്കെയോ.
കുറച്ചു നാളുകള്‍ക്കു മുന്‍പാണ് ഗൂഗിള്‍ മലയാളത്തിലെ വോയിസ് ടൈപ്പിങ് സംവിധാനം രംഗത്തിറക്കിയത്. കൈയക്ഷരം തിരിച്ചറിഞ്ഞ് ടൈപ്പിങ് നടത്തുന്ന സംവിധാനം ഇറങ്ങിയിട്ട് ഒരു വര്‍ഷത്തോളമാകുന്നു. ഇപ്പോള്‍ മിക്കവരും ഈ രണ്ടു സംവിധാനവും ഉപയോഗിച്ചാണ് ഫേസ്ബുക്കിലും ഗൂഗിളിലും എന്നുവേണ്ട സോഷ്യല്‍മീഡിയയിലും ഫോണിലും ഒക്കെ ടൈപ്പിങ്.
ഇതിനും അല്പം മുന്‍പ് ഫേസ്‍ബുക്കില്‍ ഉണ്ടായ ഒരു വിപ്ലവം ഓര്‍ക്കുന്നോ? ഇല്ലെങ്കില്‍ പറയാം. നിങ്ങള്‍ ഒരു ഗ്രൂപ്പ് ഫോട്ടോ ഫേസ്‍ബുക്കില്‍ അപ്‍ലോഡ് ചെയ്യുന്നു. ഉടന്‍ ഓരോ മുഖത്തിന്റെയും നേരെ വട്ടമിട്ട് ഇത് ഇന്നയാളല്ലേ എന്ന് ഒരു ചോദ്യമാണ് നമ്മുടെ ഫേസ്‍ബുക്ക്. ആണെങ്കില്‍ അവരെയൊക്കെ ടാഗു ചെയ്യട്ടേ എന്നും ചോദിക്കും. ഒരു കാര്യം ശ്രദ്ധിച്ചിരുന്നോ? ഈ സംവിധാനം ആദ്യം കൊണ്ടുവന്ന സമയത്ത് ഫേസ്‍ബുക്കിന് ഇഷ്ടംപോലെ തെറ്റുകള്‍ പറ്റുമായിരുന്നു. ജോസഫ് ആന്റണിയുടെ ഫോട്ടോ കണ്ടിട്ട് ഇത് സീമ ശ്രീലയമാണോ എന്ന് പണ്ട് ഫേസ്‍ബുക്ക് എന്നോടു ചോദിച്ചിട്ടുണ്ട്.
പക്ഷേ ഇപ്പോള്‍ ഫേസ്‍ബുക്കിന് അത്തരം തെറ്റുകള്‍ പറ്റുന്നത് വളരെ കുറവാണ്. എന്താ കാരണം? ഓരോ വ്യക്തിയുടെയും മുഖം തിരിച്ചറിയാന്‍ നിങ്ങള്‍ തന്നെ ഫേസ്‍ബുക്കിനെ സഹായിച്ചിരിക്കുന്നു.
അതായത് ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ നില്‍ക്കുന്നത് ആര് എന്ന് തിരിച്ചറിയാന്‍ ഫേസ്‍ബുക്കിലെ അല്‍ഗോരിതത്തിനു സാധിക്കുന്നു എന്നര്‍ത്ഥം. മാത്രമല്ല നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ഗോരിതങ്ങളിലൂടെ ഇവയുടെ വിശകലനം നമ്മുടെ പല സവിശേഷതളും പറഞ്ഞുതരും.
ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ചൈനയെക്കാള്‍ വലിയ രാജ്യമാണ് ഫേസ്‍ബുക്ക് എന്നു പറയാറുണ്ട്. കാരണം ഇരുന്നൂറുകോടി ആളുകളുടെ അക്കൌണ്ടുകളുണ്ടത്രേ ഫേസ്‍ബുക്കില്‍! ചെറിയ ഒരു ശതമാനം ഒഴിച്ച് ബാക്കിയെല്ലാ യൂസര്‍മാരും അവരുടെ ഫോട്ടോകളും അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോട്ടോകള്‍ ഫേസ്‍ബുക്കില്‍ അപ്‍ലോഡ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. ഫേസ്‍ബുക്കില്‍ ഇല്ലാത്ത ആളുകളെപ്പോലും നമ്മള് അവരുടെ പേരുവച്ച് ടാഗ് ചെയ്യാറുമുണ്ട്. അതായത് അവരെയെല്ലാം ഫേസ്‍ബുക്കിന് തിരിച്ചറിയാന്‍ കഴിയും.
