Saturday, May 29, 2010

ഫോണ്‍ വിളിക്കാന്‍ അയിഷ റെഡിയാണ്...

അയിഷയുടെ ഫോണ്‍യന്ത്രം

അയിഷയുടേയും കൂട്ടുകാരന്‍ ബാബുവിന്റേയും വരവു കണ്ടാലറിയാം ഇന്നും എന്തിനോ ഉള്ള പുറപ്പാടാണെന്ന്. വന്ന വഴി അവര്‍ പുറത്തെടുത്തത് രണ്ട് സ്പീക്കറുകളായിരുന്നു. "ഇതെവിടുന്നാ ഈ സ്പീക്കറുകള്‍?" അമ്മയാണ് ആദ്യം ചോദിച്ചത്. "പഴയ നമ്മുടെ ടേപ്പ് റെക്കോര്‍ഡര്‍ നന്നാക്കാന്‍ കൊടുത്തിരുന്നില്ലേ, നിഷച്ചേച്ചിയുടെ കയ്യില്‍. അതിനി ശരിയാവില്ല എന്നു പറഞ്ഞു. അതിന്റെ സ്പീക്കര്‍ രണ്ടെണ്ണവും ഞങ്ങള്‍ ചേച്ചിയെക്കൊണ്ട് ഊരിയെടുപ്പിച്ചതാ". "അതിരിക്കട്ടെ ഇനി എന്താ ഇതുവച്ചുള്ള പരിപാടി?" ദോശയുടെ ചട്ടുകവും പിടിച്ച് അച്ഛന്റെ ചോദ്യം. "ഞാന്‍ ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഫോണ്‍ കാശ് കൂടും ഫോണ്‍ കാശ് കൂടും എന്നും പറഞ്ഞ് സമ്മതിക്കാറില്ലല്ലോ.. ഇനി നോക്കിക്കോ ഞങ്ങള്‍ ഇതും വച്ച് ഫോണുണ്ടാക്കാന്‍ പോകുവാ." കുട്ടിത്തത്വത്തിന്റെ വാശിയോടുകൂടി തന്നെ അയിഷ പറഞ്ഞു. പരസ്പരം നോക്കി പുഞ്ചിരിച്ച് , ഫോണ്‍ ഉണ്ടാക്കിക്കഴിയുമ്പോ വിളിക്കണേ എന്നും പറഞ്ഞ് അമ്മയും അച്ഛനും അടുക്കളയിലേക്ക് നടന്നു. ബാബുവും അയിഷയും കൂടി തങ്ങളുടെ പണിയാരംഭിച്ചു. അതു വരെ അവിടെ കളിച്ചു കൊണ്ടിരുന്ന കുഞ്ഞനിയന്‍ എന്തൊക്കയോ സംഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കി പതിയേ കൌതുകത്തോടെ അവരുടെ പ്രവൃത്തികള്‍ നിരീക്ഷിക്കാന്‍ തുടങ്ങി. അകത്തെ മുറിയില്‍പ്പോയി തന്റെ പെട്ടിയില്‍ നിന്ന് അല്പം നീളമുള്ള രണ്ടു വയറും എടുത്ത് അയിഷ തിരിച്ചുവന്നു. ബാബു ശ്രദ്ധാപൂര്‍വ്വം വയറുകള്‍ ഉപയോഗിച്ച് സ്പീക്കറുകളെ പരസ്പരം കണക്റ്റ് ചെയ്തു. ഒരു സ്പീക്കറുമായി അയിഷയും മറ്റേതുമായി ബാബുവും രണ്ടു മുറികളിലേക്ക് പോയി നിന്നു. ബാബു സ്പീക്കര്‍ വായോട് ചേര്‍ത്ത് വച്ച് "ഹലോ കേള്‍ക്കുന്നുണ്ടോ" എന്നൊരു ചോദ്യം. അയിഷ സ്പീക്കര്‍ ചെവിയോട് ചേര്‍ത്ത് വച്ചിരിക്കുകയായിരുന്നു. "ഹേയ് കേള്‍ക്കുന്നുണ്ടേ.. ഫോണ്‍ ശരിയായേ... " അവളുടെ ആഹ്ലാദം അല്പം ഉറക്കെത്തന്നെയാണ് പുറത്തുവന്നത്. ഇത്രയുമായപ്പോഴേക്കും അമ്മയും അച്ഛനും അവരുടെ സൂത്രം കാണാന്‍ അരികിലെത്തി. പരസ്പരം സംസാരിച്ചുനോക്കിയ ശേഷം അമ്മ പറഞ്ഞു "ഇതു കൊള്ളാല്ലോ.. ഓരോരോ സൂത്രങ്ങളേ.." "മിടുമിടുക്കര്‍ " അച്ഛനും അവരെ അഭിനന്ദിക്കാതിരിക്കാനായില്ല. അനിയനേയും അമ്മയേയും അച്ഛനേയും ഒക്കെ കേള്‍പ്പിച്ച് കുറേ നേരം 'ഫോണില്‍' സംസാരിച്ചിട്ടും തീരാത്ത കൌതുകം ദോശയുടെ മണമടിച്ചതോടെയാണ് അയിഷ അവസാനിപ്പിച്ചത്. സ്പീക്കറുകള്‍ താഴെവച്ച് ബാബുവിനേയും കൂട്ടി അയിഷ അടുക്കളയിലേക്കോടി. വിശപ്പും തീര്‍ത്ത് അനിയനായി രണ്ട് ദോശയുമെടുത്താണ് ബാബുവും അയിഷയും പൂമുഖത്തേക്ക് തിരിച്ചു വന്നത്. പക്ഷേ സ്പീക്കറുകള്‍ കൊണ്ട് ഇലത്താളം കൊട്ടുന്ന അനിയനെ കണ്ട് അന്തം വിട്ടു നില്‍ക്കാനേ ഇരുവര്‍ക്കും കഴിഞ്ഞുള്ളൂ..


