ഞെട്ടേണ്ട. ഇത്രയും പേര്‍ നേരിട്ട് അവിടെ എത്തില്ല എന്നേയുള്ളൂ. പക്ഷേ ഇത്രയും പേരുടെ പേരുകള്‍ എഴുതിയ രണ്ടു ചിപ്പുകള്‍ തിങ്കളാഴ്ച ചൊവ്വയിലെത്തും. 8ലക്ഷം പേരുകള്‍ എഴുതിയ ഒരു മൈക്രോചിപ്പും പിന്നെ 16ലക്ഷം പേരുകള്‍ എഴുതിയ മറ്റൊരു മൈക്രോചിപ്പും. വെറും എട്ട് ചതുരശ്രമില്ലിമീറ്റര്‍ മാത്രം വലിപ്പമുള്ള സിലോക്കോണ്‍ ചിപ്പില്‍ ഇലക്ട്രോണ്‍ബീം ഉപയോഗിച്ചാണ് ചെറിയ അക്ഷരത്തില്‍ പേരുകള്‍ എഴുതിയിരിക്കുന്നത്. ഒരു മുടിനാരിന്റെ പതിനായിരത്തിലൊന്നു വലിപ്പം മാത്രമാണ് അക്ഷരത്തിനുണ്ടാവുക.
നാസ വിക്ഷേപിച്ച ഇന്‍സൈറ്റ് എന്ന പേടകത്തിലേറിയാണ് ഇവ ചൊവ്വയില്‍ ഇറങ്ങുന്നത്. പക്ഷേ എന്റെ പേര് ചൊവ്വയിലെത്തിക്കുക എന്നതല്ല ഇന്‍സൈറ്റിന്റെ ലക്ഷ്യം. അത് Send Your Name to Mars എന്ന പബ്ലിസിറ്റി പരിപാടി മാത്രമാണ്. വലിയ വലിയ ലക്ഷ്യങ്ങളാണ് ഇന്‍സൈറ്റിനുള്ളത്. ചൊവ്വ തുരന്ന് പഠനം നടത്താന്‍ കഴിയുന്ന പരീക്ഷണശാലയാണ് ഇന്‍സൈറ്റ്. ഭൂമി, ചൊവ്വ, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ പരിണാമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ ഇന്‍സൈറ്റ് സഹായിക്കും എന്നാണു കരുതുന്നത്.
ഇന്‍സൈറ്റിനെക്കുറിച്ചും ഇന്‍സൈറ്റിന്റെ കൂട്ടുകാരെക്കുറിച്ചും ഒക്കെയുള്ള വിവരം അടുത്ത ദിവസം എഴുതാം.
ചിത്രം: പണ്ട് ചൊവ്വായാത്രയ്ക്ക് പേരു രജിസ്റ്റര്‍ ചെയ്തപ്പോള്‍ കിട്ടിയ സപ്രിക്കറ്റ്!
Comments
Post a Comment