ഇതുവച്ച് ഇനിയൊരു കൌതുകക്കാര്യം. നിങ്ങളുടെ കടയില്‍ ഒരു കള്ളന്‍ കയറി. സിസിടിവിയില്‍ അയാളുടെ ചിത്രം പതിഞ്ഞു. ഇനിയയാളെ തിരിച്ചറിയാന്‍ ചിലപ്പോള്‍ പോലീസില്‍പ്പോലും പോകേണ്ടി വന്നേക്കില്ല. വെറുതേ ആ ഫോട്ടോ ഒന്ന് ഫേസ്‍ബുക്കില്‍ അപ്‍ലോഡ് ചെയ്തുനോക്കൂ. മിക്കവാറും ഫേസ്‍ബുക്ക് പറഞ്ഞുതരും, ഇത് വെങ്ങോലയിലെ ജോസഫുചേട്ടന്റെ മകന്‍ മാധവനല്ലേ എന്ന്! കുറച്ചുവര്‍ഷങ്ങള്‍കൂടി കഴിഞ്ഞാല്‍ പോലീസ് സംവിധാനങ്ങളെല്ലാം ഫേസ്‍ബുക്കിലൂടെയൊക്കെയാവും കേസന്വേഷണം!
ഫേസ്‍ബുക്ക് ഒരു മനുഷ്യനായിരുന്നെങ്കില്‍ വെറുതേ വഴിയിലൂടെ നടന്നുപോയാല്‍ മതി. ആരെക്കണ്ടാലും അയാള്‍ ഓടിവന്ന് നിങ്ങളുടെ പേരൊക്കെ പറഞ്ഞ് വീട്ടുകാര്യവും കൂട്ടുകാര്യവും ഒക്കെ ചോദിച്ച് കുശലം പറഞ്ഞേനെ!
അപ്പോള്‍ ഫേസ്‍ബുക്കിലെ AI നിങ്ങളെ എവിടെവച്ചു കണ്ടാലും തിരിച്ചറിയും എന്നു ബോധ്യപ്പെട്ടല്ലോ. നിങ്ങളായിട്ടുതന്നെ നിങ്ങളുടെ മറ്റു വിവരങ്ങളെല്ലാം ഫേസ്‍ബുക്കിന് കൈമാറിയിട്ടും ഉണ്ട്. അതിനാല്‍ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു വലിയ ഭാഗം ഇപ്പോള്‍ ഫേസ്‍ബുക്കിന്റെ കൈയില്‍ ഉണ്ട്.
ഇനി നമുക്ക് ഗൂഗിളിലേക്കു വരാം! വ്യക്തികളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നതില്‍ ഗൂഗിളിനോളം മിടക്ക് ചിലപ്പോ മറ്റാര്‍ക്കും ഉണ്ടാവില്ല! ആന്‍ഡ്രോയിഡ് ഫോണിന്റെ വരവോടെ നിങ്ങളെക്കുറിച്ചുള്ള ഒരുവിധം എല്ലാ വിവരവും ഗൂഗിളിന് കിട്ടിക്കഴിഞ്ഞിട്ടുണ്ട്. എന്തിനേറെ ആന്‍ഡ്രോയിഡ് ഫോണിലെ ഉപയോഗരീതികളിലൂടെ നിങ്ങളുടെ സ്വഭാവസവിശേഷതകള്‍വരെ ഇപ്പോ ഗൂഗിളിന്റെ പക്കലുണ്ടാവും!
അങ്ങനെയിരിക്കുമ്പോഴാണ് നിങ്ങളുടെ കൈയക്ഷരം തിരച്ചറിഞ്ഞ് ടൈപ്പു ചെയ്യുന്ന സംവിധാനം വരുന്നത്. ആ ആപ്ലിക്കേഷനിലും ഉപയോഗിക്കുന്നത് നിര്‍മ്മിതബുദ്ധി തന്നെ! അതായത് നിങ്ങള്‍ എത്ര അധികം ഗൂഗിളിലേക്ക് എഴുതിക്കൊടുക്കുന്നോ അത്രയുമധികം നിങ്ങളുടെ കൈയക്ഷരം ഗൂഗിള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവും. കുറെക്കാലം കൂടി കഴിഞ്ഞാല്‍ പഴയ ഒരു നോട്ടുപുസ്തകത്തിന്റെ പേജ് ഫോണില്‍ ഒന്നു സ്കാന്‍ ചെയ്താല്‍ ഉടന്‍ ഗൂഗിള്‍ പറയും, ഇത് ഇന്നയാളുടെ ബുക്കല്ലേ എന്ന്!