അയിഷയുടെ പഴയ ചില കുസൃതികള്‍
http://kizhakkunokkiyandram.blogspot.com/2007/11/blog-post_12.html
http://kizhakkunokkiyandram.blogspot.com/2008/10/blog-post_23.html
(താത്പര്യമുള്ളവര്‍ക്ക് ഒരു രേഖാചിത്രം)

20 comments:

വരയും വരിയും : സിബു നൂറനാട് said...

തീപ്പെട്ടി കൂട് വിദ്യ അല്ലെ..??

ടോട്ടോചാന്‍ (edukeralam) said...

അയ്യോ അല്ല.. അതെല്ലാം പഴയതായിപ്പോയില്ലേ....

നിധിന്‍ ജോസ് said...

ടോട്ടോച്ചാന്‍ സ്വന്തം കൈകൊണ്ട് ഉണ്ടാക്കിയ ഈ യന്ത്രം ഞാന്‍ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്.... കൊള്ളാം.... വൈദ്യുത കാന്തിക പ്രേരണം പഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാവുന്നു ഒന്നാതരമൊരു പഠനോപകരണം....

mini//മിനി said...

യന്ത്രങ്ങൾ നന്നായി, ഒന്ന് പരീക്ഷിക്കട്ടെ.

ടോട്ടോചാന്‍ (edukeralam) said...

നിധിന്‍, മിനി, നന്ദി...
തീര്‍ച്ചയായും വൈദ്യുതകാന്തിക പ്രേരണം പഠിപ്പിക്കാന്‍ ഇത് നല്ലതാണ്. 6 ലോ 7 ലോ പഠിക്കുമ്പോഴാണ് ഇത് പരീക്ഷിച്ച് നോക്കിയത്. പിന്നീട് ബി.എഡിന് പഠിക്കുമ്പോഴും ഇതുണ്ടാക്കി..
മൈക്രോഫോണിന് പകരമായി സ്പീക്കര്‍ ഉപയോഗിക്കാം എന്നതും അനുഭവിച്ചറിഞ്ഞിരുന്നു ഒരിക്കല്‍..
എഴുത്തിന് പ്രേരണയായതും അതു തന്നെ...

കാഴ്ചകൾ said...

തീപ്പെട്ടിക്കൂട് പരീക്ഷിച്ചിട്ടുണ്ട്. സ്പീക്കര്‍ കൊണ്ടും സാധിക്കുമെന്ന് ഇപ്പോഴാണ്‌ മനസ്സിലായത്‌. നന്ദി.

കൂതറHashimܓ said...

ആഹാ, നല്ല പിള്ളേര്‍
പണ്ട് കാന്തം കിട്ടാന്‍ വേണ്ടി വീട്ടിലുള്ള സ്പീക്കര്‍ രണ്ടെണ്ണം ഞാന്‍ കേടുവരുത്തിയതാ.. :)

കാക്കര - kaakkara said...

ഈ പഠനരീതിയും നന്നായി...

ടോട്ടോചാന്‍ (edukeralam) said...

കാഴ്ചകള്‍, കൂതറ, കാക്കര,
നന്ദി.....

