ചൊവ്വയുടെ സ്വപ്നങ്ങളിലേക്ക് മറ്റൊരു എത്തിനോട്ടത്തിന് നാം വീണ്ടും സാക്ഷ്യം വഹിച്ചിരിക്കുന്നു. ഭൂമിക്ക് പുറത്ത് ജീവനെ തേടിയുള്ള യാത്ര തുടങ്ങിയിട്ട് നാളേറെയായി.മനുഷ്യപുരോഗതിയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഈ അന്വേഷണങ്ങള്‍ക്ക്. സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും തന്ന ശുഭാപ്തിവിശ്വാസം ബഹിരാകാശ ഏജന്‍സിയായ നാസയെ ഫീനിക്സ് എന്ന പുതിയ ഉദ്യമത്തിലേക്ക് എത്തിക്കുകയായിരുന്നു.

2008 മേയ് 25 ന് (4:53:44 p.m. Pacific Time) ഫീനിക്സ് എന്ന അന്വേഷണ വാഹനം ചൊവ്വയുടെ ഉത്തരധ്രുവ്വത്തില്‍ സുരക്ഷിതമായി ഇറങ്ങി. അടുത്ത 3 മാസക്കാലം ഫീനിക്സ് ചൊവ്വയില്‍ ജലത്തിനും ജീവനും വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കും. ഫീനിക്സ് ചൊവ്വയിലിറങ്ങി 15 മിനിട്ടുകള്‍ക്ക് ശേഷമാണ് ആദ്യ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കാരണമാണ് ഈ സമയ വ്യത്യാസം.