അപൂര്‍വമായ ശുക്രസംതരണം എല്ലാവര്‍ക്കും വിസ്മയമായി മാറി. രാവിലെ സൂര്യനുദിച്ചപ്പോള്‍ മുതല്‍ സൂര്യബിംബത്തില്‍ ഒരു കറുത്ത പൊട്ടായി ശുക്രനും ഉണ്ടായിരുന്നു. സൂര്യബിംബത്തിലേക്ക് ശുക്രന്‍ കടക്കുന്നതു കാണാനുള്ള അവസരം നമുക്കാര്‍ക്കും ഉണ്ടായിരുന്നില്ല. തിരുവനന്തപുരം പ്ലാനറ്റോറിയത്തില്‍ ശുക്രസംതരണം വീക്ഷിക്കുവാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. രാവിലെ മഴമേഘങ്ങള്‍ ചതിക്കുമോ എന്നായിരുന്നു പേടി. പേടി അസ്ഥാനത്തായില്ല. കാണാന്‍ പോകാനായി ഇറങ്ങിയപ്പോള്‍ തന്നെ മഴ! മഴമാറിയപ്പോള്‍ തന്നെ സൂര്യന്‍ മേഘങ്ങളില്‍ നിന്ന് വിടുതല്‍ നേടി പ്രത്യക്ഷമായി. അല്പനേരം വീക്ഷിച്ചപ്പോഴേക്കും വീണ്ടും മേഘങ്ങളുടെ ശല്യം. പക്ഷേ അതിനു ശേഷം 7.30 മുതല്‍ 8.45 വരെ വലിയ ശല്യം ഉണ്ടായില്ല. പ്ലാനറ്റോറിയത്തിന്റെ മുറ്റത്തൊരുക്കിയ രണ്ട് പ്രതിഫലനടെലിസ്കോപ്പുകളില്‍ നിന്നും വെളുത്ത പ്രതലത്തിലേക്ക് സൂര്യന്റെ പ്രതിബിംബത്തിന്റെ പ്രൊജക്ഷന്‍. വളരെ ആസ്വദിച്ച് ആവേശത്തോടെ അവിടെ കൂടിയിരുന്ന എല്ലാവരും സൂര്യബിംബത്തിനു മുന്നിലൂടെയുള്ള ശുക്രന്റെ യാത്ര ആസ്വദിച്ചു. സംതരണത്തിന്റെ അവസാനഭാഗങ്ങള്‍ കാണാന്‍ മണ്‍സൂണ്‍ മേഘങ്ങള്‍ അനുവദിച്ചില്ല. 10.20 ഓടെ ശുക്രസംതരണം അവസാനിച്ചു. ഇനി 105 വര്‍ഷങ്ങള്‍ക്കു ശേഷം ശുക്രസംതരണം വീണ്ടും കാണാമെന്ന പ്രതീക്ഷ!യോടെ എല്ലാവരും അവരവരുടെ സങ്കേതങ്ങളിലേക്ക്....
2 comments:
ഒരു സംശയം ചോദിച്ചോട്ടേ, മേഘങ്ങള്‍ മാറിയ ഒരു മിനിറ്റിടവേളയില് കണ്ടത് ശുക്രനെത്തന്നെയോ എന്നറിയാനായിട്ടാ.. ആ പൊട്ട് സൂര്യബിംബത്തിന്റെ മുകളിലത്തെ പാതിയിലായിട്ടാ കണ്ടത്. പക്ഷേ പത്രത്തില്‍ കണ്ട പല ചിത്രങ്ങളിലും അത് താഴെയായിരുന്നു.. ടെലിസ്കോപ്പ് പ്രതിബിംബത്തില്‍ നിന്നെടുത്ത ഫോട്ടോയില്‍ അത് തലതിരിഞ്ഞതാണെന്ന് വിശ്വസിച്ചോട്ടേ?
സൂര്യന്റെ ഫോട്ടോ മാത്രം എടുക്കുമ്പോള്‍ അതിന് മുകള്‍, താഴെ എന്നൊക്കെ വല്യപരിഗണന സാധാരണക്കാര്‍ കൊടുക്കാറില്ല. സൂര്യന്റെ മുകള്‍ഭാഗത്തായാണ് ഞാന്‍ കണ്ടത് എന്നാണ് ഓര്മ. (ഫില്‍ട്ടര്‍ വച്ചു നോക്കിയപ്പോള്‍)
ടെലിസ്കോപ്പിലൂടെ കാണുമ്പോള്‍ ചിത്രം invert ചെയ്യപ്പെടാം.
Post a Comment