അനില്‍@ബ്ലൊഗ് said...

ടോട്ടോചാന്‍,
ഇത് പ്രവര്‍ത്തിപ്പിച്ച് നോക്കിയോ?
എത്ര ദൂരം വയര്‍ എടുത്തു?

ടോട്ടോചാന്‍ (edukeralam) said...

അനില്‍,

20 മീറ്റര്‍ നീളമുള്ള വയര്‍ (വീടിന് പുറത്ത് ബള്‍ബിടാന്‍ മേടിച്ചത്) ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. നന്നായി തന്നെ പ്രവര്‍ത്തിച്ചു. വര്‍ഷങ്ങള്‍ പലതായി കേട്ടോ..!
അന്ന് 8 രൂപയാണ് ഒരു സ്പീക്കറിന് വില (10-12സെ.മീ വ്യാസം ഉള്ളത്)

ശാന്ത കാവുമ്പായി said...

അപ്പോള്‍ ഫോണ്‍ ബില്ല് കുറക്കാമല്ലേ.പിന്നെ ദോശ ചുട്ട് മക്കളെ ഊട്ടുന്ന അച്ഛനേയും ഇഷ്ടമായി.

മണി said...

അനിൽ, ടോട്ടാചാൻ,
ഈ തത്വം ഉപയോഗിച്ചുള്ള കമ്യൂണിക്കേഷൻ വ്യാവസായികമായിത്തന്നെ വളരെ പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു. ഇലക്ട്രിസിറ്റി വേണ്ട എന്നതാണ് ഗുണം. തമ്മിൽ ബന്ധിപ്പിക്കുന്ന കേബിളുകൾ നല്ലതാണെങ്കിൽ കിലോ‍മീറ്ററുകളോളം ദൂരത്തിൽ പ്രവർത്തിക്കും സ്പീക്കറുകൾക്കു പകരം ടെലിഫോണിലുള്ള ഇയർ പീസ് ഉപയോഗിച്ചാൽ നല്ല വ്യക്തതയും കിട്ടും.

ഓ.ടി: ഈ വേർഡ് വെരിഫികേഷൻ എട്ടുത്തു കളയുകയോ അല്ലെങ്കിൽ അത് മലയാളത്തിൽ ആക്കുകയോ ചെയ്യാമോ?

കാക്കര - kaakkara said...

ഈ തത്വമല്ലേ ഒരു ട്രൻസ്ഫോർമറിന്‌ കീഴിൽ വരുന്ന വൈദ്യുത കേബിളിൽ എവിടെയും കണക്റ്റ്‌ ചെയ്ത്‌ വിളിക്കാവുന്ന ഫോണുകളിൽ ഉപയോഗിക്കുന്നത്‌...

ഇന്റർകോമിന്റെയും തത്വം...

അനില്‍@ബ്ലൊഗ് said...

മണിസാര്‍,
ഇത്ര ചെറിയ(മൗത്ത് പീസായി ഉപയോഗിക്കുന്ന സ്പീക്കറിന്റെ കോയിലില്‍ ഉണ്ടാവാവുന്ന)വൈദ്യുതിയില്‍ മറ്റേ സ്പീക്കറില്‍ നിന്ന് ഓഡിയബിളായ ശബ്ദം ഉണ്ടാവുമോ‌ എന്ന് സംശയിച്ചു സംശയമല്ല ഞാന്‍ പണ്ട് ഉണ്ടാക്കിയ സാധനം വര്‍ക്ക് ചെയ്തില്ല. പിന്നീട് ക്രിസ്റ്റല്‍ റേഡിയോ‌ ഉണ്ടാക്കാന്‍ കൊണ്ടുവന്ന ടെലിഫോണ്‍ ഇയര്‍ പീസാണ് വര്‍ക്ക് ചെയ്തത്.

അനില്‍@ബ്ലൊഗ് said...

കാക്കരെ ..............
എന്നെ കൊല്ല് !
:)

ടോട്ടോചാന്‍ (edukeralam) said...

ശാന്ത, മണി, കാക്കര നന്ദി...
ഫോണ്‍ബില്ല് കുറഞ്ഞില്ലേലും അച്ഛന്‍ അടുക്കളയില്‍ ഒന്നു കയറട്ടേന്നേ.... കാലം മാറുന്നു..
മണി, വിവരത്തിന് നന്ദി കേട്ടോ.. ഒരു സംശയം ഈ അറ്റത്തു നിന്നും വിളിക്കുന്നു എന്നത് എങ്ങിനെ അപ്പുറത്തറിയും? അതിന് മാത്രം വൈദ്യുതി ഉപയോഗിക്കുകയാണോ പതിവ്?