അങ്ങനെ കൈയക്ഷരം പഠിച്ചോണ്ടിരിക്കണ സമയത്താണ് വോയിസ് ടൈപ്പിങ് സംവിധാനം വരുന്നത്. അതില്‍നിന്നും ഗൂഗിളിന്റെ പ്രോഗ്രാം എന്താവും പഠിച്ചെടുത്തിട്ടുണ്ടാവുക എന്നത് മനസ്സിലായിക്കാണുമല്ലോ! ആരുടെയെങ്കിലും ശബ്ദം കേട്ടാല്‍ അത് ഇന്നയാളാണ് എന്ന് തിരിച്ചറിയാന്‍ ഇനി ഗൂഗിളിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല!
ഇനി മറ്റൊരു കാര്യം. സിസിടിവി ക്യാമറകള്‍ ഇല്ലാത്ത ഇടങ്ങള്‍ ഇപ്പോള്‍ വളരെ വിരളമാണ്. റോഡിലും കടകളിലും മാര്‍ക്കറ്റിലും ബസ്സിലും എന്നുവേണ്ടാ, മൂത്രപ്പുരകളുടെ പുറത്തുവരെ സിസിടിവി ക്യാമറകള്‍ കാണാം. നിങ്ങള്‍ വീട്ടില്‍നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ മുതല്‍ നിങ്ങളുടെ നിരവധി നിരവധി ചിത്രങ്ങളും വീഡിയോകളും ആനേകമനേകം ഹാര്‍ഡ്‍ഡിസ്കുകളില്‍ ശേഖരിക്കപ്പെടുന്നുണ്ട്. നിലവില്‍ അതത് കടകളുടെയും ട്രാഫിക് സ്റ്റേഷനുകളുടെയുമെല്ലാം സ്വന്തം ഹാര്‍ഡ്‍ഡിസ്കിലാണ് ഇവ ശേഖരിക്കപ്പെടുന്നത്. പക്ഷേ നാളെ ഗൂഗിളോ ഫേസ്‍ബുക്കോ ഒക്കെ സൌജന്യമായി തരുന്ന ക്ലൌഡ്സ്റ്റോറേജുകളിലേക്കാവും ഇവ ശേഖരിക്കപ്പെടുക. അതിവേഗ ഇന്റര്‍നെറ്റിന്റെ വ്യാപനം ഇത് വളരെ എളുപ്പമാക്കിത്തീര്‍ക്കും എന്നതില്‍ സംശയമൊന്നുമില്ല. അതോടെ നിങ്ങളെ പരിപൂര്‍ണ്ണമായും നിരീക്ഷിക്കാന്‍ ഗൂഗിളിനും ഫേസ്‍ബുക്കിനും ഒക്കെ സാധിക്കും!
കഴിഞ്ഞില്ല. മൊബൈല്‍ഫോണുകള്‍ നമ്മളുടെ സന്തതസഹചാരികളാണ്. ഗൂഗിള്‍പോലുള്ള ഒരു സംവിധാനം മനപ്പൂര്‍വ്വം വിചാരിച്ചാല്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ നിങ്ങളറിയാതെ ഓണാക്കാന്‍ വലിയ ബുദ്ധിമുട്ട് ഒന്നുമുണ്ടാവില്ല! മൈക്രോഫോണ്‍ ഓണാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഫിംഗര്‍പ്രിന്റ് സ്കാനറിലൂടെ നിങ്ങളുടെ ഫിംഗര്‍പ്രിന്റ് എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
അതായത് നമ്മുടെ സ്വകാര്യത ഇത്തരം വലിയ കമ്പനികളുടെ കൈയില്‍ പരിപൂര്‍ണ്ണമായും അടിയറ വയ്ക്കാന്‍ അധികകാലം വേണ്ടിവരില്ല എന്ന്.
ഗൂഗിളും ഫേസ്‍ബുക്കും പരിസ്പരം ലയിച്ചാലോ? നിങ്ങള്‍ എന്തു ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് പിന്നീട് ആ വലിയ കമ്പനിയുടെ ബൃഹത്തായ പ്രോഗ്രാം ആയിരിക്കും!
Comments
Post a Comment