പിന്നെ ഓ.ടോ. ആദ്യം ഇത് ഒഴിവാക്കിയിരുന്നതാണ്. പക്ഷേ അപ്പോഴേക്കും സ്പാം ശല്യമായി. ജപ്പാനില്‍ നിന്നും ചെനയില്‍ നിന്നും വരെ പോസ്റ്റ് നന്നായി എന്നു പറഞ്ഞ് കീഴെ പരസ്യം വന്നു. അപ്പോള്‍ തിരിച്ചിറക്കിയതാ ഈ വേ.വെ.

കാക്കര,
അതും ഇതും ഒന്നല്ല എന്നാണ് എന്റെ പരിമിതമായ അറിവ്. അറിവുള്ളവര്‍ പറയട്ടെ...

അനില്‍,
ഈ പരീക്ഷണം എന്തായാലും വിജയിക്കും. അല്പം വാവട്ടം കൂടിയ സ്പീക്കറാണെങ്കില്‍ മികച്ച പ്രകടനം പ്രതീക്ഷിക്കാം..

എല്ലാവര്‍ക്കും നന്ദി..

മണി said...

അനിൽ,
ഈ സംവിധാനത്തിന്റെ ഏറ്റവും പ്രധാനമായ സംഗതി ശബ്ദോർജത്തെ ഏറ്റവും കൂടിയ ദക്ഷത (efficiency) യോടെ വൈദ്യുതോർജമാക്കി മാറ്റുകയും, തിരിച്ച് ഈ വൈദ്യുതോർജത്തെ കൂടിയ ദക്ഷതയിൽ ശബ്ദോർജമാക്കി മാറ്റുകയും വേണമെന്നതാണ്. സധാരണ ലൌഡ് സ്പീക്കറുകൾ ഒരു വിധം നന്നായി വൈദ്യുതിയെ ശബ്ദം ആക്കി മാറ്റുമെങ്കിലും, തിരിച്ച് ശബ്ദത്തെ വൈദ്യുതി ആക്കി മാറ്റുമ്പോൾ ദക്ഷത ക്കുറവു സംഭവിക്കും. എന്നാൽ സ്പീക്കറിന്റെ വായ വലുതായതിനാൽ കൂടുതൽ ശബ്ദോർജം പിടിച്ചെടുത്ത് വൈദ്യുതിആക്കി മാറ്റാൻ കഴിയും. പക്ഷെ വലിയ സ്പീക്കറിന്റെ സംവേദനക്ഷമത (SENSITIVITY) കുറവായതിനാൽ രണ്ടിടത്തും ഒരേ വലിപ്പത്തിലുള്ള സ്പീക്കർ കൊണ്ട് വലിയ ഗുണമൊന്നും കിട്ടില്ല. സംസാരം പിടിച്ചെടുക്കുന്ന അറ്റത്ത് ഒരു വലിയ സ്പീക്കറും, ശബ്ദം കേൾപ്പിക്കേണ്ടിടത്ത് ചെറിയ സ്പീക്കറുമണെങ്കിൽ കുറച്ച് കൂടി നന്നായി പ്രവർത്തിക്കും.
ഇനി ടെലിഫോൺ ഇയർ പീസിന്റെ കാര്യം. നിർമാണരീതിയുടെ പ്രത്യേകതയും,ശക്തമായ കാന്തവും ഉള്ളതു കൊണ്ട് ടെലിഫോൺ ഇയർ പീസിനു വളരെ കൂടിയ സംവേദനക്ഷമതയും, ദക്ഷതയും ഉണ്ട്. അതിനാൽ വലിപ്പം കുറവാണെങ്കിലും, നന്നായി പ്രവർത്തിക്കും. ഒരു കടലാസു കുമ്പിൾ ഉപയോഗിച്ച് ശബ്ദത്തെ “ആവാഹിച്ച്“ ഇയർ ഫോണിലേക്ക് കൊടുത്താൽ കൂടുതൽ നന്നായി പ്രവർത്തിക്കും.
അനിൽ പണ്ട് ചെയ്തപ്പോൾ പ്രവർത്തിക്കാതിരുന്നതിന് വേറെ എന്തങ്കിലും കാരണം കാണും. (ഇപ്പോഴത്തെ ഇലക്ട്രോണിക്ക് പുഷ് ബട്ടൺ ടെലിഫോണിന്റെ ഇയർപീസ് ഈ ആവശ്യത്തിനു പറ്റില്ല കേട്ടോ)

ടോട്ടോചാൻ,
ഇത്തരം സംവിധാനത്തിനു സിഗ്നലിംഗ് ആവശ്യമാണ്. അതിനു കയ്യ് കൊണ്ട് കറക്കി വൈദ്യുതി ഉണ്ടാക്കുന്ന ഒരു ചെറിയ ജനറേറ്റർ ഓരോ ഫോണിനകത്തും കാണും. ഈ ജനറേറ്റർ ഉത്പാദിപ്പിക്കുന്ന വൈദ്യുതി (എ സി) കമ്പികളിലൂടൊഴുകി മറ്റെ അറ്റത്തുള്ള ഫോൺ മണി അടിപ്പിക്കുകയോ അല്ലെങ്കിൽ അതിന്റെ ഇയർപീസിൽ കൊടുത്ത് ഉച്ചത്തിലുള്ള ശബ്ദമാ‍ക്കി മാറ്റുകയോ ചെയ്യാം.
പിന്നെ ഒരു അനുഭവം കൂടി:
ഇടുക്കി ഡാം പണിയുടെ കരാർ ഹിന്ദുസ്ഥാൻ കൺസ്ട്രക്കഷൻ കമ്പനി ആണ് ഏറ്റടുത്ത് ചെയ്തത്. അന്ന് സൈറ്റിലെ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുടെ ചുമതല ലാൽ സിംഗ് എന്ന ആൾക്കായിരുന്നു. ഒരു ടെലിഫോൺ മെക്കാനിക്കായിരുന്ന ഞാൻ അദ്ദേഹവുമായി നല്ല അടുപ്പമായിരുന്നു (ഔദ്യോഗികമായും വ്യക്തിപരമായും). ഡാം വാർക്കുന്നതിനുള്ള സാധനങ്ങൾ വളരെ നീളമുള്ള കൺവെയർ ബൽറ്റ് വഴി ഡാം സൈറ്റിലെത്തിക്കുന്ന പണിക്ക് സഹായകമായി നല്ല ഒരു കമ്മ്യൂണിക്കേഷൻ സംവിധാനമാണു അദ്ദേഹം ഉണ്ടാക്കിയത്. ഇടയ്ക്കിടെയുള്ള മോണിട്ടറിങ് സ്റ്റേഷനുകൾ തമ്മിൽ ബന്ധിപ്പിച്ച് അദ്ദേഹം ഒരു ജോഡി കമ്പി വലിക്കുകയും ഈ കമ്പികളിൽ ഓരോ സ്റ്റേഷനുകളിലും ഓരോ ടെലിഫോൺ ഇയർ പീസുകൾഘടിപ്പിക്കുകയും ചെയ്തു. അതായത് എല്ലാ ഇയർ പീസുകളൂം പാരലലായി വയർ ചെയ്തു. ആരെങ്കിലും ഒരാൾ ഇയർ ഫോണിലൂടെ സംസാരിച്ചാൽ മറ്റുള്ളവർക്കൊക്കെ കേൾക്കാം എന്നതായിരുന്നു അതിന്റെ പ്രത്യേകത. ഒരു ഇയർഫോൺ കോയിലിൽ ഉളവാക്കപ്പെടുന്ന വൈദ്യുതിയാൽ ഒട്ടേറെ ഇയർ ഫോൺ ഒരുമിച്ച് പ്രവർത്തിക്കില്ല എന്ന് ഞാൻ സന്ദേഹപ്പെട്ടപ്പോൾ അദ്ദേഹം സൈറ്റിൽ പോയി ഈ സംവിധാനമെന്നെ നേരിൽ കാണിച്ചു തന്നു. വളരെ ഉറക്കെ സംസാരിക്കണം എന്നതായിരുന്നു അതിന്റെ ന്യൂനത.
ലാൽ സിംഗിനെ അനുസ്മരിക്കാൻ അവസരം ഒരുക്കി ഈ പോസ്റ്റ്. നന്ദി, ടോട്ടോചാൻ.

അനില്‍@ബ്ലൊഗ് said...

മണീ സാറിന് നന്ദി.
ഈ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ താങ്കളുടെ അഭിപ്രായം ചോദിക്കണം എന്ന് കരുതിയതായിരുന്നു.

ടോട്ടോചാന്‍ (edukeralam) said...

മണി, സിഗ്നലിംഗ് സംവിധാനത്തെക്കുറിച്ച് അറിവ് പങ്കുവച്ചതിന് നന്ദി.....